|    Dec 15 Sat, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സന്ന്യാസിമാര്‍ ധര്‍മസഭ ബഹിഷ്‌കരിച്ചു; അയോധ്യയിലെ വിഎച്ച്പി സംഗമം പൊളിഞ്ഞു

Published : 3rd December 2018 | Posted By: kasim kzm

ലഖ്‌നോ: അയോധ്യയില്‍ നവംബര്‍ 25നു വിശ്വഹിന്ദു പരിഷത്ത് ഏറെ കൊട്ടിഘോഷിച്ചു സംഘടിപ്പിച്ച ധര്‍മസഭ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടു. മേഖലയിലെ മുന്‍നിര സന്ന്യാസിമാര്‍ ധര്‍മസഭ ബഹിഷ്‌കരിച്ചതായി മാധ്യമപ്രവര്‍ത്തകന്‍ ധീരേന്ദ്ര കെ ഝാ കാരവന്‍ മാഗസിനില്‍ വെളിപ്പെടുത്തി. പ്രാദേശികമായി ജനങ്ങള്‍ അവഗണിച്ച പരിപാടിയില്‍ സാധാരണക്കാരുടെ പങ്കാളിത്തം ഒട്ടുമുണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമരേഷ് മിശ്രയും വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ വാടകയ്‌ക്കെടുത്തവര്‍ വന്നു പങ്കെടുത്തു; കൂലിക്കെടുത്ത മാധ്യമങ്ങള്‍ വാഴ്ത്തി- മംഗള്‍ പാണ്ഡേ സേനാ നേതാവ് കൂടിയായ മിശ്ര തുറന്നടിക്കുന്നു.
രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി ജനലക്ഷങ്ങളെ അണിനിരത്തുകയെന്നതാണ് ധര്‍മസഭയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അയോധ്യയിലെ പ്രമുഖ സന്ന്യാസിവര്യരും സന്യാസിമഠങ്ങളും ഈ സംഗമം ബഹിഷ്‌കരിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ അയോധ്യയിലെ തങ്ങളുടെ പിടി അയയുന്നുവെന്ന കയ്പുറ്റ സത്യം പരിഷത്ത് മാത്രമല്ല അവരുടെ മാതൃസംഘടനയായ ആര്‍എസ്എസും തിരിച്ചറിയുകയാണെന്ന് ധീരേന്ദ്ര ഝാ എഴുതുന്നു.
സൈനിക സ്വഭാവമുള്ള മൂന്നു സന്ന്യാസിമഠങ്ങളാണ് അയോധ്യയിലുള്ളത്. നിര്‍വാണി, നിര്‍മോഹി അഖാരകളിലെ സന്ന്യാസിമാര്‍ റാലിയില്‍ നിന്ന് അകന്നുനിന്നപ്പോള്‍ അത്ര പ്രസക്തമല്ലാത്ത ദിഗംബര്‍ അഖാര മാത്രമാണ് റാലിയുമായി സഹകരിച്ചത്. ദിഗംബര്‍ അഖാരയിലെ മുഖ്യ സന്ന്യാസി നൃത്യഗോപാല്‍ ദാസ് വിഎച്ച്പി പിന്തുണക്കുന്ന ശ്രീരാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ കൂടിയാണ്. ധര്‍മസഭയില്‍ മുഖ്യ പ്രഭാഷകനും നൃത്യഗോപാല്‍ ദാസ് ആയിരുന്നു. വിഎച്ച്പി പ്രാദേശിക ഭാരവാഹിയും അയോധ്യ ക്ഷേത്രപൂജാരിയുമായ കനയ്യ ദാസായിരുന്നു മറ്റൊരു പ്രഭാഷകന്‍. പ്രസംഗകരില്‍ ഏറെയും അയോധ്യക്കു പുറത്ത് ഹരിദ്വാര്‍, ചിത്രകൂടം തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരായിരുന്നു.
സംഘത്തിന്റെ യോഗത്തില്‍ പങ്കെടുത്ത് വിഡ്ഢിയെപ്പോലെ കൈയടിക്കുന്നതില്‍ എന്തുണ്ടെന്ന ചോദ്യമാണ് നിര്‍മോഹി അഖാരയുടെ അയോധ്യാ മേധാവി ദിനേന്ദ്ര ദാസ് തന്നോട് ചോദിച്ചതെന്ന് ലേഖകന്‍ എഴുതുന്നു. സുപ്രിംകോടതിയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി കേസ് വേഗത്തിലാക്കാന്‍ അവര്‍ക്ക് എന്തെങ്കിലും ചെയ്യാമായിരുന്നുവെങ്കില്‍ നന്നായിരുന്നു. അവരുടെ നാടകം ജനങ്ങള്‍ കാണുന്നുണ്ടെന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ്-രാമജന്മഭൂമി ഉടമസ്ഥാവകാശ കേസിലെ മൂന്നു കക്ഷികളില്‍ ഒന്നാണ് നിര്‍മോഹി അഖാര. 1992ല്‍ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി വിഭജിച്ച് ഒരു ഭാഗം നല്‍കാന്‍ 2010ലെ വിധിയില്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത് അവര്‍ക്കായിരുന്നു.
നേരത്തേ നിര്‍മോഹി അഖാരയിലുണ്ടായിരുന്ന രാം ദാസ് എന്ന സന്ന്യാസി വിഎച്ച്പി പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാം ദാസിനെ കഴിഞ്ഞ വര്‍ഷം അഖാരയുടെ നേതൃപദവിയില്‍ നിന്നു തങ്ങള്‍ നീക്കം ചെയ്തിരുന്നു. അതിനു ശേഷം രാം ദാസുമായി അഖാരക്ക് ബന്ധമില്ലെന്നും അദ്ദേഹം വിഎച്ച്പിയുടെ പിന്തുണയ്ക്ക് ശ്രമിക്കുകയാണെന്നും ദിനേന്ദ്ര ദാസ് വ്യക്തമാക്കുന്നു.
അയോധ്യയിലെ ഏറ്റവും ശക്തമായ രാമാനന്ദി വിഭാഗത്തിലെ നിര്‍വാണി അഖാരയുടെ തലവന്‍ ധരം ദാസിന്റെ വിമര്‍ശനം കൂടുതല്‍ രൂക്ഷമായിരുന്നു. സന്ന്യാസിമാര്‍ വളരെ ശാന്തരായ മനുഷ്യരാണെങ്കിലും നിങ്ങള്‍ രാഷ്ട്രീയം കളിക്കുന്നത് നന്നായി അറിയും. അതിനെ പിന്തുണക്കുമെന്ന് അത്ര ഉറപ്പിച്ചു കരുതിപ്പോകരുത്- അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡല്‍ എന്ന കേന്ദ്ര നിര്‍വാഹക സമിതിയിലെ പ്രമുഖ അംഗമാണ് ധരം ദാസ്. വിഎച്ച്പിയുടെ പരിപാടി ഞാന്‍ ബഹിഷ്‌കരിച്ചതാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ വഞ്ചിതരായിരിക്കുന്ന അയോധ്യയിലെ സന്ന്യാസിമാരുടെ പൊതുവികാരം മാനിച്ചാണിത്.
നിര്‍വാണി അഖാരയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയോധ്യയിലെ ഏറ്റവും വലിയ സന്ന്യാസി സ്ഥാപനം ഹനുമാന്‍ ഗഡി ശക്തിപ്രകടനത്തിനുള്ള വിഎച്ച്പിയുടെ ശ്രമത്തില്‍ രോഷാകുലരാണ്. അവിടത്തെ താമസക്കാര്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. സന്ന്യാസിമാര്‍ക്ക് പ്രശ്‌നത്തില്‍ പെട്ടെന്നുള്ള പരിഹാരമാണ് വേണ്ടത്. എന്നാല്‍, വിഎച്ച്പി രാഷ്ട്രീയം കളിക്കുന്നു. തിരഞ്ഞെടുപ്പു വേളകളില്‍ മാത്രമാണ് അവര്‍ രാമക്ഷേത്രവുമായി വരുന്നത്. അതിനി നടപ്പില്ലെന്ന് ഹനുമാന്‍ ഗഡിയുടെ പ്രമുഖ സന്ന്യാസി സഞ്ജയ് ദാസ് പറയുന്നു.
ഹനുമാന്‍ ഗഡിയില്‍ നാലു വിഭാഗങ്ങളായ സാഗരിയ, ബസാന്തിയ, ഹരിദ്വാരി, ഉജ്ജയ്‌നിയ വിഭാഗങ്ങള്‍ വിഎച്ച്പി പരിപാടിയുടെ ഒരാഴ്ച മുമ്പ് യോഗം ചേര്‍ന്നാണ് റാലി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുത്താല്‍ ഹനുമാന്‍ ഗഡിയില്‍ നിന്ന് ഒരാളും പിന്നീട് അവിടെ സംബന്ധിക്കില്ല- സഞ്ജയ് പറയുന്നു. 1990കളില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്ന വേളയിലും തുടര്‍ന്നും അയോധ്യയില്‍ വിഎച്ച്പിക്കുണ്ടായിരുന്ന സ്വാധീനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്. 1984ല്‍ രാമജന്മഭൂമി പ്രശ്‌നം ആര്‍എസ്എസ് ഇടപെട്ട് സജീവമാക്കിയ ശേഷം അയോധ്യയിലെ സന്ന്യാസിമാരുമായി വിഎച്ച്പി നിലനിര്‍ത്തിയിരുന്ന ബന്ധം വരുംനാളുകളില്‍ കൂടുതല്‍ വഷളാവാന്‍ പോവുകയാണെന്ന് ധീരേന്ദ്ര കെ ഝാ മുന്നറിയിപ്പു നല്‍കുന്നു.
രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി മോദി നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സന്ന്യാസി പരമഹംസ് ദാസ് ഒക്ടോബര്‍ തുടക്കത്തില്‍ അയോധ്യയില്‍ ഒരാഴ്ച നീണ്ട ഉപവാസം നടത്തിയിരുന്നു. വിഎച്ച്പി റാലിയുടെ ദിനങ്ങളില്‍ ദാസ് അപ്രഖ്യാപിത വീട്ടുതടങ്കലിലായിരുന്നു. ആശ്രമത്തിലേക്കുള്ള എല്ലാ വഴികളും സുരക്ഷാ സൈനികര്‍ തടഞ്ഞിരിക്കുന്നതിനാല്‍ തനിക്ക് പുറത്തുപോവാന്‍ തടസ്സമുണ്ടെന്നാണ് ഫോണില്‍ ബന്ധപ്പെട്ട ലേഖകനോട് പരമഹംസദാസ് പറഞ്ഞത്. ധര്‍മസഭയുടെ വേദിയിലെത്തിയാല്‍ അവരുടെ നാടകം തുറന്നുകാട്ടുന്ന എന്തെങ്കിലും ഞാന്‍ പറയുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉപവാസം അവസാനിപ്പിച്ച ശേഷം പരമഹംസ ദാസിനെ സ്വാധീനിക്കുന്നതിനു മുഖ്യമന്ത്രി ആദിത്യനാഥ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. പ്രദേശത്തെ സന്ന്യാസിമാരുടെ രോഷം അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഇപ്പോള്‍ വിഎച്ച്പി ഏറെ സംശയത്തോടെയാണ് അദ്ദേഹത്തെ കാണുന്നത്. ഡിസംബര്‍ 5നകം രാമക്ഷേത്രത്തിനുള്ള നീക്കമൊന്നും നടത്താത്തപക്ഷം അടുത്ത ദിവസം ആത്മഹത്യ ചെയ്യുമെന്ന് ദാസ് ഭീഷണി മുഴക്കിയിരുന്നു. വെറുംവാക്കായാലും ആ ഭീഷണി വിഎച്ച്പിയുടെ ഭാവിസ്വപ്‌നങ്ങള്‍ക്കു മീതെ തൂങ്ങുന്ന വാളാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss