|    Dec 11 Tue, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സഭാ തര്‍ക്കം; 11 ദിവസത്തിന് ശേഷം മൃതദേഹം പോലിസ് കാവലില്‍ സംസ്‌കരിച്ചു

Published : 14th November 2018 | Posted By: kasim kzm

സജീര്‍ കുന്നുകണ്ടം

കായംകുളം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് കഴിത്ത 11 ദിവസമായി സംസ്‌കരിക്കാന്‍ കഴിയാതെ വീട്ടിനുള്ളില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഒടുവില്‍ പോലിസ് കാവലില്‍ സംസ്‌കരിച്ചു. യാക്കോബായ സഭയില്‍പ്പെട്ട കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യു എന്ന മാത്തുക്കുട്ടി (94)യുടെ മൃതദേഹമാണ് പോലിസ് കാവലില്‍ സംസ്‌കരിച്ചത്.
ഇന്നലെ രാവിലെ 7.30ഓടെ തര്‍ക്കം നില നില്‍ക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. യാക്കോബായ വിഭാഗത്തിന്റെ വിശ്വാസ ആചാരപ്രകാരമനുസരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു കഴിഞ്ഞ ദിവങ്ങളിലുണ്ടായിരുന്ന എതിര്‍പ്പുകളൊന്നും ഇന്നലെ സംസ്‌കാരച്ചടങ്ങില്‍ ഉണ്ടായില്ല. മൃതദേഹം സംസ്‌കരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോടും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ എല്ലാം അവസാനിപ്പിച്ച് യാക്കോബായ വിഭാഗത്തിന്റെ വിശ്വാസ ആചാരങ്ങള്‍ അനുസരിച്ച് മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെയും ജില്ലാ പോലിസ് മേധാവി സുരേന്ദ്രന്റെയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാത്രി ഇരുസഭകളുടേയും നേതൃത്വവുമായി അവസാനഘട്ട ചര്‍ച്ച നടത്തുകയും ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു.
കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രിംകോടതി വിധിക്കുകയായിരുന്നു. വിധിക്കുശേഷം യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പള്ളിയുടെ പുറത്തെ കുരിശടിക്കു മുന്നില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തി ഉറ്റ ബന്ധുക്കളെ മാത്രം സെമിത്തേരിയിലേക്കു കടത്തിവിടുന്ന രീതിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് കോടതി വിധിയില്‍ വ്യക്തതയില്ലാത്തതാണ് തര്‍ക്കങ്ങള്‍ക്ക് ഇട വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് വര്‍ഗീസ് മാത്യു മരണപ്പെട്ടത്. വര്‍ഗീസ് മാത്യുവിന്റെ ചെറുമകനും യാക്കോബായ വൈദികനുമായ ഫാ. ജോര്‍ജി ജോണിനെ സഭാ വസ്ത്രമണിഞ്ഞു പള്ളിയില്‍ പ്രവേശിപ്പിച്ച് ശുശ്രൂഷ നടത്താന്‍ അനുവദിക്കണമെന്ന ശക്തമായ ആവശ്യവുമായി യാക്കോബായ വിഭാഗവും സഭാ വസ്ത്രം ഒഴിവാക്കി മാത്രമേ ഫാ. ജോര്‍ജി ജോണിനെയും മറ്റു വൈദികരെയും പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും നിലപാട് എടുത്തതാണ് മൃതദേഹ സംസ്‌കാരം 11 ദിവസം നീണ്ടുപോവാന്‍ കാരണമായത്.
തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം യാക്കോബായ വിഭാഗം മൃതദേഹം സംസ്‌കരിക്കുന്നതിനായി പള്ളിയിലേക്ക് എത്തിയിരുന്നെങ്കിലും പള്ളിക്കു സമീപം പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന്, രാത്രി ഏഴു വരെ മൃതദേഹവുമായി യാക്കോബായ വിഭാഗം റോഡരികില്‍ പ്രതിഷേധിക്കുകയും മൃതദേഹം തിരികെ വീട്ടില്‍ കൊണ്ടുപോയി മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയുമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss