|    Jan 18 Wed, 2017 1:40 pm
FLASH NEWS

സമാന്തരപാത അടച്ചു കെട്ടിയസംഭവം; പ്രതിഷേധം ശക്തമാവുന്നു

Published : 6th October 2016 | Posted By: Abbasali tf

പുതുക്കാട്: പാലിയേക്കരയില്‍ ടോള്‍ പ്ലാസക്ക് സമീപമുള്ള സമാന്തരപാത അടച്ചു കെട്ടിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അടച്ചുകെട്ടിയ സമാന്തരപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ മണലിയില്‍ മാര്‍ച്ച് നടത്തി. ആമ്പല്ലൂരില്‍ നിന്നും പാലിയേക്കരയില്‍ നിന്നും വന്ന മാര്‍ച്ച് അടച്ചു കെട്ടിയ സമാന്തരപാതയ്ക്ക് സമീപം പോലിസ് തടഞ്ഞു. പിന്നീട് ഡവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പുതുക്കാട് സിഐ പി എസ് സുധീരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മാര്‍ച്ച് തടഞ്ഞത്. അതേസമയം സര്‍ക്കാര്‍ ഒത്താശയോടെ പോലിസ് സംരക്ഷണയില്‍ ടോള്‍ കമ്പനി റോഡ് അടച്ചുകെട്ടിയതിനെതിരേ ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടതു യുവജന സംഘടനകള്‍ക്ക് സമരം നടത്താന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് പ്രദേശവാസികള്‍ ചോദിച്ചു. റോഡ് തടസ്സപ്പെടുത്തിയതിനെതിരേ ജില്ലാകലക്്ടര്‍ ഉത്തരവിറക്കിയിട്ടും ടോള്‍ കമ്പനിക്ക് റോഡ് വീണ്ടും അടച്ചുകെട്ടാന്‍ പോലിസ് സംരക്ഷണം നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഎപി സംസ്ഥാന കണ്‍വീനറുമായ സി ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. സമാന്തരപാത അടച്ചു കെട്ടാന്‍ ടോള്‍ കമ്പനിക്ക് അധികാരം നല്‍കിയ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്ന് സാഹിത്യകാരി സാറാ ജോസഫ് പറഞ്ഞു. അടച്ചു കെട്ടിയ സമാന്തരപാത സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സാറാ ടീച്ചര്‍. സമാന്തര റോഡ് അടച്ചത് ജനങ്ങളുടെ മുഖത്ത് അടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമായി പോയെന്നും സാറാ ടീച്ചര്‍ പറഞ്ഞു. സമാന്തരപാത അടച്ച ടോള്‍ കമ്പനിയുടെ നടപടി നിയമപരമായി നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ടോള്‍ ഒഴിവാക്കി നാലു ചക്രവാഹനങ്ങള്‍ കടന്നു പോയിരുന്ന റോഡില്‍ കമ്പനി പോലിസ് സഹായത്തോടെ റോഡ് അടച്ചു കെട്ടിയതു മൂലം ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നു പോകാന്‍ കഴിയുന്നത്. റോഡ് അടച്ചു കെട്ടിയതിനെതിരേ നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി. 2012ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഒന്നര മീറ്റര്‍ വീതിയില്‍ ഗതാഗതയോഗ്യമാക്കുവാനാണ് പറഞ്ഞിട്ടുള്ളത്. ഇതിനാല്‍ റോഡ് വീതി വര്‍ധിപ്പിക്കുവാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് കലക്ടര്‍. ഓട്ടോറിക്ഷ കടന്നു പോകാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് കലക്ടര്‍ പറഞ്ഞതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. റോഡ് വീതി കൂട്ടിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് ബൈജു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക