|    Dec 12 Wed, 2018 1:15 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സഭയില്‍ പ്രത്യേക ബ്ലോക്ക്; നാട്ടില്‍ ഇരട്ടത്താപ്പ്

Published : 13th August 2016 | Posted By: SMR

slug-madhyamargamകേരള നിയമസഭയ്ക്ക് പ്രത്യേക ചന്തം കൈവന്നിരിക്കുന്നു. ദശാബ്ദങ്ങള്‍ക്കു ശേഷം സഭയില്‍ ഒരു പ്രത്യേക ബ്ലോക്ക് രൂപപ്പെട്ടതാണു കാരണം. ബ്ലോക്ക് എന്നു പറഞ്ഞാല്‍ സഭയില്‍ പ്രത്യേക കെട്ടിടമാണെന്ന് ആരും ധരിക്കരുത്. ഇരിക്കുന്ന കസേരകള്‍ക്കോ പ്രസംഗിക്കുന്ന മൈക്കുകള്‍ക്കോ കുടിക്കുന്ന ചായക്കോ യാതൊരു വ്യത്യാസവുമില്ല. ബ്ലോക്കില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ ഇടുന്ന ജൂബ്ബയ്‌ക്കോ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കോ വാങ്ങുന്ന അലവന്‍സുകള്‍ക്കോ ലവലേശം മാറ്റമില്ല. പിന്നെ മാറ്റം ഉള്ളത് മനസ്സിന്റെ അടിത്തട്ടിലാണ്. അതാണെങ്കില്‍ പുറത്തുള്ളവര്‍ക്കു പോയിട്ട് അവര്‍ക്കുതന്നെ കാണാന്‍ പറ്റുന്നതുമല്ല.
ഏറെക്കാലം ഭരണപക്ഷത്തും പ്രതിപക്ഷത്തും വെട്ടിത്തിളങ്ങിയ പരിചയസമ്പന്നരായ നേതാക്കളാണ് പ്രത്യേക ബ്ലോക്കിനുള്ളില്‍. അപ്പുറം ഭരണപക്ഷം, ഇപ്പുറം പ്രതിപക്ഷം, അതിനിടയില്‍ ഒറ്റ താമര, അരികില്‍ പി സി ജോര്‍ജ്, സമീപം ബ്ലോക്ക്! എണ്ണം പറഞ്ഞ കേരളാ കോണ്‍ഗ്രസ് എമ്മുകാര്‍. കാഴ്ചയ്ക്ക് ഇതില്‍പ്പരം സുഖം എന്താണു വേണ്ടത്. ഇവരെ വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളുടെ ഭാഗ്യം തന്നെ.
ഈ അവസരത്തിലാണ് കാല്‍നൂറ്റാണ്ട് മുമ്പ് അനുഭവിച്ച മറ്റൊരു ബ്ലോക്കിന്റെ കഥ ഓര്‍മവന്നത്. 1991 ആദ്യത്തിലായിരുന്നു ആ ബ്ലോക്കിന്റെ പിറവി. ഐക്യജനാധിപത്യ മുന്നണിയോട് വിടപറഞ്ഞ് യൂനിയന്‍ ലീഗ് നിര്‍മിച്ച പച്ച ബ്ലോക്ക്! ജനങ്ങളുടെ ഭാഗ്യംകൊണ്ട് ആ ബ്ലോക്കിന് വെറും 56 ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 57ാം ദിവസം ബ്ലോക്ക് പൊളിച്ച് നേരെ യുഡിഎഫിലേക്ക് പാഞ്ഞുപോയതാണു ചരിത്രം.
ഇതുപോലെ ഇപ്പോള്‍ രൂപംകൊണ്ട ബ്ലോക്കും നിശ്ചിത ദിവസം ആയുസ്സ് പൂര്‍ത്തിയാക്കിയാല്‍ മുന്നണി തറവാട്ടിലേക്ക് മടങ്ങിപ്പോവുമോ എന്നതാണ് ഏവരും ചോദിക്കുന്നത്. കാരണം, പ്രത്യേക ബ്ലോക്ക് ഉണ്ടാക്കുന്നത് പ്രത്യേക കാര്യങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ടാണ്. ആ ലക്ഷ്യം നിറവേറ്റപ്പെടുമ്പോള്‍ ബ്ലോക്ക് തനിയെ ഇല്ലാതാവുന്നതാണ് അനുഭവം.
പ്രത്യേക ബ്ലോക്കുകാര്‍ക്ക് സഭയില്‍ പ്രത്യേക അന്തസ്സും അല്‍പം അഭിമാനവും സ്വാഭാവികമാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ബ്ലോക്കില്‍ മാത്രം ആലോചിച്ചാല്‍ മതി. നേരത്തേയാണെങ്കില്‍ ഘടകകക്ഷികളിലും മുന്നണികളിലുമൊക്കെ ചര്‍ച്ച നടത്തേണ്ടതല്ലേ? ബ്ലോക്കുകാരോടാണെങ്കില്‍ പ്രത്യേക മമത സഭാ അധ്യക്ഷനുമുണ്ടാവും. ഭരണപക്ഷക്കാര്‍ക്കും പ്രതിപക്ഷക്കാര്‍ക്കും ബ്ലോക്കിനോട് പ്രത്യേകമായ സ്‌നേഹബഹുമാനങ്ങള്‍ ഉറപ്പാണ്.
സഭയില്‍ വരുമ്പോള്‍ ഒന്നും വായിച്ചു പഠിക്കേണ്ടതില്ല എന്നതാണ് ബ്ലോക്കില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള വലിയ ഗുണം. സന്ദര്‍ഭത്തിനനുസരിച്ച് ഭരണപക്ഷത്തേക്കും പ്രതിപക്ഷത്തേക്കും ചാഞ്ഞും ചരിഞ്ഞും നില്‍ക്കാം. ഇടയ്ക്ക് ഒറ്റ താമര കൈയിലെടുത്ത് ഒന്നു മണപ്പിക്കാം. പി സി ജോര്‍ജിനെ നോക്കി കണ്ണുരുട്ടാം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നിന്നു മല്‍സരിച്ച് ജയിച്ചവരാണ് പ്രത്യേക ബ്ലോക്കിലുള്ളവര്‍. ഇവരെല്ലാം തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നുവെങ്കില്‍ അതില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറോ ചീഫ്‌വിപ്പോ ഒക്കെ ആയിത്തീരുമായിരുന്നു. രണ്ടു മുന്നണിക്കും ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതെ വന്നിരുന്നുവെങ്കില്‍ ബ്ലോക്കിലെ നായകനെ മുഖ്യമന്ത്രിയായി ജനങ്ങള്‍ക്കു കാണാമായിരുന്നു. പ്രത്യേക ബ്ലോക്ക് ഉണ്ടാക്കിയവര്‍ നാട്ടില്‍ പ്രത്യേക നയം സ്വീകരിക്കുകയും ചെയ്തു. നാട്ടിലെ പ്രാദേശികതലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫുമായി അധികാരം പങ്കിടുന്നതില്‍ ഒരു പ്രശ്‌നാധിഷ്ഠിതവുമില്ല, ബ്ലോക്കുമില്ല. അധികാരമാണ് സര്‍വപ്രധാനം. അതു കിട്ടുമെങ്കില്‍ സഭയിലെ പ്രത്യേക ബ്ലോക്ക് ഉടനെ പൊളിയും. അധ്വാനസിദ്ധാന്ത പ്രകാരമാണെങ്കില്‍ രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. രാജ്യസേവനത്തിന് തങ്ങള്‍ക്ക് എവിടേക്കും പോവാം. മറുപക്ഷം സ്വീകരിക്കണമെന്നേ ഉള്ളൂ. രണ്ടു കാര്യത്തില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. ഒന്ന്, കര്‍ഷകദ്രോഹം അരുത്, റബര്‍കര്‍ഷകദ്രോഹം തീരെ അരുത്. രണ്ട്, മന്ത്രിമാര്‍ക്കുള്ള വകുപ്പില്‍ ധനകാര്യം കിട്ടണം. ഈ രണ്ടു കാര്യങ്ങളും അംഗീകരിച്ചാല്‍ ആരുമായും തൊടാം, കൂടാം, സഹകരിക്കാം, ഒന്നിച്ചു ഭരിക്കാം. ഒരു കണ്ടീഷന്‍, അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും പ്രതിപക്ഷത്താണെങ്കില്‍ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. അധ്വാനസിദ്ധാന്തപ്രകാരം എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിരിക്കും. അതു മാറിമറിഞ്ഞുള്ള മാറ്റങ്ങളായിരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss