|    Jul 22 Sun, 2018 2:55 am
FLASH NEWS

സമഗ്ര വരള്‍ച്ചാ പ്രതിരോധ പദ്ധതി ഫയലിലുറങ്ങുന്നു

Published : 16th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 80.20 കോടി ചെലവില്‍ നടപ്പാക്കുന്ന സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിക്ക് ഫണ്ട് ലഭിക്കാതെ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഫയലുകളില്‍ മാത്രമായി. ജൂണ്‍ ഒന്നിന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയുടെ പ്രവൃത്തികള്‍ ഇനിയും തുടങ്ങാനായില്ല. 15220 ഹെക്റ്റര്‍ പ്രദേശത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40.30 ഹെക്റ്റര്‍ വനവും 277 ഹെക്റ്റര്‍ വയലുമായി പരിസ്ഥിതി പുനസ്ഥാപിക്കുന്നതിനും ജൈവവൈവിധ്യം വികസിപ്പിക്കുന്നതിനും സാധ്യമാവുന്ന തരത്തിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച് മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ഈ സാമ്പത്തിക വര്‍ഷം 20 കോടി രൂപ വകയിരുത്തിയെന്നുമായിരുന്നു അധികൃതര്‍ അറിയിച്ചത്. ആദ്യപടിയായി കബനി തീരത്തെ 12 കിലോമീറ്റര്‍ ദൂരം വൃക്ഷത്തൈകള്‍ നടുമെന്നും പദ്ധതി പ്രവര്‍ത്തനം ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ചകിരി നിറച്ച മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും വനാതിര്‍ത്തികളിലെ താഴ്‌വാരങ്ങളില്‍ മണ്‍കയ്യാലകള്‍ നിര്‍മിക്കാനും നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനായി ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍, വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ ഫണ്ടുകള്‍ ലഭിക്കാതെ പദ്ധതി ആരംഭിക്കാന്‍ സാധിക്കാതെയായി. ഓരോ വരള്‍ച്ചാക്കാലങ്ങളിലും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതികള്‍ നടപ്പാക്കുന്നതല്ലാതെ വരള്‍ച്ചയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുന്നില്ല. കാലവര്‍ഷം കഴിയാറായതോടെ ജലസംരക്ഷണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. എന്നാല്‍, വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനം നടപ്പിലാക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കര്‍ഷകരാണ് ഏറെ നിരാശരായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss