|    Apr 23 Mon, 2018 3:47 am
FLASH NEWS

സമാന്തര ലോട്ടറി തട്ടിപ്പ്; നാലംഗ സംഘം പിടിയില്‍

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലയില്‍ സംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് ഭീഷണിയായി വില്‍പ്പന നടത്തുന്ന മൂന്നക്ക നമ്പര്‍ എഴുത്ത് ലോട്ടറി സംഘം ഷാഡോ പോലിസിന്റെ പിടിയിലായി. മണക്കാട് സ്വാദേശി നവാസ്(47), പൂന്തുറ സ്വദേശി അബ്ദുല്‍ റഹ്്മാന്‍(59), അമ്പലത്തറ സ്വദേശി മാഹീന്‍(42), പഴവങ്ങാടി മഞ്ചു ലോട്ടറി ഏജന്‍സിയിലെ സ്റ്റാഫായ കുടപ്പനമൂട് സ്വദേശി ഹരീഷ്(31) എന്നിവരെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റു ചെയ്തത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. സംസഥാനത്തെ പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മറവിലാണ് സംഘം എഴുത്ത് ലോട്ടറി നടത്തിയിരുന്നത്. ഒരു എഴുത്തിന് പത്ത് രൂപ നിരക്കാണ് ഈടാക്കിയിരുന്നത്. നഗരത്തില്‍ എഴുത്ത് ലോട്ടറിക്ക് ഏജന്റുമാര്‍ പ്രത്യേകമുണ്ട്. ഇവരാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ഇവര്‍ മൊബൈല്‍ ഫോണ്‍ വഴിയോ ബുക്കുകളിലോ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന മൂന്നക്ക നമ്പര്‍ മെസേജ് ആയോ പേപ്പറില്‍ എഴുതിയോ സ്വീകരിക്കും. കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇവിടെയുള്ള ഏജന്റുമാര്‍ നമ്പരും അന്ന് ശേഖരിച്ച തുകയും മുഖ്യഏജന്റിന് മെയില്‍ ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വരുമ്പോള്‍ അതില്‍ ഒന്നാം സമ്മാനാര്‍ഹമായ നമ്പറിലെ അവസാനത്തെ മൂന്നക്ക നമ്പറാണ് ഈ സമാന്തര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 5000 രൂപ. അതിലെ രണ്ടാം സമ്മാനത്തിന്റെ അവസാന മൂന്ന് അക്കമാണ് അതിന്റെ രണ്ടാം സമ്മാനം 500 രൂപ. അതുപോലെ മൂന്നാം സമ്മാനം 200 രൂപ. അങ്ങിനെ പത്ത് രൂപ വരെ സമ്മാനം കേരള സംസ്ഥാന ലോട്ടറിയുടെ ഫലം നോക്കി ഇവര്‍ നല്‍കുന്നു. ഇങ്ങനെ ലക്ഷങ്ങളും കോടികളുമാണ് സംസ്ഥാനമൊട്ടാകെ സമാന്തര ലോട്ടറിയിലൂടെ ഇവര്‍ തട്ടുന്നത്. ഇതില്‍ യാതൊരു സമ്മാനവും ലഭിക്കാതെ ലക്ഷങ്ങള്‍ വരെ നഷ്ടം സംഭവിച്ചവരുമുണ്ട്. വരും ദിവസങ്ങളില്‍ ഈ സംഘത്തില്‍ ഉള്‍പെട്ടിട്ടുള്ള പലരേയും കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം അസി.കമ്മീഷണര്‍ സുരേഷ്‌കുമാര്‍ ഫോര്‍ട്ട് എസ്‌ഐ ഷാജിമോന്‍, എസ്‌ഐ വിജയകുമാര്‍, ഷാഡോ ടീം അംഗങ്ങള്‍ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss