|    Oct 21 Sat, 2017 11:18 pm
FLASH NEWS

സന ഫാത്തിമക്കായി നാട് കേഴുന്നു;പ്രാര്‍ഥനയോടെ മലയോരം

Published : 6th August 2017 | Posted By: fsq

 

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്ത് അങ്കണവാടി വിദ്യാര്‍ഥിനിയായ സന ഫാത്തിമ(മൂന്ന്)യെ കാണാതായ സംഭവത്തില്‍ നാട് കണ്ണീര്‍ക്കയത്തില്‍. വ്യാഴാഴ്ച വൈകീട്ടാണ് വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. ബാപ്പുങ്കയത്തെ വെള്ളം ഒഴുകിപ്പോകുന്ന കോണ്‍ക്രീറ്റ് പൈപ്പിനടുത്ത് വച്ചാണ് സന ഫാത്തിമയെ കാണാതായതെന്നാണ് മാതാവിന്റെ മൊഴി.  ഓടയിലുള്ള ചെറുമീനുകളെ നോക്കിനില്‍ക്കുന്നതിനിടയിലാണ് സനയെ കാണാതായത്.  കുട്ടിയെ അങ്കണവാടിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് കാണാതായത്. കുടയും ചെരിപ്പും ഓടയ്ക്ക് സമീപം വച്ച നിലയിലായിരുന്നു. അത് കൊണ്ട് തന്നെ കുട്ടി ഓടയിലൂടെ ഒഴുകി തൊട്ടടുത്ത പുഴയിലേക്ക് എത്തിപ്പെട്ടതാണെന്ന സംശയത്തില്‍ നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും മൂന്നാം ദിവസവും പുഴയില്‍ രാപ്പകല്‍ ഭേദമന്യേ  തിരച്ചില്‍ നടത്തുകയാണ്. സനയെ കാണാതായ ദിവസം വരെ തുടര്‍ച്ചയായി മൂന്ന് ദിവസം നല്ല മഴ പെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഓടയില്‍ സാമാന്യം വെള്ളമുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഒഴുകിപ്പോകാന്‍ മാത്രം വെള്ളമുണ്ടായിരുന്നില്ലെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. ബാപ്പുങ്കയം പുഴ വാവടുക്ക വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയിലാണ് ചെന്ന് ചേരുന്നത്. എല്ലാ നിലക്കും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.  ഇന്നലെ രാവിലെ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നേരിട്ട് സംഭവ സ്ഥലത്തെത്തി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തിരച്ചില്‍ തുടരാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.വടം കെട്ടിയും വല വിരിച്ചുമാണ് ഇപ്പോള്‍ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നത്. ഫാത്തിമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് മലയോര മേഖലയിലെ ജനങ്ങള്‍ ഒന്നടങ്കം നേതൃത്വം നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക