|    Oct 21 Sat, 2017 4:02 pm
FLASH NEWS

സപ്ലൈകോ വാവാട് എക്‌സ്റ്റന്‍ഷന്‍ കൗണ്ടറില്‍ നാട്ടുകാരുടെ പ്രതിഷേധം

Published : 29th July 2016 | Posted By: SMR

കൊടുവള്ളി: സപ്ലൈകോ വാവാട് എക്‌സ്റ്റന്‍ഷന്‍ കൗണ്ടറില്‍ പ്രദേശവാസികളായ തൊഴിലാളികളെ കൊണ്ട് ലോഡിറക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വെള്ളയിലെ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിലെ അസൗകര്യം കണക്കിലെടുത്ത് കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതക്കരികില്‍ വാവാട് അങ്ങാടിയില്‍ തുടങ്ങിയ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ ജോലിക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് നീണ്ടുപോയതിനെ തുടര്‍ന്ന് വെള്ളയില്‍ കേന്ദ്രത്തില്‍ നിന്ന് ഏഴ് പേരെയും കൊയിലാണ്ടിയില്‍ നിന്ന് രണ്ട് പേരെയും വാവാട് നിന്ന് പ്രദേശവാസികളായ മൂന്ന് പേരെയും ജോലിക്ക് നിയമിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ആക്ഷന്‍ കമ്മിറ്റി നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ, കൗണ്ടറിലേക്ക് ഭക്ഷ്യ വസ്തുക്കളുമായി ലോറികള്‍ വരുന്നെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വ്യാഴാഴ്ച്ച രാവിലെ മുതല്‍ കേന്ദ്രത്തിന് മുന്നില്‍ തമ്പടിക്കുകയും ഉച്ചക്ക് പന്ത്രണ്ടരയോടെയെത്തിയ ലോറിയില്‍ നിന്ന് പുറത്ത് നിന്നുള്ള തൊഴിലാളികളെ കൊണ്ട് ലോഡിറക്കാനുള്ള ശ്രമം തടയുകയുമായിരുന്നു. താമരശ്ശേരി ഡിവൈഎസ്പി ശ്രീകുമാര്‍, കൊടുവള്ളി സിഐ ബിശ്വാസ് എന്നിവരുടെ നേതൃത്തില്‍ പോലീസും സപ്ലൈകോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തടയാനെത്തിയവരെ നീക്കം ചെയ്യാന്‍ ശ്രമം ആരംഭിച്ചു. അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ നാട്ടുകാരെത്തിയതോടെ പ്രശ്‌നം രൂക്ഷമായി. തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്യുകയായിരുന്നു. പീന്നീട് സപ്ലൈകോ അധികൃതരും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് ലോഡ് വീതം വെള്ളയില്‍ നിന്നെത്തിയ തൊഴിലാളികളും പ്രദേശവാസികളായ തൊഴിലാളികളും ഇറക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, സപ്ലൈ ഓഫീസര്‍, തൊഴിലാളികള്‍ എന്നിവര്‍ ഇന്ന് യോഗം ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക