|    Dec 16 Sat, 2017 8:35 pm
FLASH NEWS

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കിയില്ല; കര്‍ഷകര്‍ വലയുന്നു

Published : 2nd August 2017 | Posted By: fsq

 

വൈക്കം: തലയാഴം പഞ്ചായത്ത് പനച്ചിന്‍തുരുത്ത് മാന്നാശ്ശേരി പാടശേഖരത്തില്‍ വര്‍ഷകൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. ഏഴു മാസം മുമ്പ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഇതുവരെ വിതരണം ചെയ്യാത്തതാണ് കാരണം. 40 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ വര്‍ഷ കൃഷിയിറക്കാന്‍ ആദ്യഘട്ടം ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ന്നുള്ള ജോലികള്‍ നടത്തണമെങ്കില്‍ വലിയ സാമ്പത്തിക ചെലവ് ആവശ്യമായി വരും. 2250 ക്വിന്റല്‍ നെല്ല് സപ്ലൈകോ ഏറ്റെടുത്തിട്ട് ഏഴു മാസം കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് കിട്ടേതുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 45ഓളം ചെറുകിട കര്‍ഷകര്‍ തുക കിട്ടാന്‍ കാത്തിരിക്കുകയാണ്. വായ്പയെടുത്തും മറ്റും കൃഷി നടത്തിയ ഇനത്തില്‍ കൊടുത്ത് തീര്‍ക്കേണ്ട ബാധ്യതകളും കര്‍ഷകരെ വിഷമിപ്പിക്കുന്നു.കാലവര്‍ഷത്തിന്റെ അനുകൂല സാഹചര്യത്തില്‍ വര്‍ഷ കൃഷിയിറക്കാന്‍ വൈകിയാല്‍ ഈ വര്‍ഷത്തെ കൃഷി മുടങ്ങുമോ എന്ന ആശങ്കയിലാണു കര്‍ഷകര്‍. പെട്ടിയും പറയും വാടകയ്‌ക്കെടുത്ത് വെള്ളം വറ്റിച്ച് പുളിയിളക്കം മാറ്റേണ്ടതുണ്ട്. കൂടാതെ ട്രില്ലര്‍ ഉപയോഗിച്ച് കൃഷിയിടം ഒരുക്കണം. അടിസ്ഥാന വളപ്രയോഗവും നടത്തണം. ഇതിന് വന്‍ സാമ്പത്തിക ചെലവ് വരും. സംഭരിച്ച നെല്ലിന്റെ തുകയ്ക്കു വേണ്ടി സപ്ലൈകോയുടെ മേലധികാരികളുമായി പാടശേഖരസമിതി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണെന്ന് കണ്‍വീനര്‍ ഗോപാലകൃഷ്ണനും പ്രസിഡന്റ് രമേശനും പറഞ്ഞു. ഓരോ വര്‍ഷത്തെ കൃഷിയും അതിന്റെ വരുമാന മാര്‍ഗത്തെയും ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ അധികാരികളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss