|    Jul 28 Fri, 2017 2:33 pm
FLASH NEWS

സമാന്തര വിദ്യാര്‍ഥികളുടെ യാത്രാ പാസ് സംവിധാനം കടലാസിലൊതുങ്ങുന്നു

Published : 16th September 2016 | Posted By: SMR

പാലക്കാട്: അധ്യായനവര്‍ഷം ആരംഭിച്ച് ഓണപ്പരീക്ഷ കഴിഞ്ഞിട്ടും ജില്ലയിലെ സമാന്തര സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രാ ഇളവിനുള്ള കാര്‍ഡിനുള്ള നടപടികള്‍ വൈകുന്നു. വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വകുപ്പ് അധികൃതര്‍ നല്‍കേണ്ട കാര്‍ഡാണ് ഇനിയും ലഭിക്കാത്തത്.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ഓഫിസുകളില്‍ നിന്നാണ് കാര്‍ഡ് നല്‍കേണ്ടത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ എത്തുന്ന കാര്‍ഡുകള്‍ ജോയിന്റ് ആര്‍ടിഒ ഒപ്പിട്ട് സ്ഥാപനമേധാവികള്‍ കൂടി ഒപ്പിട്ടാണ് കുട്ടികള്‍ക്ക് കാര്‍ഡുകള്‍ നല്‍കുക. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയാവാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ആയിട്ടില്ല. ഇക്കാരണത്താല്‍ സ്വകാര്യ ബസ്സുകളില്‍ യാത്രായിളവ് ലഭിക്കുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് കാര്‍ഡ് കാട്ടിയിട്ടും ബസ് ജീവനക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. യാത്രാ ഇളവിനുള്ള കാര്‍ഡ് വിതരണത്തെക്കുറിച്ച് ജോയിന്റ് ആര്‍ടിഒ ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ ജില്ലാ ഓഫിസില്‍ അന്വേഷിക്കാനാണ് നിര്‍ദേശം. ജില്ലാ ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമായ മറുപടിയില്ലെന്നു വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ പറയുന്നു.
ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ജില്ലയില്‍ സമാന്തര സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. ബസ് ജീവനക്കാരുടെ അസഭ്യവര്‍ഷത്തിനും പരിഹാസത്തിനും മുന്നില്‍ തല—കുനിച്ചാണ് ഇവര്‍ വിദ്യതേടിയുള്ള ദുരിതയാത്ര തുടരുന്നത്. സായാഹ്നങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നിലും നഗരത്തിലെ പ്രധാന സ്റ്റോപ്പുകളിലും ബസ് ജീവനക്കാരുടെ കനിവുതേടിയുള്ള ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക