|    Nov 18 Sun, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

Published : 8th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവച്ചു കൈയേറ്റം ചെയ്ത സംഭവത്തിലെ മുഖ്യപ്രതികളിലൊരാളായ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സൂരജ് (29) ആണ് പിടിയിലായത്. ഇലന്തൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
തുലാമാസ പൂജയ്ക്കിടെ ശബരിമല ദര്‍ശനത്തിനെത്തിയ ലിബി എന്ന യുവതിയെ പത്തനംതിട്ടയില്‍ തടഞ്ഞ കേസിലും വീണാ ജോര്‍ജ് എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു. പേരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി(52)യെ കഴിഞ്ഞദിവസം സന്നിധാനത്തു തടഞ്ഞുവച്ചാണ് കൈയേറ്റം ചെയ്തത്. 50 വയസ്സ് തികയാത്ത സ്ത്രീയാണെന്ന് ആരോപിച്ചായിരുന്നു സംഘപരിവാര പ്രവര്‍ത്തകരുടെ അതിക്രമം. ലളിതയ്‌ക്കൊപ്പം എത്തിയ ബന്ധുവായ മൃദുലി(23)നും മര്‍ദനമേറ്റു. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കും അടിയും തേങ്ങകൊണ്ടുള്ള ഏറും കിട്ടി.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തിരുന്നു. അതില്‍ ആദ്യത്തെ അറസ്റ്റാണ് സൂരജിന്റേത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഉടന്‍ പിടിയിലാവുമെന്നും പത്തനംതിട്ട എസ്പി അറിയിച്ചു.
തുലാമാസ പൂജയിലെ അതിക്രമം കണക്കിലെടുത്ത് ചിത്തിര ആട്ടവിശേഷത്തിന് കനത്ത സുരക്ഷാസംവിധാനം ആസൂത്രണം ചെയ്തിട്ടും പോലിസിന്റെ തന്ത്രങ്ങള്‍ പാളിയതായാണ് വിലയിരുത്തല്‍. അതീവ സുരക്ഷാമേഖല ആയിരുന്നിട്ടും പമ്പയിലും സന്നിധാനത്തും സ്ത്രീകളെ തടഞ്ഞ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാവും മണ്ഡലകാല സുരക്ഷയുടെ കാര്യത്തില്‍ പോലിസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കും. ചിത്തിര ആട്ടവിശേഷ ചടങ്ങിനിടെ പോലിസിനെ കാഴ്ചക്കാരാക്കി ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ജനക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പോലിസിന്റെ മെഗാഫോണ്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് നല്‍കിയതും വിവാദമായി. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചിട്ടും വാഹനങ്ങള്‍ക്കും ഭക്തര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും പ്രതിഷേധക്കാരെ തടയാന്‍ പോലിസിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ചു വിശദ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. രഹസ്യാന്വേഷണ വിവരങ്ങളില്‍ പാളിച്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss