|    Jan 20 Fri, 2017 11:58 pm
FLASH NEWS

സമരമല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു: ഉമ്മന്‍ചാണ്ടി

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകവിതരണം വൈകിയതിന് സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നിട്ട് ആഗസ്ത് മാസം കഴിയാറായിട്ടുപോലും കുട്ടികള്‍ക്ക് പാഠപുസ്തകം കിട്ടിയിട്ടില്ല. നിയമനനിരോധനം ആരോപിച്ച് സമരം നടത്തിയ ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് പഠനക്യാംപ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാത്തിനെയും എതിര്‍ക്കുകയും ഏതിലും അഴിമതി ആരോപിക്കുകയും മാത്രമാണ് എല്‍ഡിഎഫ് ചെയ്തത്. ആ സമരങ്ങളെല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. പാഠപുസ്തകത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ തയ്യാറാവണം. മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന്റേത് നിരുത്തരവാദ നിലപാടാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതെസമയം ഓണപ്പരീക്ഷ പടിവാതില്‍ക്കലെത്തിയിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാവാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. 1,88,000 പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി.
കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ഇത് കൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തകങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികളെ പഠിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ഇത് നല്ലതാണ്. എന്നാല്‍, കുട്ടികള്‍ക്ക് പഠിക്കേണ്ട പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ബാധ്യതയാണ് സര്‍ക്കാര്‍ ആദ്യം നിര്‍വഹിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക