|    Jul 22 Sun, 2018 2:30 pm
FLASH NEWS

സമഗ്രവികസനം : ജില്ലാ പദ്ധതി രൂപരേഖ തയ്യാറാക്കും

Published : 24th September 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുറ്റമറ്റ രീതിയില്‍ പദ്ധതി തയ്യാറാക്കുന്നതിനായി എപിജെ ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ദീര്‍ഘകാല കാഴ്ചപ്പാടോടെ ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുകയും അവികസിത മേഖല കണ്ടെത്തി ഇവിടേക്ക് കൂടുതല്‍ ശ്രദ്ധനല്‍കുന്ന കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിനായുള്ള വികസന രൂപരേഖ തയ്യാറാക്കും. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനോടനുബന്ധിച്ചുള്ള വിഷയ സമിതികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പട്ടികയുടെ കരട് യോഗം ചര്‍ച്ച ചെയ്തു. വിവിധ മേഖലകളില്‍ മുന്‍ഗണനകള്‍ നിശ്ചയിച്ചാണ് ജില്ലാ പദ്ധതി രേഖ തയ്യാറാക്കുക. കഴിഞ്ഞകാലങ്ങളില്‍ നടപ്പാക്കിയ സംസ്ഥാന, കേന്ദ്രാവിഷ്‌കൃത പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ വിലയിരുത്തലുകളും ജില്ലാ പദ്ധതി രൂപീകരണത്തില്‍ നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വികസന പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി രേഖയ്ക്ക് രണ്ടു ഭാഗങ്ങളും ഏഴ് അധ്യായങ്ങളുമുണ്ടാവും. ആമുഖം, വിഭവങ്ങള്‍, സ്ഥലമാന ആസൂത്രണം, വിഷയമേഖലകള്‍, പദ്ധതി വിലയിരുത്തല്‍ എന്നിവ ഉള്‍പ്പെട്ടതാണ് അധ്യായങ്ങള്‍. ജില്ലാ പദ്ധതി രൂപീകരണത്തിന് 27 ഉപസമിതികളുണ്ടാവും. ഉപസമിതികളുടെ ചെയര്‍മാന്‍ ഡിപിസി അംഗമായിരിക്കും. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ അംഗങ്ങളായി ഉള്‍പ്പെടുത്തും. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരും അംഗങ്ങളായിരിക്കും. അഞ്ചു ഘട്ടങ്ങള്‍ അന്തിമ പദ്ധതിരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി ഉണ്ടാവും. കരട് പദ്ധതിരേഖ ഡിസംബര്‍ 15നകം ജില്ലാ വികസന സമിതിയില്‍ സമര്‍പ്പിക്കും. 2018 ജനുവരി 15നകം കരട് പദ്ധതി രേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും. അഞ്ചുവര്‍ഷമാണ് പദ്ധതി രേഖയുടെ കാലാവധി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബാലസൗഹൃദ പദ്ധതി തയ്യാറാക്കാനും എല്ലാ വാര്‍ഡിലും കുട്ടികളുടെ ഗ്രാമസഭ നടത്താനും യോഗം തീരുമാനിച്ചു. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ഭേദഗതി വരുത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, ജില്ലാ പ്ലാനിങ് ഓഫിസര്‍ സോമസുന്ദരലാല്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എ നാസര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss