|    Apr 24 Tue, 2018 1:13 am
FLASH NEWS

സമാധാനാഹ്വാനത്തിനിടെ സംഘര്‍ഷം; ഭീതിയൊഴിയാതെ കണ്ണൂര്‍

Published : 6th January 2016 | Posted By: SMR

കണ്ണൂര്‍: ആര്‍എസ്എസ് ദേശീയ സര്‍സംഘ ചാലക് മോഹന്‍ ഭാഗവതും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നടത്തിയ സമാധാനാഹ്വാനത്തിനിടെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം വ്യാപിക്കുന്നത് ജനത്തെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചക്കരക്കല്ല്, കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍, മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് ബോംബേറും വീടാക്രമണവും വെട്ടിപ്പരിക്കേല്‍പ്പിക്കലും നടന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രികളില്‍ കഴിയുകയാണ്. നേതാക്കളുടെ സമാധാനാഹ്വാനം പ്രഖ്യാപനത്തിലൊതുങ്ങുമെന്ന സൂചനകളാണ് അക്രമങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. ചെമ്പിലോട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്റെ കാല്‍പാദം അറ്റുപോയതോടെയാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയത്. കേസിലെ പ്രതിയുടെ കടയില്‍ നിന്ന് കഴിഞ്ഞ ദിവസം പോലിസ് ആറ് വാളുകള്‍ കണ്ടെടുത്തതിനു പിന്നാലെ കടയ്ക്ക് സിപിഎം പ്രവര്‍ത്തകര്‍ തീയിടുകയും ചെയ്തു. തീയിട്ട സംഭവത്തില്‍ നാലു സിപിഎമ്മുകാര്‍ക്കെതിരേ ചക്കരക്കല്ല് പോലിസ് കേസെടുത്തു. വാളുകള്‍ കണ്ടെടുത്തതിനു ആയുധനിരോധന നിയമപ്രകാരമാണു കേസെടുത്തിട്ടുള്ളത്.
ഇന്നലെ രാത്രി വീണ്ടും കൂത്തുപറമ്പിനടുത്തുള്ള ചെറുവാഞ്ചേരിയിലും പെരളശ്ശേരിയിലും അക്രമമുണ്ടായി. ചെറുവാഞ്ചേരിയിലെ സിപിഎം ഓഫിസിനു നേരെ കഴിഞ്ഞ ദിവസം രാത്രി 11ഓടെ ആക്രമണമുണ്ടായത്. ഉദ്ഘാടനം നടന്ന് 11 മാസത്തിനിടെ 24ാം തവണയാണ് ഓഫിസ് ആക്രമിക്കപ്പെട്ടത്. ഉദ്ഘാടനത്തിന്റെ വരാന്തയിലെ ട്യൂബ് ലൈറ്റുകളും ഓഫിസിന്റെ നെയിംബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ മുന്‍ ജില്ലാ സെക്രട്ടറി എ അശോകന്റെ നാടാണ് ചെറുവാഞ്ചേരി. ഇവിടെ സിപിഎം-ബിജെപി സംഘര്‍ഷം പതിവായിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണവം പോലിസ് സ്ഥലത്തെത്തി. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസാണെന്നു സിപിഎം ആരോപിച്ചു.
പെരളശ്ശേരി മാവിലായി മൂന്നാംപാലത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നവജീവന്‍ സ്മാരക വായനശാലയ്ക്കു നേരെയും ഇന്നലെ പുലര്‍ച്ചെ ആക്രമണമുണ്ടായി. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഫ്രെയിമുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഇത് മൂന്നാംതവണയാണ് കെട്ടിടം ആക്രമിക്കപ്പെടുന്നത്.
വായനശാല ഡിസിസി ജനറല്‍ സെക്രട്ടറി എം കെ മോഹനന്‍ സന്ദര്‍ശിച്ചു. പള്ളിക്കുന്നില്‍ കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ജിബിന്‍ദാസ്, കുട്ടാപ്പി തുടങ്ങിയ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.
പള്ളിക്കുന്ന് കിസാന്‍ റോഡില്‍ വച്ച് വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ അക്ഷയ് എന്ന അപ്പു(21) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുന്നത്തുകാവ് ഉല്‍സവത്തിനിടെ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിന്റെ തുടര്‍ച്ചയായാണു ആക്രമണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss