|    Nov 19 Sun, 2017 4:51 am
FLASH NEWS

സമഗ്ര തെരുവുനായ നിയന്ത്രണം : പദ്ധതിക്ക് ജനപ്രതിനിധികള്‍ സഹകരിക്കണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published : 11th August 2017 | Posted By: fsq

 

കോട്ടയം: ജില്ലയില്‍ തുടക്കം കുറിച്ച സമഗ്ര തെരുവുനായ നിയന്ത്രണ പദ്ധതി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം പരിയാരം വെറ്ററിനറി പോളിക്ലിനിക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഒരു കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വലിയ സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞ തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി അനാവശ്യ വിവാദങ്ങളും ആശങ്കകളും ഉയര്‍ത്തി തടസ്സപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കരുത്. തെരുവു നായക്കളെ വന്ധ്യംകരിക്കുന്നതിനു ശാസ്ത്രീയമായി വിഭാവനം ചെയ്തിരിക്കുന്ന ക്ലിനിക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ആശങ്ക വേണ്ട. തെരുവുനായ്ക്കളെ പിടിക്കുന്നിടത്തു തന്നെ തിരിച്ചു വിടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക രജിസ്റ്ററും അതത് ക്ലിനിക്കുകളില്‍ സൂക്ഷിക്കും. ഇത് ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്കു പരിശോധിച്ച് ഉറപ്പുവരുത്താം. ശസ്ത്രക്രിയയ്ക്കു വിധേയമാവുന്ന നായ്ക്കള്‍ക്ക് നല്‍കുന്ന ഭക്ഷണം പരിസരം വൃത്തികേടാവുന്ന തരത്തിലുള്ളവയല്ല. പൈലറ്റ് പ്രോജക്ടായി വൈക്കത്ത് ആരംഭിച്ച ക്ലിനിക്ക് വിജയകരമായി പ്രവര്‍ത്തിക്കുന്നതും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ക്ലിനിക്കുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങുന്നതിലും സുതാര്യത ഉറപ്പുവരുത്തും. മെഡിക്കല്‍ കോളജ് ഡിസിഎച്ച്, നീതി സ്റ്റോര്‍ കണ്‍സോര്‍ഷ്യം എന്നിവ വഴിയാവും സാധനങ്ങള്‍ വാങ്ങുന്നത്. തെരുവുനായ വന്ധ്യം കരണത്തിനുളള ലോജിസ്റ്റിക് സഹായം കുടുംബശ്രീയും സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പുമാണു നല്‍കുന്നത്. ഒരു തെരുവു നായ്ക്ക് 2100 രൂപ നിരക്കിലാണു പ്രതിഫലം നല്‍കുക. ഈ തുക കുടിശ്ശികയില്ലാതെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു കൈമാറും. ഏതെങ്കിലും സെന്ററില്‍ ഇതു സംബന്ധിച്ചു സാങ്കേതിക തടസ്സമുണ്ടായാല്‍ മറ്റൊരു സെന്ററിലേക്കു മാറ്റിയും പദ്ധതി വിജയിപ്പിക്കും. 4500 നായ്ക്കളെ വരെ വന്ധ്യംകരിക്കാനുള്ള ഫണ്ട് ഇപ്പോഴുണ്ട്. ഇതിനു ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിന്റെ പേരില്‍ അനാവശ്യ ആരോപണം ഉന്നയിച്ച് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ചുണ്ടാവുന്ന സംശയങ്ങളകറ്റാന്‍ കുടുംബശ്രീ വഴി ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ വൈക്കം, പരിയാരം, വാഴൂര്‍ എന്നിവിടങ്ങളിലുമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, കടനാട് എന്നിവിടങ്ങളിലും ആരംഭിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചര്‍, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ എം ദിലീപ്, സുരേഷ്, പരിയാരം വെറ്ററിനറി ക്ലിനിക്കിലെ ഡോ. സത്യന്‍, കുടുംബശ്രീ അസി. കോ-ഓഡിനേറ്റര്‍ സാബു പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക