|    Oct 22 Mon, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സമഗ്ര തൊഴില്‍നയം രണ്ടു മാസത്തിനകമെന്ന് തൊഴില്‍മന്ത്രി

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: മിനിമം ദിവസവേതനം 600 രൂപയാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. വിവിധ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര തൊഴില്‍നയം രണ്ടു മാസത്തിനകം പ്രഖ്യാപിക്കുമെന്നും ഇതുസംബന്ധിച്ച നിയമപരമായ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് കരട് തൊഴില്‍നയം സംബന്ധിച്ച് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ക്കായി തൊഴില്‍ വകുപ്പും കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയിലും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തും. തൊഴില്‍ ചെയ്യാതെ കൂലി വാങ്ങുന്ന സമീപനത്തോട് യോജിക്കാനാവില്ല. പുതിയ തൊഴില്‍നയം സംബന്ധിച്ച് വ്യവസായി-തൊഴില്‍ദാതാക്കള്‍, മാധ്യമപ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. 50-60 വയസ്സുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് നവജീവന്‍ പദ്ധതി. ഇവര്‍ക്കു സ്വയംതൊഴില്‍ ചെയ്യുന്നതിന് 25,000 രൂപ സബ്‌സിഡി ഉള്‍പ്പെടെ 50,000 രൂപ നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കേരള അക്കാദമി ഓഫ് സ്‌കില്‍ ആന്റ് എക്‌സലന്‍സിനെ സംസ്ഥാന സ്‌കില്‍ മിഷന്‍ ആയി ഉയര്‍ത്തും. തൊഴില്‍വകുപ്പില്‍ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തും. തൊഴില്‍ വകുപ്പ് എത്രയും വേഗം പുനസംഘടിപ്പിക്കും. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്നും എല്ലാ ഐടിഐകളും പ്ലേസ്‌മെന്റ് സെന്ററുകളാക്കുമെന്നും മന്ത്രി പറഞ്ഞു.യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവും മൂലം തൊഴിലാളികള്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന് അധ്യക്ഷത വഹിച്ച തൊഴിലും നൈപുണിയും വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം രവിരാമന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ തൊഴില്‍, വേതനം, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികള്‍ വേണമെന്ന് വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി വിഷയാവതരണം നടത്തി. വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ അഭിപ്രായം പങ്കുവച്ചു. മുന്‍ വ്യവസായമന്ത്രി എളമരം കരീം മോഡറേറ്ററായിരുന്നു. ലേബര്‍ കമ്മീഷണര്‍ കെ ബിജു , കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) ജെ എന്‍ കിരണ്‍  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss