|    Mar 26 Sun, 2017 9:05 am
FLASH NEWS

സഭയില്‍ നിശ്ശബ്ദരായിരിക്കണം, അല്ലെങ്കില്‍ ഇറങ്ങിപ്പോവണം: പ്രതിപക്ഷത്തോട് ഗവര്‍ണര്‍; പ്രതിപക്ഷത്തെ ശാസിക്കുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

Published : 6th February 2016 | Posted By: SMR

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നിശ്ശബ്ദരായി ഇരിക്കുകയോ അല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോവുകയോ ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാക്കളോട് നിര്‍ദേശിച്ചു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നയപ്രഖ്യാപനത്തിനെത്തുന്ന ഗവര്‍ണര്‍ പ്രതിപക്ഷത്തെ ശാസിക്കുന്നത്.
സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുകയല്ലാതെ പ്രതിപക്ഷത്തെ നിയന്ത്രിക്കാന്‍ സാധാരണ ഗതിയില്‍ ഗവര്‍ണര്‍ തയ്യാറാവാറില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരേ അന്നത്തെ പ്രതിപക്ഷം നല്‍കിയ നിവേദനം ഗവര്‍ണറായിരുന്ന വി വിശ്വനാഥന്‍ സ്വീകരിച്ചതു മാത്രമാണ് ഇതിന് ഒരപവാദമായുള്ളത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായെത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ സഭയ്ക്കുള്ളില്‍ പ്രവേശിച്ചതു മുതല്‍ മുദ്രാവാക്യം വിളി തുടങ്ങി. ദേശീയഗാനത്തിനുശേഷം ഗവര്‍ണര്‍ പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എഴുന്നേറ്റു. ബാര്‍കോഴ കേസില്‍ പ്രതിയായി കല്‍ത്തുറുങ്കില്‍ കഴിയേണ്ട കെ എം മാണിക്കു വേണ്ടി കൂടിയാണ് അങ്ങ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതെന്നു പറഞ്ഞായിരുന്നു വി എസ് പ്രസംഗം തുടങ്ങിയത്.
അഴിമതികൊണ്ട് സര്‍ക്കാരിലുള്ള വിശ്വാസം പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു. സത്യസന്ധമായ അന്വേഷണം നടത്തണം. അതിനാവശ്യമായ നിര്‍ദേശങ്ങളും ആജ്ഞകളും നല്‍കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചശേഷം വിഎസ് ഇരുന്നു. നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നായിരുന്നു ഇതിനു ഗവര്‍ണറുടെ മറുപടി. ഇതിനുശേഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലേക്കു കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തില്‍നിന്നു പിന്‍മാറിയില്ല. തുടര്‍ന്നാണ് പ്രതിപക്ഷത്തെ ഉപദേശിച്ചും ശാസിച്ചും ഗവര്‍ണറുടെ ചരിത്രപരമായ ഇടപെടലുണ്ടായത്. ജനാധിപത്യപരമായ പ്രതിഷേധത്തിന് നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, തന്റെ ജോലിചെയ്യാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെ എതിര്‍ക്കുകയാണെന്ന് നിങ്ങള്‍ അറിയിച്ചുകഴിഞ്ഞു. അതുമതി. ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ ദയവായി നിങ്ങള്‍ അനുവദിക്കണം. ഒന്നുകില്‍ നിങ്ങള്‍ നിശ്ശബ്ദരായി ഇരിക്കണം. അല്ലെങ്കില്‍ പുറത്തുപോവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ എല്ലാ പ്രതിഷേധവും ഞാന്‍ മനസിലാക്കുന്നു. ഇതെല്ലാം ജനങ്ങള്‍ കണ്ടുകഴിഞ്ഞെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
എന്നിട്ടും പ്രതിഷേധം തുടര്‍ന്നതോടെയാണ് വി എസ് അച്യുതാനന്ദനെയും കോടിയേരി ബാലകൃഷ്ണനെയും പേരെടുത്തു പറഞ്ഞ് ശാസനാരൂപത്തില്‍ ഇടപെട്ടത്. ‘ഇതില്‍ കൂടുതല്‍ സഹിക്കാന്‍ ആര്‍ക്കും കഴിയില്ല. നയപ്രഖ്യാപനം നടത്താന്‍ ഭരണഘടനാപരമായി ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങള്‍ ദയവുചെയ്ത് ഭരണഘടന വായിക്കണം. ഭാവിയില്‍ നിങ്ങള്‍ക്കും ഇതു സംഭവിക്കാമെന്ന് നിങ്ങള്‍ക്കു നല്ലതുപോലെ അറിയാം. നിങ്ങള്‍ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. സഭയില്‍ ഇരിക്കണോ പുറത്തുപോവണോ എന്നുതീരുമാനിക്കേണ്ടതു നിങ്ങളാണ്. നിങ്ങളുടെ പ്രതിഷേധം എനിക്കെതിരേയല്ലെന്നും സര്‍ക്കാരിനെതിരേയാണെന്നും എനിക്ക് നല്ലതുപോലെ അറിയാം. എന്നാല്‍, ഇതിനൊക്കെ ഒരു പരിധിയുണ്ട്’- ഗവര്‍ണര്‍ വ്യക്തമാക്കി. ഇതോടെയാണ് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭവിട്ടത്.

(Visited 85 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക