|    Jan 17 Tue, 2017 12:47 am
FLASH NEWS

സമരക്കാര്‍ കൈയൊഴിഞ്ഞു; ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഒറ്റപ്പെട്ട് ഭൂരഹിതര്‍

Published : 27th July 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കുന്നതിലുള്ള കാലതാമസം, പ്രദേശത്ത് കുടില്‍ക്കെട്ടി താമസമാക്കിയവരെ വലയ്ക്കുന്നു. വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന്റെ ഭാഗമായി സിപിഎം മുന്‍കൈയ്യെടുത്ത് ഇവിടെ താമസിപ്പിച്ച ഭൂരഹിതരാണ് അടിസ്ഥാനസൗകര്യം പോലുമില്ലാത്ത തരിശുഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുന്നത്.
സമരം അവസാനിപ്പിച്ച് രാഷ്ട്രീയക്കാര്‍ സ്ഥലം വിട്ടതോടെ തിരിഞ്ഞുനോക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയായതോടെ സമരഭൂമി വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഇവിടെയുള്ള അമ്പതോളം കുടുംബങ്ങള്‍. സമരം സജീവമായിരുന്ന കാലത്ത് ഇവിടേക്ക് വിവിധ പ്രദേശഹങ്ങളില്‍ നിന്നുള്ളവര്‍ എല്ലാ ദിവസവും എത്തുകയും കുടിലിലെ താമസക്കാര്‍ക്ക് ആഹാരസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ എത്തിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒറ്റപ്പെട്ട തുരുത്തില്‍പ്പെട്ട അവസ്ഥയാണെന്ന് താമസക്കാര്‍ പറയുന്നു. പകല്‍ സമയത്ത് പുരുഷന്മാര്‍ ജോലിക്കുപോവുന്നതിനാല്‍ സ്ത്രീകള്‍ മാത്രമാണ് കുടിലുകളില്‍ ഉണ്ടാവുക. ചുറ്റും വെള്ളമാണെങ്കിലും ഒരു തുള്ളിവെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ. കുടിവെള്ളം തലച്ചുമടായി പുറത്തുനിന്നും കൊണ്ടുവരണം. രാത്രിയായാല്‍ പ്രദേശം പൂര്‍ണമായി ഇരുട്ടില്‍ അകപ്പെടും. മണ്ണെണ്ണ വിളക്ക് മാത്രമാണ് വെളിച്ചത്തിനുള്ള ഏക ആശ്രയം. മഴ പെയ്താല്‍ കുടിലിനകം ചോര്‍ന്നൊലിക്കും. പലപ്പോഴും നേരം പുലരുന്നതുവരെ ഉണര്‍ന്നിരിക്കേണ്ടിവരും. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. എന്നാല്‍ ഇത്തരം ദുരിതങ്ങള്‍ ആരോട് പറയണമെന്നു പോലും അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇവര്‍.
വിമാനത്താവള പദ്ധതിക്കായി മണ്ണിട്ട് നികത്തിയ സ്ഥലത്ത് സിപിഎമ്മാണ് കുടില്‍ക്കെട്ടി ഭൂരഹിതരായവരെ താമസിപ്പിച്ചത്. നിലംനികത്തി വ്യവസായ മേഖലയായി പ്രഖ്യാപിച്ച സ്ഥലം ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കെജിഎസ് കമ്പനിയുടെ വിമാനത്താവള പദ്ധതിക്കെതിരേ ആറന്മുള ഐക്കര ജങ്ഷനില്‍ പൈതൃക ഗ്രാമകര്‍മ സമിതിയുടെ നേതൃത്വത്തില്‍ ബിജെപി, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തില്‍ സമരം നടന്നപ്പോള്‍, പദ്ധതി പ്രദേശത്ത് കുടില്‍ക്കെട്ടി സമരവുമായി ഭൂരഹിതരും പങ്കാളികളായി. എന്നാല്‍ പദ്ധതിക്കെതിരായ ഹരിത ട്രൈബ്യൂണല്‍ വിധിയോടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമരം അവസാനിച്ചെങ്കിലും പദ്ധതിപ്രദേശത്തെ ഭൂരഹിതരുടെ കുടില്‍ക്കെട്ടി സമരം ഇപ്പോഴും തുടരുകയാണ്.
പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത് കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു. ഇതിനു പുറമേ പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിമാനത്താവള പദ്ധതിക്ക് പുറമേ വ്യവസായ മേഖലയായി പ്രഖ്യാപിച്ച അധിക ഭൂമി പുനര്‍വിജ്ഞാപനം ചെയ്ത് സാധാരണനിലയിലാക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതിനു നടപടി ഉണ്ടായില്ല.
പുതിയ പാരിസ്ഥിതിക ആഘാത പഠനം നടത്തിയ റിപോര്‍ട്ടുമായി കെജിഎസ് കമ്പനി വീണ്ടും അനുമതി തേടി കേന്ദ്രത്തെ സമീപിച്ചതോടെ പ്രദേശത്ത് കുടില്‍ക്കെട്ടി സമരം നടത്തുന്നവര്‍ ആശങ്കയിലാണ്. തങ്ങളെ ഇവിടെ എത്തിച്ച സിപിഎമ്മുകാര്‍ ഉള്‍പ്പടെയുള്ളവര്‍ കൈയൊഴിഞ്ഞതായി സമരക്കാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 117 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക