|    Jul 26 Wed, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സന്‍ആയില്‍ വ്യോമാക്രമണം: 140 മരണം

Published : 10th October 2016 | Posted By: SMR

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അനുശോചന യോഗത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തെക്കുറിച്ച് ആന്വേഷിക്കുമെന്ന് അറബ് സഖ്യസേന. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സാധാരണക്കാര്‍ തിങ്ങിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്തരുതെന്ന് സേനയ്ക്കു ശക്തമായ നിര്‍ദേശം നല്‍കിയിരുന്നതായും ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും യമനില്‍ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. യമനിലെ ജോയിന്റ് ഇന്‍സിഡന്‍സ് അസസ്‌മെന്റ് ടീമും യുഎസ് വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സഖ്യസേനയുടെ ആക്രമണത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒബ്രൈന്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. യമനില്‍ അറബ് സഖ്യത്തിന് നല്‍കുന്ന പിന്തുണ പുനപ്പരിശോധിക്കുമെന്ന് യുഎസ് അറിയിച്ചതിനു പിന്നാലെയാണ്  സൗദി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൂഥി സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ജലാല്‍ അല്‍ റുവീശാനിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്ന ഹാളിനു നേരെയായിരുന്നു ആക്രമണം. സൈനിക, ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥരും പിരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹാളിനു നേരെ നാലു തവണ വ്യോമാക്രമണം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
സന്‍ആ മേയര്‍ അബ്ദുല്‍ ഖാദില്‍ ഹിലാല്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.  ഹാദി സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കാനായി 2015 മാര്‍ച്ചില്‍ യമനില്‍ ആക്രമണം തുടങ്ങിയ അറബ് സഖ്യസേനയുടെ ശക്തമായ ആക്രമണങ്ങളിലൊന്നാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക