|    Dec 14 Fri, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഭയെ പ്രക്ഷുബ്ധമാക്കി ശബരിമല

Published : 29th November 2018 | Posted By: kasim kzm

എസ് ഷാജഹാന്‍

തിരുവനന്തപുരം: പ്രളയാനന്തരം ചേര്‍ന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ ശബരിമല വിഷയം മുഖ്യ അജണ്ടയാക്കി പ്രതിപക്ഷം. സ്ത്രീപ്രവേശനവും ശബരിമലയിലെ നിയന്ത്രണങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു.
സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ചോദ്യോത്തരവേള റദ്ദാക്കി അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷത്തെ വി എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്പീക്കര്‍ ആദ്യം വഴങ്ങിയില്ല. പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കൂടി എഴുതിനല്‍കിയ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി പറയാന്‍ സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ 45 മിനിറ്റെടുത്ത് മുഖ്യമന്ത്രി പ്രസംഗം പൂര്‍ത്തിയാക്കി. ഈ സമയം ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നു.
മുഖ്യമന്ത്രിക്ക് പ്രസംഗിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ സ്പീക്കര്‍ അനുവദിച്ചതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ശൂന്യവേള ഉപേക്ഷിച്ചു. ശബരിമലയില്‍ സിപിഎം-ബിജെപി അഡ്ജസ്റ്റ്‌മെന്റിലാണെന്ന യുഡിഎഫ് ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഡല്‍ഹിയില്‍ ഒരാള്‍ ഇരുന്നില്ലേ അതാണ് അഡ്ജസ്റ്റ്‌മെന്റെന്നും അയോധ്യയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസും ബിജെപിയും ശബരിമലയില്‍ ഒന്നിച്ചാണു സമരം ചെയ്യുന്നത്. സംഘപരിവാരം പ്രചരിപ്പിക്കുന്ന നുണകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങി. ബിജെപിയുമായി ഒന്നിച്ചുനില്‍ക്കാനുള്ള പ്രവണത കോണ്‍ഗ്രസ്സിനെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ചോര വീഴാതെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള ധൃതിയും കാണിച്ചിട്ടില്ല.
ക്രമസമാധാനപ്രശ്‌നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവന്നത്. അക്രമസാധ്യത ഉള്ളിടത്തോളം ശബരിമലയിലെയും പരിസരപ്രദേശത്തെയും നിയന്ത്രണം തുടരും. നടപ്പന്തല്‍ കേന്ദ്രമാക്കി സമരം നടത്താനുള്ള നീക്കമാണ് പോലിസ് തടഞ്ഞത്.
കേരളത്തില്‍ നാമജപത്തിനു തടസ്സമില്ല. എന്നാല്‍, അക്രമികള്‍ ശബരിമലയില്‍ നാമം ജപിച്ചാല്‍ അക്രമികളല്ലാതാവില്ല. 2013-14ല്‍ 47 കോടി രൂപയാണ് സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തിന് അനുവദിച്ചത്. 2014-15ല്‍ 48 കോടി, 2015-16ല്‍ 116 കോടി, 2016-17ല്‍ 131 കോടി, 2017-18ല്‍ 202 കോടി രൂപ വീതം സര്‍ക്കാര്‍ ചെലവഴിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് കൂടുതല്‍ തുക ചെലവഴിച്ചതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss