|    Mar 26 Sun, 2017 11:10 am
FLASH NEWS

സപ്ലൈ ഓഫിസര്‍മാരുടെ സ്ഥലം മാറ്റം; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മറിഞ്ഞത് ലക്ഷങ്ങള്‍

Published : 24th August 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്തെ വിവിധ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ സ്ഥലംമാറ്റത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒഴുക്കിയത് ലക്ഷങ്ങള്‍. ഇഷ്ടപ്പെട്ട ജില്ലയിലേക്ക് മാറ്റത്തിനാണ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടിയുടെ ആളുകള്‍ വ്യാപകമായി പണം വാങ്ങിയത്. പ്രധാനമായും റേഷന്‍ കടകളില്‍ ലഭിക്കുന്ന ഒരു രൂപയുടെ അരി മറിച്ചുവില്‍ക്കാന്‍ അവസരം ലഭിക്കുമെന്നതിനാലാണ് ജീവനക്കാര്‍ പണവുമായി പാര്‍ട്ടി ഭാരവാഹികളെ സമീപിച്ചത്.
കോയമ്പത്തൂര്‍, സേലം ഏജന്റുമാര്‍ വഴിയാണ് അരിയും മറ്റും കടത്തിയതെന്നാണ് വിവരം. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സപ്ലൈ ഓഫിസര്‍മാരും ഇതിനു സഹായികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം നല്‍കിയത് തൃശൂര്‍ ജില്ലാ സപ്ലൈ ഓഫിസര്‍ തസ്തികയ്ക്കാണ്. 12 ലക്ഷം രൂപയാണത്രെ കഴിഞ്ഞ വര്‍ഷം ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടി ഭാരവാഹിക്ക് നല്‍കിയത്. നിയമനം ലഭിച്ച ജീവനക്കാരന്‍ 15 മാസത്തിനുള്ളില്‍ തന്നെ ഇതിലുമധികം രൂപ നേടിയെടുത്തെന്നാണ് വിവരം. രണ്ടാം സ്ഥാനത്തുള്ള പത്തനംതിട്ടയിലും സ്ഥിതി വ്യത്യസ്തമല്ല. എട്ടു ലക്ഷമാണത്രെ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറുടെ ട്രാന്‍സ്ഫര്‍ ചാര്‍ജ്. മലപ്പുറം ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ അഞ്ചു ലക്ഷമാണ് തുക.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് മാറ്റത്തിനായി ഒരു ജീവനക്കാരി ആഗ്രഹം പ്രകടിപ്പിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജില്ലാ നേതാവ് രംഗത്തെത്തി. മൂന്നു ലക്ഷത്തിന് കച്ചവടം ഉറപ്പിക്കുകയും 50,000 രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. എന്നാല്‍, അഞ്ചു ലക്ഷം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തു നിന്നും മറ്റൊരാള്‍ എത്തിയതോടെ യുവതിക്ക് സീറ്റ് പോയി. അഡ്വാന്‍സായി നല്‍കിയ പണം പിന്നീട് ജീവനക്കാരിക്ക് തിരിച്ചു ലഭിച്ചതുമില്ല.
മാറ്റത്തിന് താരതമ്യേന കുറഞ്ഞ പണം നല്‍കുന്നത് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കാണ്. എറണാകുളമാണ് നാലാം സ്ഥാനത്തുള്ളത്. ഈ ഭരണത്തിലും ട്രാന്‍സ്ഫറിന് വേണ്ടി ജീവനക്കാര്‍ നെട്ടോട്ടമോടാന്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പുറത്തിറക്കിയെങ്കിലും പിന്നീടുള്ളത് പിടിച്ചുവച്ചിരിക്കുകയാണ്. കഴിഞ്ഞ ഇടതു ഭരണത്തില്‍ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടിയിലെ ഒരു അഭിഭാഷകന്‍ ലക്ഷങ്ങള്‍ നേടിയിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക