|    Jan 22 Sun, 2017 7:47 pm
FLASH NEWS

സഭയില്‍ ‘താമര’ എത്തിയത് നേര്‍വഴിക്കോ?

Published : 23rd May 2016 | Posted By: mi.ptk

പി എ എം ഹനീഫ്
അതു സംഭവിച്ചു. കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു നിയമസഭാംഗം. കാസര്‍കോട് തൊട്ട് തിരുവനന്തപുരം വരെ എട്ടിലേറെ മല്‍സരങ്ങളില്‍ ജനം എഴുതിത്തള്ളിയ ഒ രാജഗോപാലാണ് ഈ അത്യപൂര്‍വ വിജയം ഇത്തവണ ബിജെപിക്ക് സമ്മാനിച്ചത്. എങ്ങനെ? ”ഇത്തവണ ഞാനില്ല” എന്ന് ഒ രാജഗോപാല്‍ തടസ്സം പറഞ്ഞതാണ്. ”വിജയിപ്പിക്കാം. രാജേട്ടന്‍ നോമിനേഷന്‍ കൊടുത്താല്‍ മാത്രം മതി” എന്നായിരുന്നു ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ശാഠ്യം. ബിജെപിക്കുള്ള അയിത്തം മാറില്ല എന്ന് രാജേട്ടനറിയാം. ഒടുവില്‍ രാജേട്ടന്‍ സമ്മതിച്ചു. 67,813 വോട്ട് നേടുകയും ചെയ്തു. മകന്‍ ശ്യാമപ്രസാദ് ശരിക്കും ഇറങ്ങിക്കളിച്ചു. വോട്ട് വന്ന വഴികള്‍ ഏതൊക്കെ?ഒന്ന്, യുഡിഎഫ് നേതാക്കളായ കമ്പറ നാരായണന്‍, കൈമനം പ്രഭാകരന്‍, മഹേശ്വരന്‍ നായര്‍, മുടവന്‍മുഗള്‍ രവി, സുഭാഷ് ബോസ് തുടങ്ങിയവര്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ളയുമായി ഒത്തുചേര്‍ന്ന് വന്‍ തുകയ്ക്ക് വോട്ടുകച്ചവടം സാധ്യമാക്കി. മെയ് 14ന് കമ്പറ നാരായണന്റെ ഭവനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റും മേല്‍പ്പറഞ്ഞ യുഡിഎഫ് മണ്ഡലം നേതാക്കളും വിലപേശി വോട്ടുകച്ചവടം ഉറപ്പിച്ചു. രണ്ട്, പോളിങ് ദിനത്തില്‍ യുഡിഎഫിന്റെ നൂറിലധികം ബൂത്തുകളില്‍ ഇന്‍-ഔട്ട് ഏജന്റുമാര്‍ ഹാജരായതേയില്ല. ആകെ 151 ബൂത്താണ് നേമത്ത്. മൂന്ന്, ഏജന്റുമാര്‍ രാവിലെ ഹാജരായ ബൂത്തുകളില്‍ ഉച്ചയ്ക്കുശേഷം ആരും തിരിഞ്ഞുനോക്കിയില്ല. നാല്, യുഡിഎഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍പിള്ള 70 ബൂത്തില്‍ മാത്രമേ പോളിങ്ദിനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയിട്ടുള്ളൂ. ഈ വിശ്വസിക്കാവുന്ന തെളിവുകള്‍ നിരത്തുന്നത് പരാജിതനായ സ്ഥാനാര്‍ഥി സിപിഎമ്മിന്റെ വി ശിവന്‍കുട്ടി ആയതിനാല്‍ തോറ്റവന്റെ ‘വിലാപം’ എന്ന നിലയ്ക്ക് നമുക്കു വെറുതെവിടാം. 2011ല്‍ ചാരുപാറ രവി 20,248 വോട്ട് വാങ്ങിയ നേമം മണ്ഡലത്തില്‍ 2016ല്‍ സുരേന്ദ്രന്‍പിള്ള 13,860 വോട്ട് വാങ്ങിയതിലാണ് തിരിമറികളേറെ. നേമം മണ്ഡലത്തിന്റെ ജാതി-മത വോട്ടുകളുടെയും വര്‍ധിച്ച സ്ത്രീ-യുവ വോട്ടര്‍മാരുടെയും ‘താമര’ വിരിയുന്നതിലുള്ള അസന്തുഷ്ടിയും കണക്കിലെടുക്കുമ്പോഴാണ് നല്ലവഴിക്കല്ല നേമത്ത് ‘താമര’ വിരിഞ്ഞതെന്ന് ബോധ്യപ്പെട്ടത്. ഇക്കുറി 886 വോട്ട് വാങ്ങി ‘നോട്ട’ ഇവിടെ സുരേന്ദ്രന്‍പിള്ളയ്ക്ക് പിറകിലെത്തിയതിലൂടെയും വോട്ടുവില്‍പന മനസ്സിലാക്കിയതിലൂടെ ചിലരെങ്കിലും ‘നോട്ട’യെ സ്വീകരിച്ചതായി മനസ്സിലാക്കാം. എ നൗഷാദ് (406), ശംലജാ ബീവി (330), ജെ വിക്രമന്‍ പ്രിച്ചല്ലൂര്‍ (170), ജയിന്‍ വില്‍സണ്‍ (163), സൈലേശ്വര ബാബു (114) എന്നീ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വോട്ടും ബിജെപി ജില്ലാ നേതൃത്വത്തിലുണ്ടായ വിലപേശലിന്റെ ഭാഗമായി മരവിച്ച് ബാക്കിവന്ന വോട്ടുകളാണ്. ജയിന്‍ വില്‍സണ്‍ 2011ല്‍ 964 വോട്ട് നേടിയതുമായി കൂട്ടിവായിച്ചാല്‍ ബിജെപി ശരിക്കും ‘പിന്‍വാതില്‍’ കളികള്‍ പതിവിലേറെ നടത്തി എന്നതു സുവ്യക്തം. അതൊക്കെ ബിജെപിയുടെ കളികള്‍. പക്ഷേ, സുരേന്ദ്രന്‍ പിള്ളയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടിച്ചതടക്കം സുധീരമായി ഇന്ദിരാഭവനിലിരുന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി സഗൗരവം തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ കരുക്കള്‍ നീക്കി നിയന്ത്രിച്ചത് കെപിസിസി പ്രസിഡന്റാവുമ്പോള്‍ ‘താമര’ കേരള നിയമസഭയില്‍ വിരിഞ്ഞതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തത്തില്‍നിന്ന്് കോണ്‍ഗ്രസ്സിന് കൈകഴുകാനാവുമോ? 150 ലക്ഷം രൂപ നേമത്ത് മാത്രം പകിടമറിഞ്ഞെന്ന സത്യത്തിനും വല്ല നീതീകരണവുമുണ്ടോ? 140 മണ്ഡലങ്ങളിലും സത്യം-നീതി-ധര്‍മം ഇത്യാദികളുടെ കഴുത്തു ഞെരിഞ്ഞിട്ടുണ്ടാവാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക