|    Apr 24 Mon, 2017 3:10 am
FLASH NEWS

സപ്ലൈ ഓഫിസുകളില്‍ മുന്‍ഗണനാ പട്ടികയിലുള്‍പ്പെടാത്തവരുടെ വന്‍തിരക്ക്

Published : 25th October 2016 | Posted By: SMR

മഞ്ചേരി:  താലൂക്ക് സപ്ലൈ ഓഫിസുകളില്‍ റേഷന്‍ കാര്‍ഡുടമകളുടെ വന്‍ തിരക്ക്. കഴിഞ്ഞ തവണ മുന്‍ഗണ(ബിപിഎല്‍)പട്ടികയിലുള്‍പെട്ടവരും  ഇപ്പോഴില്ലാത്തവരുമാണ് അപേക്ഷയുമായി താലൂക്ക് ഓഫിസുകളില്‍ നിറഞ്ഞു കവിഞ്ഞത്.  ലിസ്റ്റിലില്ലാത്തവര്‍ക്ക് അരിയുണ്ടാവില്ലെന്ന ആശങ്ക മൂലം നിലവിലെ എപിഎല്ലുകാര്‍ മുന്‍ഗണനാ പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടും എത്തിച്ചേര്‍ന്നതോടെ  മറ്റു പ്രവര്‍ത്തികള്‍ ചെയ്യാനാവാതെ ജില്ലയിലെ സപ്ലൈഓഫിസുകള്‍ സ്തരംഭിച്ചിരിക്കുകയാണ്. എല്ലാ ജീവനക്കാരും അപേക്ഷ സ്വീകരിക്കാനുള്ള ജോലിയിലേര്‍പെട്ടിരിക്കുകയാണ്.   20മുതലാണ് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചതെങ്കിലും ശനിയാഴ്ചമുതലാണ് ഓഫിസില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ ആറു മണിമുതല്‍ തന്നെ  പ്രായമുള്ളവരും കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്നവരുടെ  നീണ്ട വരി ഇന്നലെയുണ്ടായി. 12 മണിയോടെ തന്നെ  മിനി സിവില്‍ സ്റ്റേഷന്‍ നിറഞ്ഞു കവിഞ്ഞ് ക്യു റോഡിലെത്തിയിരുന്നു. അപേക്ഷക്ക് പുറമെ കാര്‍ഡിന്റെ പകര്‍പ്പും ആവശ്യപ്പെട്ടതോടെ ആളുകള്‍ കൂടുതല്‍ പ്രയാസത്തിലാവുകയും ചെയ്തു.  മുന്‍ഗണനയില്ലാത്ത കാര്‍ഡുകള്‍ ലഭിച്ചവരില്‍   പലരും വിധവകളും രോഗികളും കൂലിപ്പണിക്കാരുമാണ്. കൂലി വേലയെടുക്കുന്ന  കീഴുപറമ്പിലെ  ആമിനക്ക് ഭര്‍ത്താവോ ആണ്‍മക്കളോ ഇല്ല. റേഷന്‍ വാങ്ങണമെങ്കില്‍ തന്നെ കൂലിപ്പണിയെടുക്കണം. ഇപ്പോള്‍ രണ്ടുമില്ലാത്ത സ്ഥിതിയാണ് ഇനി ഞാനെന്തു ചെയ്യും. ആമിന പരിതപിച്ചു. എടവണ്ണ ചാത്തല്ലൂരിലെ ഫാത്തിമക്കും സുലൈഖക്കും വരുമാനമില്ല. എല്ലാ വിവരങ്ങളും ശരിയായി എഴുതിക്കൊടുത്തിട്ടും സര്‍ക്കാര്‍ ഞങ്ങളെ ശരിയാക്കിയിരിക്കുകയാണ് സുലൈഖ പറഞ്ഞു. അരീക്കോട് പഞ്ചായത്തിലെ കൃഷ്ണന്  നാല് പെണ്‍മക്കളാണ്,  നാല് സെന്റ് ഭുമിയല്ലാതെ വരുമാനമില്ല, എന്നിട്ടും ഞങ്ങളെ അരി കിട്ടാത്തവരുടെ ലിസ്റ്റില്‍ ഉള്‍പെടുത്തി, കൃഷ്ണന്റെ ഭാര്യ പറയുന്നു. കാവനൂരിലെ വേലായുധന്‍ എസ്‌സി വിഭാഗത്തില്‍പെട്ടവരാണ്, ഇയാളും നോണ്‍ പ്രിയോറിറ്റി ലിസ്റ്റിലാണുള്ളത്. അതേസമയം ഗള്‍ഫില്‍ കച്ചവടം നടത്തുന്നവരും കോടികളുടെ കാറുള്ളയാളും പ്രിയോറിറ്റി ലിസ്റ്റില്‍ കയറക്കുടിയിട്ടുണ്ടെന്ന് ഒരു കാര്‍ഡുടമ പറഞ്ഞു. പ്രദേശത്തെ രാഷ്ട്രീയക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടുപിടിച്ച് ഇഷ്ടപ്പെട്ടവരെ ലിസ്റ്റില്‍ ഉള്‍പെടുത്തിയതായി ഇതിനകം  ആരോപണമുയര്‍ന്നിട്ടുണ്ട്. ആളുകളുടെ തിരക്ക് കാരണം  മിനിസിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലേക്കെത്തിയ ജീവനക്കാര്‍ കയറാവാതെ പ്രയാസപ്പെട്ടു. അപേക്ഷകരുടെ തിരക്ക് ഇന്നലെ വൈകിയും തുടരുകയാണ്.  ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫിലും ഇന്നലെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.  ജില്ലയില്‍ ഇന്നലെ വരെ 7000ഓളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ ഇകെ വല്‍സല പറഞ്ഞു.  ഇപ്പോള്‍ ബിപിഎലി ല്‍ നിന്നും പുറത്തായവരുടെ അപേക്ഷയും അര്‍ഹരായ എപിഎല്‍ കാരുടെ അപേക്ഷകളുമാണ് സ്വീകരിക്കുന്നത്. ഇന്ന് മുതല്‍ വില്ലേജ്, പഞ്ചായത്ത് ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസര്‍ പറഞ്ഞു.  പൂരിപ്പിച്ച സമയത്ത് ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവരായിരിക്കാം  ലിസ്റ്റിന് പുറത്തായവരില്‍ കൂടുതലും എന്ന്  ഏറനാട് താലൂക്ക് സപ്ലൈ ഓഫിസര്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു. കാന്‍സര്‍ രോഗികള്‍, മറ്റു മാറാരോഗികളുടേയും മറ്റും അപേക്ഷകള്‍ ഇവിടെ വച്ച് തന്നെ പരിഹരിക്കുന്നുണ്ട്. വിഗലാംഗര്‍, തൊഴിലുറപ്പ് ജോലിക്കാര്‍, ക്രോണിക് രോഗികള്‍,ഓട്ടിസം ബാധിച്ചവര്‍, എന്നിവരുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. 30വരെ അപേക്ഷ സ്വീകരിക്കും. അടുത്ത മാസം 15ന് ശേഷം അതാത് പഞ്ചായത്തുകളില്‍ ഹിയറിങിന് വിളിക്കും. സപ്ലൈ ഓഫിസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍, ഐസിഡിഎസ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘമാണ് തീരുമാനമെടുക്കുക. ഇതിലും പരാതികളുള്ളവര്‍ക്ക് അപ്പീല്‍ അതോറിറ്റിയുമായി ബന്ധപ്പെടാമെന്നും സപ്ലൈഓഫിസര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day