|    Apr 21 Sat, 2018 9:36 am
FLASH NEWS

സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയര്‍

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കുറവുമായി സപ്ലൈകോയുടെ റമദാന്‍ മെട്രോ ഫെയര്‍ പ്രവര്‍ത്തനം തുടങ്ങി. പോലീസ് കമ്മീഷണര്‍ ഓഫീസിനു എതിര്‍വശത്തുള്ള ജില്ലാ മെഡിക്കല്‍ ലാബറട്ടറി കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഫെയര്‍ കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ വിപണിവിലയുടെ പകുതിയോളം വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലൈകോ ഫെയര്‍ സാധാരണക്കാര്‍ക്ക് ഈ ആഘോഷവേളയില്‍ ഏറെ ആശ്വാസകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പൊതുവിപണിയിലെ വിലവര്‍ധന പിടിച്ചുകെട്ടാന്‍ സപ്ലൈകോ നടത്തുന്നതു പോലുള്ള ഇടപെടലുകളിലൂടെ ഒരു പരിധിവരെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഡോ. എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു.
മെട്രോ ഫെയറിലെ ആദ്യവില്‍പ്പന കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ബാലചന്ദ്രന്‍ നമ്പ്യാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ പാര്‍ട്ടി പ്രതിനിധികളായി എം കെ എം കുട്ടി, പി ടി ആസാദ്, പി ആര്‍ സുനില്‍ സിംഗ്, സി പി ഹമീദ്, എന്‍ വി ബാബുരാജ്, വീരാന്‍കുട്ടി, സപ്ലൈകോ റീജ്യണല്‍ മാനേജര്‍ രാജീവ്, താലൂക്ക് സപ്ലൈ ഓഫീസര്‍ വി എസ് സനല്‍കുമാര്‍ സംസാരിച്ചു. സപ്ലൈകോയിലെ വിലവിവരം (ഒരു കിലോഗ്രാമിന് രൂപ നിരക്കില്‍)- പഞ്ചസാര 22, കടല 43, ചെറുപയര്‍ 74, ഉഴുന്ന് 66, തുവരപ്പരിപ്പ് 65, വന്‍പയര്‍ 45, മുളക് 75, മല്ലി 92, കുറുവ അരി 25, മട്ട അരി 24, പച്ചരി 23, ഗ്രീന്‍പീസ് 36, ശബരി വെളിച്ചെണ്ണ 88. ബിരിയാണി അരി കയമ ത്രീ ഡിയര്‍ 55.55, എ.കെ.ആര്‍ കയമ 65.50, റോയല്‍ കോല 42.65, കോല ഓര്‍ഡിനറി 36.70.
ഇതിനു പുറമെ വിവിധയിനം പച്ചക്കറികള്‍, സപ്ലൈകോയുടെ കീഴിലുള്ള 30 ഓളം ഉല്‍പ്പന്നങ്ങള്‍, സോപ്പ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ മാവേലി ഇതര ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇവിടെ വിലക്കുറവില്‍ ലഭിക്കും. മെട്രോ ഫെയറിന്റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ റേഷന്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് മാനേജര്‍ അറിയിച്ചു. ഈ മാസം അഞ്ച് വരെ രാവിലെ 9 മുതല്‍ വൈകീട്ട് 8 മണി വരെയാണ് മെട്രോ ഫെയര്‍ പ്രവര്‍ത്തിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss