|    Jan 18 Wed, 2017 5:32 pm
FLASH NEWS

സമത്വജാഥ പ്രസരിപ്പിക്കുന്ന സന്ദേശമെന്ത്?

Published : 25th November 2015 | Posted By: SMR

വെള്ളാപ്പള്ളി നടേശന്‍ കാസര്‍കോട്ടു നിന്നു തുടങ്ങിയ സമത്വമുന്നേറ്റയാത്ര ശ്രദ്ധേയമാവുന്നത് അതു കേരളീയ സമൂഹത്തില്‍ പ്രസരിപ്പിക്കുന്ന പ്രതിലോമ സന്ദേശം മൂലമാണ്. നടേശനു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ സാമുദായികാടിത്തറയില്‍ നിന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി പടുത്തുയര്‍ത്തുക, ആ പാര്‍ട്ടിയെ വച്ച് വിലപേശി ബിജെപിയുമായി കച്ചവടമുറപ്പിക്കുക, ഈ കച്ചവടം വഴി നേടാവുന്നതെല്ലാം നേടുക. തന്റെ സ്വാര്‍ഥലാഭത്തിനു വേണ്ടി നടേശന്‍ മുതലാളി ഉപയോഗപ്പെടുത്തുന്നത് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സകലരും സോദരത്വേന’ വാഴണമെന്ന ആശയം ഉദ്‌ഘോഷിക്കുന്ന ശ്രീനാരായണധര്‍മത്തെയാണെന്നു മാത്രം.
വെള്ളാപ്പള്ളി നടേശന് എന്നല്ല ഏതൊരു പൗരനും ആളുകളെ സംഘടിപ്പിക്കാനും രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്നത് ഈ പ്രക്രിയക്കിടയില്‍, കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ അന്തരീക്ഷം തകര്‍ക്കുക എന്ന ഹീനലക്ഷ്യം നിറവേറ്റാനാണ്. ഹിന്ദുക്കളെ ഏകീകരിക്കാനാണുപോലും യാത്ര. ഹിന്ദു ജനസംഖ്യ അനുദിനം കുറഞ്ഞുവരുകയാണെന്നും ഭൂരിപക്ഷം ഹിന്ദുക്കളും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും അതിനു കാരണം നാളിതുവരെ കേരളം ഭരിച്ച എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യത്തിലേറെ വാരിക്കോരി കൊടുത്തതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.
ന്യൂനപക്ഷ പ്രീണനത്തിനടിയില്‍പ്പെട്ട് ഞെരിഞ്ഞമരുന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സമുദ്ധരിച്ച് ഹിന്ദുത്വത്തിന്റെ കൊടിക്കൂറയ്ക്കു കീഴില്‍ അണിനിരത്തുകയാണ് അദ്ദേഹം. അതിനു ജനങ്ങളെ പരസ്പരം സാമുദായികമായി അകറ്റാന്‍ പറ്റിയ വാക്കുകളും പ്രയോഗങ്ങളുമാണ് അദ്ദേഹത്തിന്റെ വായില്‍ നിന്നു വീഴുന്നത്. സ്പര്‍ധയുടെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. ഈ യത്‌നത്തില്‍ വെള്ളാപ്പള്ളിയെ സഹായിക്കാനും ആശീര്‍വദിക്കാനുമെത്തുന്നത് ആരാണെന്നു കണക്കുകൂട്ടുമ്പോള്‍ കാറ്റിന്റെ ഗതി എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല.
ആര്‍എസ്എസിന്റെ സംഘാടനശേഷിയെയാണ് യാത്രയുടെ നടത്തിപ്പിന് അദ്ദേഹം ആശ്രയിക്കുന്നത്. വര്‍ണാശ്രമധര്‍മത്തിന്റെ വക്താക്കളായ സ്വാമിമാരാണ് അണിയറയില്‍. ബ്രാഹ്മണരുടെ ഉച്ചിഷ്ടങ്ങളില്‍ അധഃസ്ഥിതര്‍ കിടന്നുരുളണമെന്ന് അനുശാസിച്ചുപോരുന്ന പേജാവര്‍ മഠാധിപതി വിശ്വേശ്വരതീര്‍ഥയാണ് ദീപം കൊളുത്തി യാത്ര ഉദ്ഘാടനം ചെയ്തത്. പുലയമഹാസഭക്കാരും ധീവരസഭക്കാരുമെല്ലാം കൂടെയുണ്ടെങ്കിലും, സവര്‍ണ തീവ്രഹൈന്ദവതയുടെ രാഷ്ട്രീയത്തിനു വോട്ട് തേടിയിറങ്ങിയ യാത്രയാണിതെന്നു വ്യക്തം. അതിനു കാര്‍മികത്വം വഹിക്കാന്‍ വെള്ളാപ്പള്ളിയുണ്ടെന്നു മാത്രം.
വി എസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ശംഖുമുഖത്തെത്തുമ്പോള്‍ യാത്ര ജലസമാധിയടയുമോ എന്ന സംഗതിയൊക്കെ വേറെ. എന്നാല്‍, വെള്ളാപ്പള്ളിയെ എതിര്‍ക്കുന്ന എല്‍ഡിഎഫും യുഡിഎഫും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്: ഈ മുന്നണികള്‍ രണ്ടും വരുത്തിയ വീഴ്ചകളില്‍ നിന്നും നയവൈകല്യങ്ങളില്‍ നിന്നുമാണ് ഇങ്ങനെയൊരു യാത്രയ്ക്കു വേണ്ട അടിമണ്ണ് കേരളത്തില്‍ ഒരുങ്ങിയത്. അതുവഴിയാണ് പ്രബുദ്ധ കേരളത്തില്‍ പ്രതിലോമ ചിന്തയ്ക്ക് ഇടമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക