|    Jan 19 Thu, 2017 8:37 pm
FLASH NEWS

സന്‍മാര്‍ഗ ദര്‍ശനത്തിന്റെ മാസം

Published : 9th June 2016 | Posted By: sdq

എ എ വഹാബ്
അനന്തമായ ജീവിതത്തിലെ ഒന്നാം ഭാഗമായ ഭൗതികജീവിതം ഒരു സമയബന്ധിത സോദ്ദേശ്യ പദ്ധതിയാണ്. അതിനെ ഒരു സത്യാസത്യ സമരമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘ആകാശഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയുമെല്ലാം ഒരു കളിയായിക്കൊണ്ട് നാം സൃഷ്ടിച്ചതല്ല. ഒരു വിനോദമുണ്ടാക്കുവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നാമത് ഉണ്ടാക്കുമായിരുന്നു; നാമത് ചെയ്യുന്നതല്ല. എന്നാല്‍, സത്യത്തെ എടുത്ത് അസത്യത്തിന്റെ നേര്‍ക്ക് നാം എറിയുന്നു. അങ്ങനെ അസത്യത്തെ അതു തകര്‍ത്തുകളയുന്നു. അതോടെ അസത്യം നാശമടയുകയുണ്ടായി ‘എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. (ഖു:21:1618) മനുഷ്യന് ഒരു പരീക്ഷണമായി നിശ്ചയിക്കപ്പെട്ട സത്യാസത്യ പോരാട്ടത്തിന് സത്യവും അസത്യവും വേര്‍തിരിച്ചറിയുന്ന മാര്‍ഗദര്‍ശനം ആവശ്യമാണല്ലോ. മനുഷ്യമനസ്സിന്റെ പ്രകൃതത്തില്‍ അതു ഉദ്ഭൂതമാക്കപ്പെട്ടിട്ടുള്ളതായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
‘മനസ്സിനെയും അതിന്റെ ശുദ്ധ ഘടനയെയും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യട്ടെ, മനസ്സിന് അതിന്റെ ധര്‍മവും അധര്‍മവും ബോധനം ചെയ്യപ്പെട്ടിരിക്കുന്നു(ഖു:91:79)

ദിവ്യസന്ദേശമോ പ്രവാചകാധ്യാപനമോ ഇല്ലാതെ തന്നെ മനുഷ്യന് സത്യാസത്യ വിവേചനത്തിനുള്ള കഴിവു നല്‍കപ്പെട്ടിട്ടുണ്ടെന്നാണ് മേല്‍ സൂക്തം വിവരിക്കുന്നത്. പ്രവാചകന്മാര്‍ വഴി മനുഷ്യന് ബോധനം നല്‍കുന്നത് അല്ലാഹുവിന്റെ ഒരു അധിക കാരുണ്യമാണ്. മനുഷ്യാരംഭം മുതല്‍ അയക്കപ്പെട്ട എല്ലാ പ്രവാചകന്മാര്‍ക്കും ദിവ്യസന്ദേശം നല്‍കാന്‍ അല്ലാഹു തിരഞ്ഞെടുത്തത് റമദാന്‍ മാസമാണ്.
പ്രധാന വേദഗ്രന്ഥങ്ങളായ തൗറാത്ത്, സബൂര്‍, ഇന്‍ജീല്‍, ഖുര്‍ആന്‍ എന്നിവ മൂസാ നബി (അ), ദാവൂദ് നബി(അ), ഈസാ നബി(അ), മുഹമ്മദ് നബി(സ) എന്നിവര്‍ക്ക് അവതരിപ്പിച്ചുകൊടുത്തത് യഥാക്രമം റമദാന്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് ആഴ്ചകളിലായിരുന്നുവെന്ന് ഇമാം ഇബ്‌നു കഥീര്‍ ‘അല്‍ ബിദായവന്നിഹായ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി. റമദാന്‍ മനുഷ്യരാശിക്കുള്ള സന്മാര്‍ഗത്തിന്റെ മാസമാണ്. കരിച്ചുകളയുക എന്നാണ് പദത്തിന്റെ അര്‍ഥം. ദിവ്യചൈതന്യത്താല്‍ പാപങ്ങളെ/ മലിനതകളെ കരിച്ചുകളയുക എന്നു സാരം. റമദാന്‍ എന്ന വാക്കിന്റെ അറബി അക്ഷരങ്ങള്‍ക്ക് ഓരോന്നിനും വിപുലമായ അര്‍ത്ഥതലങ്ങളുണ്ട്.
റാഅ്- റഹ്മത്ത് (അനുഗ്രഹം)
മീമം- മഗ്ഫിറത്ത്(പാപമോചനം)
ള്വാദ്- ളമാനുന്‍ ലില്‍ ജന്ന (സ്വര്‍ഗം ഉറപ്പാക്കുന്ന)
അലിഫ്- അമാനും മിനന്നാര്‍(നരകത്തില്‍ നിന്ന് സുരക്ഷിതത്വം)
നൂര്‍- നൂറുല്‍ മിനല്ലാഹി അല്‍ അസീസുല്‍ ഗഫ്ഫാര്‍ (അങ്ങേയറ്റം പൊറുക്കുന്നവനും പ്രതാപവാനുമായ അല്ലാഹുവില്‍ നിന്നുള്ള പ്രകാശം)റമദാന്‍ മാസത്തിലെ ആദ്യ പത്ത് അനുഗ്രഹത്തിന്റെതും മധ്യ പത്ത് പാപമോചനത്തിന്റെതും ഒടുവിലത്തെ പത്ത് നരകമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെതുമാണെന്ന് പ്രവാചകന്‍ വിവരിച്ചിട്ടുണ്ട്.
മഹാ നിയോഗങ്ങള്‍ ഏറ്റെടുക്കാന്‍ മഹാ പ്രവാചകന്‍മാരെ പരിശീലിപ്പിച്ചത് ധ്യാനം, വ്രതം എന്നിവയിലൂടെ ആയിരുന്നുവെന്ന് അവരുടെ ജീവിതകഥകള്‍ നമ്മോടു പറഞ്ഞുതരുന്നുണ്ട്. മനുഷ്യ മനസ്സില്‍ നിശ്ചയദാര്‍ഢ്യം ഉണ്ടാവാനും നിലപാടുകളില്‍ സ്ഥൈര്യം ലഭിക്കാനും വ്രതാനുഷ്ഠാനം മനുഷ്യനെ സഹായിക്കും. ആരോഗ്യസംരക്ഷണത്തിനും ശരിയായ ചിന്തയ്ക്കും വ്രതാനുഷ്ഠാനം സഹായകമാണ്. സഹജീവി സ്‌നേഹവും ദാനശീലവും വ്രതത്തിന്റെ അനന്തരഫലമായി ഉണ്ടാവാറുണ്ട്. അനുഗ്രഹങ്ങളുടെ പേമാരി ചൊരിയുന്ന പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ സ്വര്‍ഗകവാടം തുറക്കപ്പെട്ടു തന്നെ കിടക്കും. നരക കവാടങ്ങള്‍ അടയ്ക്കും. പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം രാവുകളെക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രി ഈ സന്മാര്‍ഗ ദര്‍ശനത്തിന്റെ മാസത്തിലുണ്ട്. അതിലെ ആരാധനകള്‍ക്ക് അതിമഹത്തായ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ആ രാവിലെ ആരാധനകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രവാചകന്‍(സ) പ്രത്യേകം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 133 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക