|    Mar 29 Wed, 2017 10:49 pm
FLASH NEWS

സപ്ലൈകോയില്‍ അവശ്യസാധനങ്ങളില്ല; സര്‍ക്കാരിന്റെ ഇടപെടല്‍ പാളുന്നു

Published : 28th July 2016 | Posted By: SMR

നിഷ ദിലീപ്

കൊച്ചി: സര്‍ക്കാരിന്റെ വിപണിയിലെ ഇടപെടല്‍ പാളുന്നു. അരിയടക്കമുള്ള സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ കിട്ടാനില്ല. ഇ-ടെന്‍ഡര്‍ വൈകിയതാണ് കാരണമായി സപ്ലൈകോ അധികൃതര്‍ പറയുന്നത്. വിതരണക്കാര്‍ സാധനങ്ങളെത്തിക്കാന്‍ ഇനിയും വൈകുമെന്നിരിക്കെ നിലവിലെ സ്റ്റോക്ക് തീര്‍ന്നാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവും.
വിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കാന്‍ തുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. സ്വകാര്യവിപണിയില്‍ ഭക്ഷ്യവില ഉയര്‍ന്ന സാഹചര്യത്തിലാണ് വിപണിയില്‍ ഇടപെട്ട് വിലവര്‍ധന പിടിച്ചുനിര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി സപ്ലൈകോയ്ക്ക് തുക വകയിരുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും സ്വകാര്യ വിപണിയിലെ വിലയാണ് സപ്ലൈകോ മാര്‍ക്കറ്റുകളിലും ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള സപ്ലൈകോയുടെ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അധികൃതര്‍ മരവിപ്പിച്ചു. അരിക്ക് മൂന്നുരൂപ വരെ വില ഉയര്‍ത്തിയ ഉത്തരവില്‍ പയറുവര്‍ഗങ്ങള്‍ക്ക് 23 രൂപ വരെ കൂട്ടാനായിരുന്നു നിര്‍ദേശം. ഒടുവില്‍ പ്രതിഷേധം ഭയന്ന് ഉത്തരവ് താല്‍ക്കാലികമായാണു മരവിപ്പിച്ചിരിക്കുന്നത്. പല സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി, നന്മ സ്റ്റോറുകളിലും അവശ്യസാധനങ്ങളൊന്നും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ട്.
പലയിടത്തും സ്റ്റോറുകള്‍ പേരിനാണു പ്രവര്‍ത്തിക്കുന്നത്. ഉണക്കമുളക്, വന്‍പയര്‍, കടല എന്നിവ സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ നല്‍കുന്നുണ്ടെങ്കിലും വാങ്ങാന്‍ ചെല്ലുന്നവരോട് സ്‌റ്റോക്കില്ല എന്ന മറുപടിയാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഔട്ട്‌ലെറ്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. മട്ട അരിക്ക് 50 പൈസ മാത്രമാണ് സബ്‌സിഡി. 24 രൂപയ്ക്കു ലഭിക്കുന്ന ഒരു കിലോ മട്ട അരി സബ്‌സിഡി ഇല്ലാതെ 24.50 രൂപയ്ക്കു ലഭിക്കും.
മറ്റ് ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം സബ്‌സിഡി, സബ്‌സിഡി ഇല്ലാതെയുള്ള ക്രമത്തില്‍ ഇങ്ങനെ. ഉണക്കമുളക്- 78-146, പഞ്ചസാര- 22-35, ചെറുപയര്‍- 74-88, ഉഴുന്ന്- 66-140, കടല- 43-60, വന്‍പയര്‍- 43-43, തുവരപരിപ്പ്- 65-122, പീസ് പരിപ്പ്- 39-39. ഭക്ഷ്യസാധനങ്ങളുടെ വില കുതിക്കുമ്പോള്‍ വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വില പിടിച്ചുനിര്‍ത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനവും വെറുംവാക്കായെന്ന നിരാശയിലാണ് സാധാരണക്കാരും ഇടത്തരക്കാരും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day