|    Nov 18 Sat, 2017 5:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സമയത്തെ ഓടിതോല്‍പിച്ച കാലുകള്‍ തളര്‍ന്നപ്പോള്‍…

Published : 7th August 2017 | Posted By: fsq

 

ലണ്ടന്‍: സ്വര്‍ണം കഴുത്തിലണിഞ്ഞ് അമ്പെയ്യുന്ന ആക്ഷനുമായി ഉസൈന്‍ ബോള്‍ട്ട് ലണ്ടനില്‍ ഉദിച്ചുയരുന്ന കാഴ്ച കാത്തിരുന്നവര്‍ക്ക് നിരാശ ജനിപ്പിക്കുന്നതായിരുന്നു 100 മീറ്ററിന്റെ ഫലം. പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഫൈനലില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിനെ പിന്നിലാക്കി സ്വര്‍ണം  സ്വന്തമാക്കി. ട്രാക്കില്‍ വിസ്മയം തീര്‍ത്ത് മാത്രം ശീലമുള്ള ബോള്‍ട്ടിന്റെ കാലുകള്‍ക്ക് തന്റെ വിടവാങ്ങല്‍ മല്‍സരത്തില്‍ കാലിടറിയപ്പോള്‍ ലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന സ്വര്‍ണം ഗാറ്റ്‌ലിനൊപ്പം നിന്നു. തുടക്കം മോശമായ ബോള്‍ട്ടിന് മല്‍സരം പൂര്‍ത്തിയായപ്പോള്‍ നേടാനായത് മൂന്നാം സ്ഥാനം മാത്രം. തകര്‍ന്ന മനസ്സുമായി ട്രാക്കില്‍ നിന്ന ബോള്‍ട്ടിന്റെ മുഖത്ത് നിഴലിച്ച നിരാശ ഗാലറിയിലേക്കും കത്തിപ്പടര്‍ന്നെങ്കിലും സ്വര്‍ണം അണിഞ്ഞ ഗാറ്റ്‌ലിന്‍ ബോള്‍ട്ടിന്റെ മുന്നില്‍ ശിരസ് കുനിച്ചപ്പോള്‍ ഗാലറിയില്‍ ആരവം ഉയര്‍ന്നു. 200 മീറ്ററില്‍ ബോള്‍ട്ട് മല്‍സരിക്കുന്നില്ല.  ഇനി ബോള്‍ട്ടിന്റെ അവശേഷിക്കുന്ന മല്‍സരം റിലേ മാത്രമാണ്.

സുഹൃത്തിന്റെ മരണം തളര്‍ത്തി

ലണ്ടനില്‍ പോരാട്ടത്തിനിറങ്ങും മുമ്പ് തന്നെ ഉസൈന്‍ ബോള്‍ട്ട് ഫോമിലല്ലെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഫൈനലില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത് വരെ അത്തരം വാര്‍ത്തകള്‍ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. പക്ഷേ 100 മീറ്റര്‍ ഫൈനലിന് ശേഷം ആരാധകര്‍ക്കറിയേണ്ടത് ബോള്‍ട്ടിന് പിഴച്ചതെവിടെയെന്നായിരുന്നു. അടുത്ത സുഹൃത്തായ ജെറാമിന്‍ മാസോണിന്റെ മരണം താരത്തെ വല്ലാതെ അലട്ടിയിരുന്നെന്നും അതാണ് ബോള്‍ട്ടിന്റെ മോശം പ്രകടനത്തിന് വഴിവച്ചതെന്നുമാണ് കായിക ലോകം പൊതുവെ വിലയിരുത്തുന്നത്.

ഗാറ്റ്‌ലിനെ കൂവി വരവേറ്റ് കാണികള്‍

ബോള്‍ട്ടിനെ തകര്‍ത്ത് 100 മീറ്ററില്‍ സ്വര്‍ണം നേടിയ  അമേരിക്കയുടെ ജെസ്റ്റിന്‍ ഗാറ്റ്‌ലിനെ കാണികള്‍ വരവേറ്റത് കൂവി വിളിച്ച്. ഉത്തേജക മരുന്ന് വിവാദത്തിന്റെ പേരില്‍ 2006മുതല്‍ നാല് വര്‍ഷം വിലക്ക് നേരിട്ട ഗാറ്റ്‌ലിന്‍ ട്രാക്കിലേക്കിറങ്ങിയപ്പോള്‍ ആരാധകര്‍ കൂവിയതും ഇക്കാരണത്താല്‍ തന്നെയാവണം. തനിക്ക് ലഭിച്ചത് കൈയടികളേക്കാളും കൂവലായിരുന്നുവെന്നും കാണികളുടെ പ്രതികരണത്തില്‍ നിരാശയുണ്ടെന്നും ഗാറ്റ്‌ലിന്‍ മല്‍സര ശേഷം പ്രതികരിച്ചു. തന്റെ തിരിച്ചുവരവായി കാണികള്‍ ലണ്ടന്‍ പ്രകടനത്തെ കാണാത്തതില്‍ നിരാശയുണ്ടെന്നും പുതിയ വേഗതാരം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക