|    Apr 21 Sat, 2018 11:38 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സമാധാനത്തിന് യുഎസ് വക 23144 ബോംബുകള്‍

Published : 20th January 2016 | Posted By: SMR

എന്‍ പി ആസിഫ്

ഒന്നരവര്‍ഷം മുമ്പ് അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ കണക്കുപ്രകാരം ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരുടെ എണ്ണം 20000നും 31000നും ഇടയിലാണ്. പരിവാരങ്ങള്‍ക്കൊപ്പം സിറിയയിലും ഇറാഖിലും നടത്തിയ ആക്രമണത്തില്‍ 25,000 ഇസ്‌ലാമിക് സ്റ്റേറ്റുകാരെ കൊലപ്പെടുത്തിയെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ സ്റ്റീവ് വാറന്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്. 17 മാസത്തിനിടെ ഇത്രയും ഭീകരരെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തുന്നതിനിടയ്ക്ക് ആറ് സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായി! അതോടൊപ്പം വാറന്‍ ഒരുകാര്യം കൂടി കൂട്ടിച്ചേര്‍ത്തു: ”ഐഎസില്‍ 30,000 സായുധ പോരാളികളുണ്ട്.” അതായത് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുടെ കണക്കുപ്രകാരം 31000-25000= 30000. ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടലുണ്ടാക്കുന്നതുമായ കെട്ടുകഥകളുടെ ബലത്തില്‍ ഇറാഖിലെ സദ്ദാം ഭരണകൂടത്തെ തകര്‍ത്തെറിയുകയും സിറിയയിലെ ബശ്ശാര്‍ സര്‍ക്കാരിനെ വരുതിയിലാക്കുകയും ചെയ്ത കണക്കുകള്‍ പാശ്ചാത്യ അനുകൂലികളായ മാധ്യമങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നുവെന്നതാണ് ഏറെ ആശങ്കാജനകം.
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭീകരവിരുദ്ധ വിദേശനയങ്ങളുടെ ഭാഗമായുള്ള ബോംബിങ് കഴിഞ്ഞ വര്‍ഷം കാര്യമായും ആറ് രാജ്യങ്ങളിലായിരുന്നു. ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, യമന്‍, സോമാലിയ. ‘ഭീകര’വിരുദ്ധ കൂട്ടക്കൊലയായതുകൊണ്ടുതന്നെ ആറ് രാജ്യങ്ങളും മുസ്‌ലിം ഭൂരിപക്ഷമായത് സ്വാഭാവികം! 23,144 ബോംബുകളാണ് ഇത്രയും രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം വര്‍ഷിച്ചത്. ഇതില്‍ 22110ഉം ഇറാഖിലും സിറിയയിലുമാണ്. സൈനിക നടപടി അവസാനിപ്പിച്ചെന്ന് വിളംബരം ചെയ്ത അഫ്ഗാനില്‍ 947 ബോംബിട്ടെന്ന് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് മനുഷ്യാവകാശസംഘടനകള്‍ ആവര്‍ത്തിക്കുമ്പോഴും അതെല്ലാം അവഗണിച്ച് കൊലവിളി നടത്തുകയാണ് യുഎസ് സൈനിക മേധാവികള്‍. ‘ഭീകരരെ’ ഇല്ലാതാക്കാന്‍ വ്യോമാക്രമണം മാത്രമാണോ പോംവഴി? ആക്രമണം നടത്തി കൂട്ടക്കൊല ആവര്‍ത്തിക്കപ്പെടുമ്പോള്‍ കൂടുതല്‍ പേര്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വഴി തിരഞ്ഞെടുക്കില്ലേ? യഥാര്‍ഥത്തില്‍ അത് അമേരിക്കയ്ക്കും സഖ്യരാഷ്ട്രങ്ങള്‍ക്കും തിരിച്ചടിയാവുകയല്ലേ? ഇത്യാദി ഒരുപിടി ചോദ്യങ്ങള്‍ക്ക് വിദേശകാര്യ വക്താവ് മരിയ ഹാര്‍ഫിനും വ്യോമസേനാ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ജോണ്‍ ഹെസ്റ്റര്‍മാനും കേണല്‍ സ്റ്റീവ് വാറനും ഒരൊറ്റ മറുപടിയേ ഉള്ളൂ: ”ഭീകരതയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് തങ്ങളുടെ വിഷയമല്ല. ‘ഭീകരര്‍’ ലോകത്തിന്റെ ഏതു ഭാഗത്തായാലും തങ്ങള്‍ കൊലപ്പെടുത്തും.”
കൊലവിളിയും ബോംബാക്രമണവും തുടരുമ്പോഴും അഫ്ഗാനില്‍ താലിബാന്റെ മുമ്പില്‍ അമേരിക്കയ്ക്ക് അടിപതറുന്നുവെന്നാണ് വാര്‍ത്തകള്‍. അഫ്ഗാന്‍ മുജാഹിദുകളുടെ പോരാട്ടവീര്യത്തിന് മുമ്പില്‍ സോവിയറ്റ് സൈന്യം അമ്പരന്ന് പിന്‍മാറിയപോലെ അമേരിക്കന്‍ സൈന്യവും പരാജയം നുണയുകയാണിപ്പോള്‍. 2001നു ശേഷം താലിബാന്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയ വര്‍ഷം 2015 ആണെന്നാണ് ഫോറിന്‍ പോളിസി മാഗസിന്റെ പഠനം. അഫ്ഗാന്‍ സൈന്യത്തെ കാബൂളിനകത്താക്കി വളഞ്ഞിരിക്കുകയാണ് താലിബാന്‍ പോരാളികള്‍.
സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിന് വഴിമാറിയ സിറിയയില്‍ വിദേശ ഇടപെടല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ആഭ്യന്തരയുദ്ധം അഞ്ചുവര്‍ഷത്തോടടുക്കുമ്പോള്‍ സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടരലക്ഷമായെന്നാണ് യുഎന്നിന്റെ പുതിയ കണക്ക്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശേഖരിച്ച ഈ കണക്ക് യഥാര്‍ഥ സംഖ്യക്കടുത്തുവരില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 ലക്ഷം പേര്‍ തുര്‍ക്കി, ജോര്‍ദാന്‍, ലിബിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളാണ്. 75 ലക്ഷം സിറിയക്കാര്‍ രാജ്യത്തിനകത്തു തന്നെ വീട് നഷ്ടമായി അലഞ്ഞുതിരിയുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ സിറിയയുടെ മൊത്തം ജനസംഖ്യയുടെ പകുതി ഇന്ന് അഭയാര്‍ഥികളാണ്. ബശ്ശാര്‍ ഭരണകൂടത്തിലോ അറബ് ലോകത്തോ മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ല ഇന്ന് സിറിയ.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും, ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവര്‍, അഭയാര്‍ഥികള്‍, സൈന്യവും പ്രതിപക്ഷവും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ തുടങ്ങി നിരവധി കടലാസ് തുണ്ടുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന യുഎന്നിന് പക്ഷേ, ഇന്നുവരെ പ്രശ്‌നത്തില്‍ കാര്യക്ഷമമായി ഇടപെടാനോ അമേരിക്കയും ഇസ്രായേലുമടക്കമുള്ള ശക്തികളുടെ രാഷ്ട്രീയ-മത അജണ്ടകള്‍ മറികടക്കാനോ സാധിച്ചിട്ടില്ല.
എന്നാല്‍, ഇറാഖിലെ സ്ഥിതിഗതികള്‍ മറിച്ചാണ്. മാനവരാശിയെ രക്ഷിക്കാനെന്ന പേരില്‍ നാല് അമേരിക്കന്‍ പ്രസിഡന്റുമാരാണ് ഇറാഖില്‍ ബോംബ് വര്‍ഷം നടത്തിയത്. പരിമിതമായ സമയത്തിനകം ആക്രമണം അവസാനിപ്പിക്കുമെന്ന ആദ്യ വാഗ്ദാനങ്ങള്‍ പിന്നീട് അവഗണിക്കപ്പെട്ടപ്പോള്‍ മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റ പറഞ്ഞതാണ് സത്യം. ഇറാഖിലും സിറിയയിലും യുഎസ് നടത്തുന്ന ആക്രമണം 30 വര്‍ഷം നീളുമെന്ന് 2014 ഒക്ടോബറിലാണ് പെനേറ്റ പറഞ്ഞത്. ഇസ്‌ലാമിക് സ്റ്റേറ്റിനെ ഒതുക്കിയാല്‍ മാത്രം ആക്രമണം നിര്‍ത്തില്ലെന്നും നൈജീരിയ, സോമാലിയ, യമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ നീക്കങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും പെനേറ്റ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss