|    Feb 23 Fri, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സമാജ്‌വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്‌വിട്ടു

Published : 21st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കവെ ചര്‍ച്ചകളെ അപ്രസക്തമാക്കി സമാജ്‌വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു. ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള 191 സ്ഥാനാര്‍ഥികളുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ഇതില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളുമുണ്ട്. മഥുര, ബിസാസ്പൂര്‍, കിദ്വായ് നഗര്‍, ഖൂര്‍ജ, സയ്‌ന, കപൂര്‍, സ്വാര്‍, ശാമില്‍ തുടങ്ങിയ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് എംഎല്‍എമാരുള്ള സീറ്റുകളിലേക്കാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലേഷിന്റെ എതിര്‍പക്ഷത്തുള്ള അമ്മാവന്‍ ശിവ്പാല്‍ യാദവും അഖിലേഷിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ജസ്വന്ത് നഗറില്‍ നിന്നാണ് ശിവ്പാല്‍ യാദവ് മല്‍സരിക്കുക. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ മറുപടി കാക്കുകയാണെന്ന് അഖിലേഷ് വ്യക്തമാക്കി.കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂരിന്റെ മണ്ഡലമാണ് മഥുര. സമാജ്‌വാദി പാര്‍ട്ടി അവിടെ അശോക് അഗര്‍വാളിനെയാണ് നിര്‍ത്തിയിരിക്കുന്നത്. ബിലാസ്പൂരില്‍ നിന്നുള്ള എംഎല്‍എ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി സജ്ഞയ് കപൂറാണ്. ഇവിടെ ബീന ഭരദ്വാജാണ് സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലിസ്റ്റ് പുറത്തുവിട്ടത്. ശാമില്‍, സയന, ഖൂര്‍ജ, കിദ്വായ് നഗര്‍ എന്നിവിടങ്ങളില്‍ യഥാക്രമം കോണ്‍ഗ്രസ് നേതാക്കളായ പങ്കജ് മല്ലിക്, ദില്‍നാവാജ് ഖാന്‍, ബന്‍സിദാര്‍ പഹാഡിയ, അജയ്കുമാര്‍ എന്നിവരാണ് സിറ്റിങ് എംഎല്‍എമാര്‍. ഹാപ്പൂരില്‍ ഗജ്‌രാജ് സിങ്, സ്വാറില്‍ നവാബ് കജിം അലിയും കോണ്‍ഗ്രസ് എംഎല്‍എമാരാണ്. കോണ്‍ഗ്രസ്സിന് സിറ്റിങ് എംഎല്‍എയുള്ള മുസ്്‌ലിം ഭൂരിപക്ഷ മണ്ഡലമായ ദയൂബന്ദില്‍ മാവിയ അലിയാണ് സമാജ്‌വാദി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും അഖിലേഷ് ലിസ്റ്റ് പുറത്തുവിടുകയെന്നാണ് കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി രണ്ടാംസ്ഥാനം നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ പറഞ്ഞു. സഖ്യം പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസ്സിന് നല്‍കിയ സീറ്റുകളില്‍ നിന്ന് തങ്ങള്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 85 സീറ്റുകള്‍വരെ കോണ്‍ഗ്രസ്സിന് നല്‍കാന്‍ തയ്യാറാണ്. അതില്‍ 54 സീറ്റുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്നാംസ്ഥാനത്തോ രണ്ടാംസ്ഥാനത്തോ ഉള്ളവയായിരിക്കും- നന്ദ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss