|    Jan 24 Tue, 2017 10:52 am
FLASH NEWS

സമഗ്ര വിദ്യാഭ്യാസ പദ്ധതി: മാസ്റ്റര്‍ പ്ലാന്‍ നവംബറില്‍

Published : 27th September 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ ക്ലാസുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്ന 24 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി ജില്ലാതല ആശയരൂപീകരണ ശില്‍പശാല ഒക്‌ടോബര്‍ ആദ്യവാരം നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍, പിടിഎ, എസ്എംസി പ്രതിനിധി, സ്‌കൂള്‍ ലീഡര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍തല പദ്ധതി കോ-ഓഡിനേറ്റര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ശില്‍പശാല നടത്തുക. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും നടപ്പാക്കേണ്ട വഴികളെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ വേണ്ടിയാണിത്. 3 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി ജില്ലാപഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായാണ് കണക്കാക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
പദ്ധതി പൂര്‍ണ വിജയത്തിലെത്തിക്കുക ഏറെ ക്ലേശകരമാണെങ്കിലും ഇതൊരു വെല്ലുവിളിയായി ഓരോ ഡിവിഷന്‍ അംഗങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഡിവിഷനില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ ഓരോ വര്‍ഷവും ഏറ്റവും മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്ന സ്‌കൂളിന് 25 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അധികമായി നല്‍കുമെന്നും കെ വി സുമേഷ് പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനായി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എസ്എംസി, പിടിഎ അംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ഒക്‌ടോബര്‍ അവസാനത്തോടെ സ്‌കൂള്‍തല വികസന സമിതി രൂപീകരിക്കും. സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള അധികച്ചെലവുകള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് കണ്ടെത്തുക. നവംബറോടെ പദ്ധതി നടപ്പാക്കാനാവശ്യമായ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവും.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അക്വാ ഗ്രീന്‍ മാര്‍ട്ടിന് വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. വിഷരഹിത പച്ചക്കറികളും മല്‍സ്യവും ഉപഭോക്താക്കളിലെത്തിക്കുകയെന്ന ഉദ്ദ്യേശത്തോടെ ആരംഭിച്ച സ്ഥാപനത്തില്‍ ശുദ്ധവും പോഷകമൂല്യങ്ങള്‍ കൂടുതലുള്ളതുമായ പാല്‍ ഫാമുകളില്‍ നിന്ന് നേരിട്ടെത്തിക്കാനും പദ്ധതി ആവിഷ്‌കരിക്കും. മാര്‍ട്ട് നടത്തിക്കൊണ്ടുപോവാന്‍ ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്താനും തീരുമാനമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണം ഡിസംബറോടെ 70 ശതമാനം പൂര്‍ത്തിയാക്കാനും ഫെബ്രുവരിയോടെ 100 ശതമാനമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
പദ്ധതി നിര്‍വഹണത്തില്‍ പ്രായോഗിക തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി  ജയബാലന്‍, വി കെ സുരേഷ് ബാബു, കെ ശോഭ, ടി ടി റംല, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത് സംസാരിച്ചു. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി തിരികെപോവുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്തിന് യോഗം യാത്രയയപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക