|    Dec 14 Thu, 2017 5:57 am
FLASH NEWS
Home   >  Editpage  >  Editorial  >  

സമാധാനശ്രമങ്ങള്‍ തകര്‍ക്കാനുള്ള ഹീനശ്രമം

Published : 4th January 2016 | Posted By: SMR

പഞ്ചാബിലെ പത്താന്‍കോട്ടുള്ള നമ്മുടെ വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ഏഴു സൈനികര്‍ക്കും അക്രമിസംഘത്തിലെ ആറുപേര്‍ക്കും ജീവഹാനി നേരിട്ടുവെന്നാണ് റിപോര്‍ട്ട്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ശെ മുഹമ്മദ് എന്ന പേരിലറിയപ്പെടുന്ന സായുധസംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. പുതുവര്‍ഷാരംഭത്തില്‍ ഇന്ത്യയില്‍ ആക്രമണസാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്.
ഇന്ത്യാ-പാക് അതിര്‍ത്തികളില്‍ ഇടക്കാലത്ത് ഉരുണ്ടുകൂടിയ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുകയും പ്രധാനമന്ത്രിയുടെ പൊടുന്നനെയുള്ള പാക് സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വലിയ മഞ്ഞുരുക്കത്തിനു കാരണമാവുമെന്ന പ്രതീക്ഷകള്‍ ഉയര്‍ന്നുവരുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇത്തരമൊരു ആക്രമണം ഉണ്ടായത് സമാധാനം കാംക്ഷിക്കുന്ന ഇരുരാജ്യത്തെയും ജനങ്ങളെ മുഴുവന്‍ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സമാധാനത്തിന്റെ നേരിയ നാമ്പുകള്‍ പ്രത്യക്ഷമാവുന്ന ഘട്ടങ്ങളിലെല്ലാം അതിനു തുരങ്കംവയ്ക്കാന്‍ രംഗത്തുവരുന്ന ഇത്തരം സായുധസംഘങ്ങള്‍ ആരുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. പാകിസ്താനില്‍ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മതത്തിന്റെ പേരിലുള്ള സായുധസംഘങ്ങളെക്കുറിച്ച് ഒട്ടേറെ നിഗൂഢതകളുണ്ട്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ കെങ്കേമന്‍ പേരുകളുള്ള സംഘങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നുപോലും മുസ്‌ലിംകളെയോ ഇസ്‌ലാമിനെയോ സഹായിക്കുന്നതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പാകിസ്താനി സൈന്യത്തിന്റെ സ്വകാര്യ അജണ്ട നടപ്പാക്കുന്ന അക്രമിസംഘങ്ങളാണ് അവ. പ്രധാനമന്ത്രി മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ സ്ഥാപിച്ച സൗഹൃദത്തില്‍ അസ്വസ്ഥരാണ് പാക് സൈന്യത്തില്‍ ഒരു വിഭാഗം.
ശിയാക്കളെ കൊന്നാല്‍ ഉടലോടെ സ്വര്‍ഗത്തില്‍ പോവുമെന്ന് കരുതുന്നവര്‍ വരെ ഇത്തരം സംഘങ്ങളിലുണ്ട്. അവരാണ് നമസ്‌കാരം നടന്നുകൊണ്ടിരിക്കുന്ന ശിയാ പള്ളികളില്‍ യന്ത്രത്തോക്കുമായി ചെന്ന് ഇടയ്ക്കിടെ ‘സ്വര്‍ഗസ്ഥരാ’വുന്നത്. ഇസ്‌ലാമിനെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഒരുചുക്കുമറിയാത്ത വങ്കശിരോമണികളായ കുറേ പുരോഹിതന്‍മാര്‍ കരുതുന്നതുപോലെ സ്വര്‍ഗം ഇത്തരക്കാരുടെ താവളമാവാന്‍ ഒരു സാധ്യതയുമില്ല. കാരണം, മനുഷ്യമഹത്വത്തിന്റെ ഉച്ചിയില്‍നിന്നാണ് പ്രവാചകന്‍ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുതന്നത്.
ഇന്ത്യയും പാകിസ്താനും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഒരു പുതുചരിത്രത്തിലേക്ക് സഞ്ചരിച്ചെത്തുന്ന നല്ലകാലത്തെയാണ് ഇന്ത്യയിലെ ജനങ്ങള്‍ കാത്തിരിക്കുന്നത്. അതിന് കണ്ഠകോടാലിയുമായി വരുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ നാമം ‘പിശാചിന്റെ സൈന്യം’ എന്നായിരിക്കും. അവരെ കൈകാര്യം ചെയ്യുന്നതില്‍ നാം ഒരമാന്തവും കാണിച്ചുകൂടാ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക