|    Aug 17 Fri, 2018 9:28 am
Home   >  Todays Paper  >  Page 5  >  

സപ്ലൈകോ: മുന്നൊരുക്കമില്ലാതെ ഓണ്‍ലൈന്‍ ബില്ലിങ് ; ആവശ്യത്തിനു കംപ്യൂട്ടറും ജീവനക്കാരുമില്ല

Published : 7th August 2018 | Posted By: kasim kzm

പി എം അഹ്മദ്

തിരുവനന്തപുരം: ഏറ്റവും തിരക്കേറിയ ഓണ വിപണിയോട് അനുബന്ധിച്ച് യാതൊരു മുന്നൊരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ബില്ലിങ് നടപ്പാക്കിയ സപ്ലൈകോ അധികൃതരുടെ നടപടി തിരിച്ചടിയാവും. പല ഔട്‌ലെറ്റുകളിലും ആവശ്യത്തിനു കംപ്യൂട്ടറുകളില്ലാത്തതിനാല്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാന്‍ നിര്‍ദേശം വന്നതായാണ് അറിയുന്നത്. കുറച്ചു ദിവസത്തെ വാടക കാശുണ്ടെങ്കില്‍ പുതിയതു വാങ്ങാവുന്നതേയുള്ളൂ. പല സ്ഥലങ്ങളിലും കംപ്യൂട്ടറുകള്‍ വാടകയ്ക്ക് ലഭ്യവുമല്ല. വാടകയ്‌ക്കെടുക്കുന്ന കംപ്യൂട്ടറുകള്‍ പണിമുടക്കിയാല്‍ സര്‍വീസിങ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി കൂടും.
കൂടാതെ ബില്ലടിക്കാനുള്ള പ്രിന്ററുകള്‍ പോലും പലസ്ഥലങ്ങളിലും ഇല്ല. സബ്‌സിഡി സാധനങ്ങള്‍ ദുരുപയോഗം ചെയുന്നതു തടയുന്നതിനാണ് ഓണ്‍ലൈന്‍ ബില്ലിങ് സമ്പ്രദായം ആഗസ്ത് ഒന്നു മുതല്‍ നടപ്പാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിഷ്‌കാരം നടപ്പാക്കുന്നതിനു യാതൊരു അടിസ്ഥാനസൗകര്യവും ഒരുക്കിയിട്ടില്ല. സപ്ലൈകോ ഔട്ട്‌ലെറ്റുകളായ മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉള്ള കംപ്യൂട്ടറുകളാവട്ടെ വളരെ കാലപ്പഴക്കം ചെന്നവയാണ്. പുതിയ സംവിധാനം അതില്‍ പ്രായോഗികവുമല്ല.
ഓണ്‍ലൈന്‍ പ്രയോഗത്തിലായതോടെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടായിരിക്കുകയാണ്്. ഒരു ഉപഭോക്താവിന് ഒരേ സമയം ഒരേ കംപ്യൂട്ടറില്‍ രണ്ടുതരം ബില്ലുകള്‍ അടിക്കണം. ഒന്ന് സബ്—സിഡി സാധനങ്ങള്‍ക്കു മാത്രവും മറ്റൊന്നു സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ക്കും. അടിച്ചുകഴിഞ്ഞാല്‍ രണ്ടു ബില്ലുകളും കീറിയെടുത്തു തുകകള്‍ കൂട്ടിയെടുക്കണം. ആകെ തുക കംപ്യൂട്ടറില്‍ കിട്ടുകയില്ല. ബില്ലടിക്കുമ്പോള്‍ സബ്‌സിഡി സാധനങ്ങള്‍ സ്റ്റോക്കില്‍ നിന്നു കുറയുകയുമില്ല. തിരക്കിനിടെ ബില്ലുകളെല്ലാം കൂട്ടിയെടുക്കാന്‍ വിട്ടുപോയാല്‍ ഔട്ട്‌ലെറ്റ് മാനേജരുടെ പണം പോയതു തന്നെ. പുതിയ സംവിധാനമായതിനാല്‍ പലപ്പോഴും നെറ്റ് ലഭിക്കാതാവുകയും ബില്ലടിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഉപഭോക്താക്കളുമായുള്ള തര്‍ക്കത്തിലേക്കു നീങ്ങും. മാസത്തിന്റെ ആദ്യദിവസങ്ങളിലാണ് ഏറ്റവും തിരക്കുള്ളത്. പക്ഷേ, ഈ മാസം ഇക്കാരണങ്ങളാല്‍ വില്‍പന വളരെ കുറഞ്ഞിട്ടുണ്ട്. പരീക്ഷിച്ചുനോക്കാതെ പുതിയ സംവിധാനം ഓണ മാസത്തില്‍ നടപ്പാക്കുന്നതു ദോഷം ചെയ്യുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമമുണ്ട്. റേഷന്‍ കാര്‍ഡില്‍ പതിച്ചാണു സബ്‌സിഡി സാധനങ്ങള്‍ വില്‍പന നടത്തുന്നത്. ഇതുമൂലം മറ്റൊരു ഔട്ട്‌ലെറ്റില്‍ നിന്നും അതേ കാര്‍ഡുപയോഗിച്ചു സബ്‌സിഡി സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. പിന്നെന്തിനാണു പരിഷ്‌കാരം എന്നതിന് മറുപടിയില്ല. തിരക്ക് കുറവുള്ള ഒരു മാസം ട്രയല്‍ നടത്തി വേണമായിരുന്നു ഓണ്‍ലൈന്‍ ബില്ലിങ് ഏര്‍പ്പെടുത്താന്‍. സപ്ലൈകോയുടെ പല ഔട്ട്‌ലെറ്റുകളിലും സ്റ്റാഫില്ല. ജനങ്ങള്‍ കാണുന്ന സ്റ്റാഫ് സപ്ലൈകോയുടേതല്ല. അവര്‍ ദിവസക്കൂലിക്കാരാണ്. ആവശ്യത്തിനു സ്റ്റാഫ് നിയമനം ഇല്ലാത്തതിനാല്‍ രണ്ടും മൂന്നും മാവേലി സ്റ്റോറുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഒരു ചാര്‍ജ്മാനാണുള്ളത്.
ദിവസവേതനക്കാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന വീഴ്ചകള്‍ക്കും ചാര്‍ജ്മാനാണ് സമാധാനം ബോധിപ്പിക്കേണ്ടത്. സിസി ടിവി സ്ഥാപിക്കണമെന്ന ആവശ്യവും ആവശ്യത്തിന് കംപ്യൂട്ടറും ത്രാസും നല്‍കണമെന്ന ആവശ്യവും തിരക്കേറിയ ഓണം എത്തിയിട്ടും ഹെഡ് ഓഫിസ് പരിഗണിച്ചിട്ടില്ല. സ്റ്റാഫും സൗകര്യങ്ങളുമില്ലാത്ത കടകള്‍ പരിശോധിക്കാനെത്തുന്നതു സംസ്ഥാന തലത്തിലുള്ള ഒരു പോലിസ് വിജിലന്‍സ് ഓഫിസറും സ്റ്റാഫും ഫഌയിങ് സ്‌ക്വാഡും.
കൂടാതെ ഔട്ട്‌ലെറ്റുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഫയലുകള്‍ വച്ചു താമസിപ്പിച്ച മാനേജര്‍മാര്‍, റീജ്യനല്‍ മാനേജര്‍മാര്‍ തുടങ്ങിയവരാണ്. ഇവര്‍ ഏതാനും കിലോഗ്രാം സാധനങ്ങള്‍ വ്യത്യാസം കണ്ടുപിടിച്ചാല്‍ കര്‍ശന നടപടിയെടുക്കും. എന്നാല്‍ പൊതുവിപണിയില്‍ 10 രൂപയ്ക്കു കിട്ടുന്ന സാധനം 15 രൂപയ്ക്കു വാങ്ങി ഒമ്പതു രൂപയ്ക്കു സബ്—സിഡി നിരക്കില്‍ വിറ്റു സര്‍ക്കാരിന്റെ പൊതുസ്വത്തു നശിപ്പിക്കുന്നത് ഇതുവരെയും ഒരു വിജിലന്‍സ് സ്—ക്വാഡും പിടിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ അങ്കണവാടികള്‍ക്കും മറ്റും മൊത്തമായ നിരില്‍ വലിയ ബിസിനസ് ഉണ്ടായിരുന്നതു നഷ്ടപ്പെട്ട് കഴിഞ്ഞു. സബ്‌സിഡി വില്‍പനയില്‍ ഉണ്ടാവുന്ന വലിയ നഷ്ടത്തിന്റെ ഒരു ഭാഗം നികത്താന്‍ ഇതുവഴി കഴിഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss