|    Oct 20 Fri, 2017 6:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സപ്ലൈകോ എംഡിക്കെതിരേ നടപടി ഉണ്ടായേക്കും

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. ആശ തോമസിനെതിരായ അച്ചടക്കനടപടിയെക്കുറിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഓണക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി അഞ്ചുകിലോ അരി വിതരണം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്ന പരാതിയെത്തുടര്‍ന്നാണു നടപടി.
ആശ തോമസിന്റെ നിരുത്തരവാദിത്തവും പിടിവാശിയുംമൂലം അരിവിതരണം മുടങ്ങുകയും അതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്തുവെന്ന പരാതി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണു വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് ഉചിതമായ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. സൗജന്യ അരിവിതരണ പദ്ധതി മുടങ്ങിയതിനെതിരേ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അരി വിതരണം മുടങ്ങിയത് സംബന്ധിച്ച് ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നു മന്ത്രി റിപോര്‍ട്ട് തേടിയിരുന്നു. ഈ രണ്ടു വകുപ്പുകളും സപ്ലൈകോ എംഡിയുടെ പിടിവാശി ചൂണ്ടിക്കാട്ടിയാണ് റിപോര്‍ട്ട് നല്‍കിയത്.
എന്നാല്‍, വീഴ്ചയുടെ ഉത്തരവാദിത്തം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണെന്നായിരുന്നു എംഡിയുടെ നിലപാട്. ഉത്തരവ് ഇറക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് എംഡി ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് 31വരെ അരിവിതരണത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിരുന്നില്ല. സൗജന്യവിതരണത്തിന് അരി സ്‌റ്റോക്കില്ലെന്നും പൊതുവിപണിയില്‍നിന്ന് വാങ്ങേണ്ടിവരുമെന്നും കാണിച്ച് ജൂലൈ 16ന് ഉള്‍പ്പെടെ നാലുതവണ കത്തയച്ചിട്ടും പലതവണ ഫോണ്‍ വിളിച്ചിട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മറുപടിയുണ്ടായില്ല. ഒടുവില്‍ 31നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഫാക്‌സില്‍ ലഭിക്കുന്നത്. വീണ്ടും സപ്ലൈകോ ഇടപെട്ടാണ് ആറിന് പൊതുവിപണിയില്‍ നിന്ന് അരി വാങ്ങാന്‍ അനുമതി കിട്ടിയതെന്നും എംഡി പറയുന്നു.
എന്നാല്‍, ഇത് തെറ്റാണെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ട്ട്. ജൂലൈ 16ന് സപ്ലൈകോ നല്‍കിയ കത്തില്‍ അരി സ്‌റ്റോക്കുള്ള ജില്ലതിരിച്ച് കണക്കുണ്ടായിരുന്നു. എങ്കിലും ആഗസ്തിലെ അരികൂടി കൂട്ടി സ്‌റ്റോക്ക് അറിയിക്കണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടു. 13,000 സ്‌കൂളുകളിലും എഇഒമാര്‍ നേരിട്ടുപോയി കണക്കെടുക്കാന്‍ ഒരുമാസമെടുത്തു. 20ന് ഇത് സര്‍ക്കാരിലേക്ക് അയക്കുകയും 29നു സര്‍ക്കാര്‍ അരിവിതരണത്തിന് ഉത്തരവിറക്കുകയും ചെയ്തു. ജൂലൈയിലെ സ്‌റ്റോക്കും കുട്ടികളുടെ എണ്ണവും അറിയാമെന്നിരിക്കെ ഉത്തരവ് കിട്ടിയിട്ടേ അരി വാങ്ങൂവെന്ന എംഡിയുടെ പിടിവാശിയാണു പ്രതിസന്ധി സൃഷ്ടിച്ചതെന്നാണു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക