|    Oct 16 Tue, 2018 9:15 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സപാനിഷ് ലീഗ് : മെസ്സി മാജിക്കില്‍ ബാഴ്‌സ

Published : 21st September 2017 | Posted By: fsq

 

ബാഴ്‌സലോണ: നെയ്മറുടെ കൂടുമാറ്റം കാറ്റലന്‍ പോരാട്ടവീര്യത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി ഒരിക്കല്‍കൂടി തെളിയിച്ചു. എണ്ണയിട്ട യന്ത്രം പോലെ മെസ്സി ടീമിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ എയ്ബറെ ബാഴ്‌സ ഗോള്‍മഴയില്‍ മുക്കി. ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ തകര്‍പ്പന്‍ ജയം. മല്‍സരത്തില്‍ പെനല്‍റ്റിയടക്കം നാല് ഗോളുകള്‍ നേടിയ മെസ്സി തന്നെയാണ് ടീമിന്റെ വിജയശില്‍പി.സീസണിലെ ബാഴ്‌സയുടെ അഞ്ചാം വിജയമാണിത്. അഞ്ച് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് തിരിച്ചെത്തി. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ അഞ്ച് പോയിന്റ് ലീഡാണ് ബാഴ്‌സക്കുള്ളത്. പ്രതിരോധത്തിന് പ്രാമുഖ്യം നല്‍കി 4-3-3 ശൈലിയില്‍ ബാഴ്‌സ കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1ശൈലിയില്‍ എയ്ബറും പ്രതിരോധം തീര്‍ത്തു. മാര്‍ക്കോ ഡിംട്രോവിക്കിന്റെ കൈയ്യില്‍ പന്ത്് തട്ടിയതിനെത്തുടര്‍ന്ന് മല്‍സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി  ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി ബാഴ്‌സലോണയുടെ ഗോള്‍വേട്ടയ്ക്കു തുടക്കം കുറിച്ചത് (1-0). 25-ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ എയ്ബറിന് അവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ വച്ചു ഗോണ്‍സാലോ എസ്‌കലേന്റയ്ക്കു ലഭിച്ച അവസരം ഉഗ്രന്‍ ഹെഡറിലൂടെ പോസ്റ്റിലേക്കു തിരിച്ചു വിട്ടെങ്കിലും ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്‍ പന്ത് രക്ഷപെടുത്തി. 36-ാം മിനിറ്റില്‍ മെസ്സിയുടെ കോര്‍ണര്‍കിക്കില്‍ സുവാരസ് പന്ത് പൗളിഞ്ഞോയ്ക്കു മറിച്ചു നല്‍കി. ഉഗ്രന്‍ ഹെഡറിലൂടെ പന്ത് ഗോളാക്കി മാറ്റി ബ്രസീലിയന്‍ താരം പൗളീഞ്ഞോ ലീഡുയര്‍ത്തി (2-0). ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ രണ്ട് ഗോളിന് മുന്‍പിലായിരുന്നു ബാഴ്‌സ.രണ്ടാം പകുതിയുടെ ആദ്യത്തില്‍ ഗോള്‍ മടക്കാനുള്ള എയ്ബര്‍ താരങ്ങളുടെ ശ്രമം പക്ഷേ ലക്ഷ്യം കണ്ടില്ല. 53-ാം മിനിറ്റില്‍ സൂപ്പര്‍താരം സുവാരസിലൂടെ ബാഴ്‌സയുടെ മൂന്നാം ഗോള്‍ പിറന്നു. റീബൗണ്ട് ചെയ്ത  പന്ത് ഗോള്‍പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പായിച്ചായിരുന്നു സുവാരസ് ഗോള്‍ നേടിയത്. (3-0). മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ എയ്ബറിന്റെ ആശ്വാസ ഗോളെത്തി. ജുന്‍ഗ നല്‍കിയ പന്ത്  ബോക്‌സിനുള്ളില്‍ ലഭിച്ച സെര്‍ജിയോ എന്റിച്ചിന്റെ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ പതിച്ചു (3-1).  ഇടവേളയ്ക്കു ശേഷമായിരുന്നു സൂപ്പര്‍താരം മെസ്സി കൊടുങ്കാറ്റായി ആഞ്ഞടിച്ചത്. രണ്ടാം പകുതിയില്‍ തുടരെത്തുടരെ മൂന്നു ഗോളുകളാണ് മെസ്സി എതിര്‍വലയില്‍ നിറച്ചത്. 59-ാം മിനിറ്റില്‍ ബസ്‌കറ്റ്‌സില്‍ നിന്നും പാസ് സ്വീകരിച്ച മെസ്സിയുടെ ഉഗ്രന്‍ ഷോട്ടോ ഗോള്‍പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് പറന്നിറങ്ങി (4-1). 62-ാം മിനിറ്റിലും മെസ്സി ലക്ഷ്യം കണ്ടു. പൗളീഞ്ഞോയില്‍ നിന്നും ബോക്‌സിനുള്ളില്‍ സ്വീകരിച്ച പാസ് ഗോള്‍കീപ്പര്‍ ഡിമിട്രോവിച്ചിനെ കബളിപ്പിച്ച് മെസ്സി വലയിലെത്തിച്ചു (5-1). കളി തീരാന്‍ മൂന്നു മിനിറ്റുകള്‍ മാത്രം ശേഷിക്കെ മെസ്സി ഗോള്‍പട്ടിക തികച്ചു. എതിര്‍ടീമംഗങ്ങളെ കബളിപ്പിച്ച് സ്പാനിഷ് താരം അലക്‌സിസ് വിദാല്‍ നല്‍കിയ സമര്‍ഥമായ പാസിലൂടെയായിരുന്നു ടീമിന്റെ അവസാന ഗോള്‍. അവസരം കാത്തിരുന്ന മെസ്സിയുടെ ഷോട്ട് ഗോള്‍പോസ്റ്റിലെത്തി (6-1). ലാ ലിഗയില്‍ മാത്രം അഞ്ച് കളികളില്‍ നിന്ന് ഒന്‍പത് ഗോളുകളാണ് മെസ്സി ഇതിനോടകം കരസ്ഥമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ബാഴ്‌സ 15 പോയിന്റുമായി ഒന്നാമതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss