|    Dec 10 Mon, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സന്നിധാനത്ത് 8 പേര്‍ പിടിയില്‍; കേസെടുക്കാതെ തിരിച്ചയച്ചു

Published : 21st November 2018 | Posted By: kasim kzm

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് എട്ടുപേരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയച്ചു. ബിജെപി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്ത് എത്തിയവരെയാണ് കരുതല്‍ തടങ്കലിലാക്കിയതെന്ന് പോലിസ് വിശദീകരിച്ചു. ആറ് മണിക്കൂറെന്ന പോലിസിന്റെ നിബന്ധന മറികടന്ന് സന്നിധാനത്ത് തങ്ങിയതിനാണ് ഇവര്‍ കസ്റ്റഡിയിലായത്. കൊല്ലം ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് ഇവരെന്നും ഇവരുടെ ആര്‍എസ്എസ് ബന്ധം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇവിടെ എത്തിയതെന്നും പോലിസ് പറഞ്ഞു. പ്രതിഷേധക്കാരെന്ന് സംശയിച്ച് നിലയ്ക്കലില്‍ നിന്ന് നോട്ടീസ് നല്‍കി അയച്ചവരായിരുന്നു ഇവര്‍.
കുറച്ചുസമയം കരുതല്‍ തടങ്കലിലാക്കിയ ശേഷം എട്ടുപേരെയും പമ്പയിലേക്കും തുടര്‍ന്ന് നിലയ്ക്കലിലേക്കും തിരിച്ചയച്ചു. എട്ടു പേര്‍ക്കെതിരെയും കേസെടുക്കില്ലെന്നും നാട്ടിലേക്ക് ബസ് കയറ്റിവിടുമെന്നും ഇവര്‍ക്ക് പോലിസ് ഉറപ്പുനല്‍കിയിരുന്നു. ദര്‍ശനം നടത്തണമെങ്കില്‍ സൗകര്യം ചെയ്ത് നല്‍കാമെന്നും പോലിസ് ഇവരെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രതിഷേധങ്ങളെ തുടര്‍ന്ന് പോലിസ് കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപക നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് എട്ടുപേര്‍ പിടിയിലായത്.
ഇതിനിടെ ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരേ വി മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ സന്നിധാനം പോലിസ് സ്—റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. എം പി നളീന്‍ കുമാര്‍ കട്ടീലും പ്രതിഷേധത്തില്‍ പങ്കെടുത്തു. അതേസമയം, പ്രതിഷേധക്കാര്‍ സന്നിധാനത്തെത്തുന്നത് തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി പോലിസ് രംഗത്തെത്തി. പ്രതിഷേധക്കാരെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയവര്‍ക്ക് ആറ് മണിക്കൂറിനകം തിരികെയെത്തണമെന്ന് കാണിച്ച് നിലയ്ക്കലില്‍ നോട്ടീസ് നല്‍കും. ബിജെപിയുടെ സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിനായി കൂടുതല്‍ പേര്‍ സന്നിധാനത്തെത്തുമെന്ന് ഉറപ്പായതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് നോട്ടീസ് നല്‍കില്ലെന്നാണ് പോലിസ് പറയുന്നത്. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നലെയും ഇന്നുമായി എത്തേണ്ടത് കൊല്ലം, തിരുവനന്തപുരം ജില്ലക്കാരാണ്. ഇവരെ ഒഴിവാക്കാന്‍ പുല്ലുമേട് വഴി ഇന്നലെ മുതല്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെ കടത്തിവിടുന്നത് ഫോട്ടോ എടുത്തശേഷമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss