|    Dec 12 Tue, 2017 2:19 am
FLASH NEWS

സമനിരപ്പില്‍ നിന്ന് ഒന്നരയടിയിലധികം ഉയര്‍ത്തി നിര്‍മിച്ച റോഡ് ഭീഷണിയാവുന്നു

Published : 13th July 2016 | Posted By: SMR

മാള: സമനിരപ്പില്‍ നിന്ന് ഒന്നരയടിലധികം ഉയര്‍ത്തി റോഡ് നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സൈഡില്‍ മണ്ണിട്ട് റോഡിനൊപ്പമാക്കാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡിന്റെ കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള ഭാഗത്താണ് ടാറിങിന്റേയും ടാറിങ് കഴിഞ്ഞുള്ള റോഡ് സൈഡില്‍ മണ്ണിട്ട് നികത്താത്തതിനാല്‍ വന്‍ ഭീഷണി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും ടാറിങ് പൂര്‍ത്തീകരിച്ചതാണ്. ഇതിനിടയില്‍ തന്നെ ടാറിങ് കഴിഞ്ഞിടത്ത് നിരത്തുന്നതിന് പലയിടത്തായി മണ്ണടിച്ചിട്ടിരുന്നു. റോഡിന്റെ മറ്റ് ഭാഗങ്ങളില്‍ പൊളിച്ച മെറ്റലും ടാറിങും മണ്ണുമടങ്ങിയതാണ് റോഡ് സൈഡില്‍ അവിടവിടെയായി അടിച്ചിട്ടിരുന്നത്.
പണി കഴിയുന്നിടത്ത് മണ്ണിട്ട് നിറക്കേണ്ടതായിരുന്നെങ്കിലും അതിതുവരെ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് പണി തീര്‍ക്കാനായി തിരക്കിട്ട് റോഡ് പണി നടത്തിയതാണ്. അതു കൊണ്ട് തന്നെ റോഡിന്റെ തകര്‍ച്ച നേരത്തെ തന്നെ തുടങ്ങിയതിന് പുറമേയാണ് സമനിരപ്പില്‍ നിന്നും ഒന്നരയടിയിലധികം വരെ ഉയര്‍ന്ന് നില്‍ക്കുന്ന റോഡ് ഭീഷണി സൃഷ്ടിക്കുന്നത്.
ഇറക്കവും വളവും തിരിഞ്ഞ് വരുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നയിടങ്ങളിലേക്ക് ചാടി അപകടം ഉണ്ടാക്കുന്നുണ്ട്. ബസ്സില്‍ നിന്നിറങ്ങുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാര്‍ വീഴുന്ന പ്രവണതയുമുണ്ട്.
സൈക്കിളിലും ബൈക്കിലും സഞ്ചരിക്കുന്ന’ കുട്ടികളടക്കമുള്ളവര്‍ മറ്റു വാഹനങ്ങള്‍ വരുന്ന വേളയില്‍ റോഡ് സൈഡിലേക്ക് ഒതുക്കുമ്പോഴും നിയന്ത്രണം വിട്ട് അപകടമുണ്ടാവുന്നുണ്ട്. മഴക്കാലത്തിന് മുന്‍പേ തന്നെ മണ്ണിട്ട് ടാറിങിന് ഒപ്പമാക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. മഴ പെയ്യുന്നയവസരങ്ങളില്‍ മണ്ണിട്ടാലും വെള്ളത്തിനൊപ്പം ഒലിച്ച് പോകും. ദിവസങ്ങളോളം മഴ മാറി നില്‍ക്കുന്ന അവസരങ്ങളില്‍ ആവശ്യമായിടത്തെല്ലാം മണ്ണിട്ട് അപകട ഭീഷണിയും ദുരിതവും അകറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക