|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

‘സമനില’ തെറ്റി അര്‍ജന്റീന

Published : 7th September 2017 | Posted By: fsq

 

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കയില്‍ നിന്ന് കാല്‍പന്തിന്റെ നെറുകയില്‍ പേര് കുറിച്ച വമ്പന്‍മാര്‍ക്ക് നിലതെറ്റുന്നു. സൂപ്പര്‍ താരങ്ങള്‍ അണിനിരന്നിട്ടും ജോര്‍ജ് സാംപോളി എന്ന മികച്ച പരിശീലകന്‍ ഉണ്ടായിട്ടും അര്‍ജന്റീനയുടെ ശാപം മാറുന്നില്ല. 2018 ലോകകപ്പിനുള്ള യോഗ്യതയിലേക്ക് അടുക്കാനുള്ള മികച്ച അവസരം അര്‍ജന്റീന കളഞ്ഞു കുളിച്ചു. വെനിസ്വേലക്കെതിരായ മല്‍സരത്തില്‍ 1-1ന് സമനില വഴങ്ങിയതാണ് അര്‍ജന്റീനയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചത്. ജയത്തോടെ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള അവസരമാണ് അര്‍ജന്റീന സ്വന്തം നാട്ടില്‍ നഷ്ടപ്പെടുത്തിയത്. സാംപോളിയുടെ കീഴില്‍ രണ്ടാം മല്‍സരമായിരുന്നു ഇന്നലത്തേത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ വെനിസ്വേലയ്‌ക്കെതിരേ അര്‍ജന്റീന ഗോള്‍ കണ്ടെത്താന്‍ കഷ്ടപ്പെടുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലയണല്‍ മെസ്സിക്ക് സാധിച്ചുവെങ്കിലും അവയൊന്നും ഗോളായില്ല. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം 51ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ജോണ്‍ മുറീല്ലോയിലൂടെ വെനിസ്വേല ആധിപത്യം കണ്ടെത്തി. തുടര്‍ന്ന് സമ്മര്‍ദത്തിലായ അര്‍ജന്റീനയ്ക്ക് ആശ്വാസമായി മൂന്നു മിനിറ്റിനകം വെനിസ്വേല സെല്‍ഫ് ഗോള്‍ അടിച്ചു. ഫെല്‍ഷെറുടെ സെല്‍ഫ് ഗോള്‍ അര്‍ജന്റീനയ്ക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നെയും ഗോള്‍ വരള്‍ച്ച നേരിട്ടപ്പോള്‍ പകരക്കാരെ ഇറക്കിയിട്ടും സാംപോളിയുടെ തന്ത്രങ്ങള്‍ വിജയം കണ്ടില്ല. അതോടെ, രണ്ടു മല്‍സരങ്ങള്‍ അവശേഷിക്കെ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരാനായിരുന്നു അര്‍ജന്റീനയുടെ വിധി. ഇക്വഡോറും പെറുവും ആണ് അര്‍ജന്റീനയ്ക്ക് ഇനിയുള്ള എതിരാളികള്‍. ഇനി നിര്‍ണായകമായ മല്‍സരങ്ങളിലും ജയിക്കാനായില്ലെങ്കില്‍ അര്‍ജന്റീന പ്ലേഓഫ് വഴി യോഗ്യത കണ്ടെത്തേണ്ടി വരും. ബ്രസീലിനെ കൊളംബിയ തളച്ചുഇന്നലെ നടന്ന ബ്രസീല്‍- കൊളംബിയ മല്‍സരവും സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്‌കോറിലായിരുന്നു സമനില. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നെയ്മറിന്റെ അസിസ്റ്റില്‍ വില്യന്‍ കണ്ടെത്തിയ ഗോളിലൂടെ ബ്രസീല്‍ മുന്നിലെത്തിയിരുന്നു. കോര്‍ണര്‍ ക്ലിയര്‍ ചെയ്തതില്‍ നിന്ന് ലഭിച്ച പന്ത് നെയ്മര്‍ വില്യന് നല്‍കുകയും മനോഹരമായ ഒരു ഷോട്ടിലൂടെ വില്യന്‍ അത് ഗോളാക്കി മാറ്റുകയുമായിരുന്നു. എന്നാല്‍, 56ാം മിനിറ്റില്‍ ഫാല്‍കാവോ കൊളംബിയന്‍ ഗോള്‍ കണ്ടെത്തിയതോടെ കളി സമനിലയിലെത്തി. സാന്റിയാഗോ അരിയസിന്റെ ഷോട്ട് ഹെഡ്ഡറിലൂടെ ഫാല്‍കാവോ വലയിലെത്തിക്കുകയായിരുന്നു. ലോകകപ്പ് ടിക്കറ്റ് ആദ്യം തന്നെ കരസ്ഥമാക്കിയ ബ്രസീല്‍ ടിറ്റെയുടെ കീഴില്‍ ആദ്യമായാണ് പോയിന്റ് നഷ്ടപ്പെടുത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss