|    Jun 20 Wed, 2018 5:47 am

സമരക്കാര്‍ നഗരസഭ ഓഫിസിലേക്ക് കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു

Published : 17th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഒമ്പത് വര്‍ഷം മുന്‍പ് വൃത്തിഹീനമായ സാഹചര്യം കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടച്ചു പൂട്ടിയ മട്ടാഞ്ചേരി മരകടവ് അറവുശാല നവീകരിച്ചു തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറച്ചിവെട്ട് തൊഴിലാളികള്‍ ഫോ ര്‍ട്ടുകൊച്ചി നഗരസഭ സോണല്‍ ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഫോര്‍ട്ടുകൊച്ചി കുന്നുംപുറത്തു നിന്നുമാരംഭിച്ച പ്രകടനത്തില്‍ പശ്ചിമകൊച്ചി മേഖലയിലെ നൂറുകണക്കിന് ഇറച്ചിവെട്ട് തൊഴിലാളികള്‍ പങ്കെടുത്തു. കഴിഞ്ഞ 28 ദിവസങ്ങളായി നഗരസഭ സോണല്‍ ഓഫിസിനു മുന്‍പില്‍ തൊഴിലാളകള്‍ റിലേ നിരാഹാരസമരം നടത്തിയിട്ടും നഗരസഭ അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കുവാന്‍ പട്ടാപകല്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ജില്ലാ കലക്ടര്‍ പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറിക്ക് കത്തയച്ചിട്ടും ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. പ്രകടനക്കാര്‍ കത്തിച്ച പന്തങ്ങളുമായി നഗരസഭ കാര്യാലയത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞു. ഇതോടെ പൊലിസും സമരക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. മുതിര്‍ന്ന തൊഴിലാളികള്‍ ഇടപെട്ടാണ് സമരക്കാരെ അനുനയിപ്പിച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ നിരാഹാര സമര വേദി നഗരസഭ ഓഫിസിനു മുന്‍പിലേക്ക് മാറ്റിയെങ്കിലും പിന്നീട് പൊലിസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സമരക്കാര്‍ കട്ടിലുകള്‍ തിരികെ മാറ്റുകയായിരുന്നു. തുടര്‍ന്ന് നടന്ന ധര്‍ണാ സമരത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എ കെ ഫസലു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സീനത്ത് റഷീദ്, ജനകീയ സമിതി കണ്‍വീനര്‍ എ ജലാല്‍, ജെ എ റഹീം, പി എം സിദ്ധീഖ്, സി ബി അലി, ഷൗക്കത്ത് കൊച്ചുപറമ്പ്  സംസാരിച്ചു. സമരം കൊച്ചി കാണാനെത്തിയ വിദേശികള്‍ക്ക് കൗതുകമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss