|    Jul 25 Tue, 2017 6:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സഭയില്‍ പ്രത്യേക മുറി: വിഎസിന്റെ പരാതിയില്‍ നടപടിയായി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയില്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയില്ലെന്നു കാട്ടി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന് സ്പീക്കറുടെ അനുകൂല പ്രതികരണം. നിയമസഭയുടെ മൂന്നാം നിലയില്‍ വിഎസിന് ഓഫിസ് അനുവദിക്കാമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിയമസഭാ സെക്രട്ടേറിയറ്റിനോട് സ്പീക്കര്‍ നിര്‍ദേശിച്ചു.
മുതിര്‍ന്ന അംഗമെന്ന നിലയിലുള്ള പരിഗണന തനിക്കു കിട്ടുന്നില്ലെന്നും കാബിനറ്റ് പദവിയുണ്ടായിട്ടും നിയമസഭയില്‍ വിശ്രമമുറിയോ സൗകര്യമോ ഇല്ലെന്നുമായിരുന്നു വിഎസിന്റെ കത്തിലെ പരാതി. മന്ത്രിമാര്‍, ചീഫ്‌വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കെല്ലാം നിയമസഭാ മന്ദിരത്തില്‍ ഓഫിസ് അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാബിനറ്റ് പദവിയുള്ള വിഎസ് മുറി ആവശ്യപ്പെട്ടത്.
എന്നാല്‍, വി എസ് അച്യുതാനന്ദന് സെക്രട്ടേറിയറ്റില്‍ ഓഫിസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് ഐഎംജിയില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ ചെലവ് സംബന്ധമായ കാര്യങ്ങള്‍ കണക്കുകൂട്ടിയിട്ടില്ല. ഭരണപരിഷ്‌കാര കമ്മീഷനു സെക്രട്ടേറിയറ്റില്‍ തന്നെ ഓഫിസ് വേണമെന്നായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്റെ നിര്‍ബന്ധമെന്നും പിണറായി പറഞ്ഞു.
നേരത്തേ സെക്രട്ടേറിയറ്റ് അനക്‌സിലാവും വിഎസിന് ഓഫിസ് അനുവദിക്കുകയെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് ഐഎംജിയിലാണെന്ന് അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് പരസ്യമായി വിഎസ് രംഗത്തെത്തി. സുഗമമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകണമെങ്കില്‍ പുതിയ അനക്‌സ് കെട്ടിടത്തില്‍ ഓഫിസ് വേണമെന്നായിരുന്നു വിഎസിന്റെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക