|    Aug 20 Mon, 2018 4:24 pm
FLASH NEWS
Home   >  News now   >  

സമാധാനത്തിന്റെ നാളുകള്‍ അവസാനിച്ചുകൊണ്ടിരിക്കുന്നു : എ സഈദ്

Published : 21st June 2017 | Posted By: G.A.G

സമാധാനത്തിന്റെ നാളുകള്‍ അവസാനിച്ചുകൊണ്ടിരിക്കുന്നുവെന്നും ഏറ്റുമുട്ടലിന്റെ ഭാഷയിലാണ് ലോകം ഇന്നു സംസാരിക്കുന്നതെന്നും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എ.സഈദ് അഭിപ്രായപ്പെട്ടു. ഭീകരതയുടെ മുന്നില്‍ മനുഷ്യന്‍ അവലംബിക്കുന്ന മൗനം വലിയൊരു ശൂന്യതയുടെ അടയാളമാണ് കാണിക്കുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാപകദിനത്തോടനുബന്ധിച്ച്്് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സ്ഥാപകദിനസന്ദേശം :

സമാധാനത്തിന്റെ നാളുകള്‍ അവസാനിച്ചുകൊണ്ടിരിക്കുന്നു. ഏറ്റുമുട്ടലിന്റെ ഭാഷയിലാണ് ലോകം ഇന്നു സംസാരിക്കുന്നത്. സാമ്രാജ്യത്വം അതിന്റെ സ്വഭാവത്തില്‍ അണുവിടപോലും മാറ്റത്തിനു തയ്യാറായിട്ടില്ല. യജമാനന്മാരും  ശിങ്കിടികളുമടങ്ങുന്ന സംഘം നാണംകെട്ട രീതിയില്‍ പേക്കൂത്തിനൊരുങ്ങുമ്പോള്‍  മനുഷ്യത്വത്തിന്റെ ഭാഗം ചേര്‍ന്നുനിന്ന് അതിനെതിരെ ഒരുവാക്കു പറയാന്‍ പോലും ആളില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. ഭീകരതയുടെ മുന്നില്‍ മനുഷ്യന്‍ അവലംബിക്കുന്ന മൗനം വലിയൊരു ശൂന്യതയുടെ അടയാളമാണ് കാണിക്കുന്നത്.
യുദ്ധപ്രഭുക്കളുടെ കാര്യസ്ഥത ഏറ്റെടുക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആരോഗ്യകരമായ സന്ദേശമല്ല   നമ്മുടെ രാജ്യവും നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നും ലോകസമാധാനത്തിന്റെയും രാഷ്്ട്രനീതിയുടെയും   പക്ഷം നിന്നിരുന്ന ഇന്ത്യയുടെ സ്വരം മാറിയിരിക്കുന്നു. ലോകത്തു മുഴുവനും തങ്ങള്‍ക്കനുകൂലമായ നവ   ഫാഷിസ്റ്റു ഭരണകൂടങ്ങളെ സ്ഥാപിക്കുന്നതിനു സാമ്രാജ്യത്തമുതലാളിത്ത ശക്തികള്‍ രൂപംകൊടുത്തു നടപ്പിലാക്കിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ വിജയം കണ്ട രാജ്യമായി മാറി നമ്മുടെ ഇന്ത്യ.
അഭ്യന്തര രംഗത്തു വൃത്തികെട്ട പ്രവണതകള്‍ തലപൊക്കിയിരിക്കുന്നു. നിയമവാഴ്ചയെ പരിഹസിച്ചുകൊണ്ട് ഒരുതരം ആധ്യാത്മികഗുണ്ടകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. അവര്‍ക്കു നിയമത്തിന്റെ പിന്‍ബലവും പിന്തുണയും നല്‍കാനുള്ള വ്യഗ്രതയിലാണ് ഭരണകൂടം. ഒരു ജനാധിപത്യ രാജ്യത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. നിയമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തി വിധിപറയുന്ന കോടതികള്‍ രാജ്യത്തിന്റെ മുഖവൈകൃതം പൂര്‍ണമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സാന്നിധ്യം കാണിക്കാന്‍ പോലും കഴിയാത്തവിധം നിര്‍ഗുണ നിസ്വാന്‍മാരായി മാറിയിരിക്കുന്നു രാജ്യത്തെ രാഷ്്ട്രീയപാര്‍ട്ടികള്‍.
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായി വര്‍ത്തിക്കാന്‍ ശേഷിയുള്ള വിഭവങ്ങള്‍ ഇന്ത്യയിലുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ചില മുന്‍വിധികളിലകപ്പെട്ടു പിന്‍വാങ്ങി നില്‍ക്കുന്ന അവരെ കര്‍മ്മമേഖലയിലെത്തിക്കുകയാണ് ഇന്നത്തെ ആവശ്യം. പൊലിമയും പ്രശസ്തിയും, ചെങ്കോലും കിരീടവും കയ്യിലില്ലാതെ തന്നെ ഈ ദൗത്യം നിര്‍വഹിക്കാന്‍ കഴിയേണ്ടതുണ്ട്. മനസ്സും ശരീരവും നല്‍കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നൂറുവര്‍ഷങ്ങളോളമെടുത്തു പടുത്തുയര്‍ത്തിയ വര്‍ഗ്ഗീയതയുടെ കോട്ടയെ തകര്‍ക്കാന്‍ നമുക്കു നിഷ്പ്രയാസം കഴിയും.
എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകര്‍ അതിനു കര്‍മ്മനിരതരാവണമെന്നാണ് ഈ സ്ഥാപകദിനത്തില്‍ എനിക്കു പറയാനുള്ളത്.

എ.സഈദ്
ദേശീയ പ്രസിഡന്റ്
സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss