|    Jul 24 Mon, 2017 8:22 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സന്നിധാനത്ത് അഷ്ടബന്ധ കലശം നടത്തും

Published : 20th September 2016 | Posted By: SMR

ശബരിമല: ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ പുതിയ സ്വര്‍ണക്കൊടിമരം പ്രതിഷ്ഠയ്ക്കു മുന്നോടിയായി സന്നിധാനത്ത് അഷ്ടബന്ധകലശം നടത്തും. ഒക്‌ടോബര്‍ 20ന് പുലര്‍ച്ചെ 4.40നും 6നും മധ്യേ സന്നിധാനത്ത് അയ്യപ്പസ്വാമിക്കും മാളികപ്പുറത്തമ്മയ്ക്കും അഷ്ടബന്ധകലശം നടത്തും. ഇതിനു മുന്നോടിയായുള്ള പരിഹാരക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ സന്നിധാനത്ത് ആരംഭിച്ചു.
അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുഞ്ജയഹോമവും ഭഗവതിസേവയും പരിഹാരക്രിയകളുടെ ഭാഗമായി നടന്നു. ഇന്ന് സുദര്‍ശനഹോമം നടക്കും. ശബരിമലയില്‍ പുതിയ സ്വര്‍ണക്കൊടിമര പ്രതിഷ്ഠ 2017 ജൂണ്‍ 25ന് 11.50നും 1.40നും മധ്യേയുള്ള കന്നിരാശിയില്‍ നടത്താനാണ് സന്നിധാനത്തു നടന്ന കൊടിമരമുഹൂര്‍ത്തം നിശ്ചയിക്കല്‍ പ്രശ്‌നചിന്തയില്‍ കണ്ടത്.
കല്ലേറ്റുകര പത്മനാഭ ശര്‍മ മുഖ്യ ദൈവജ്ഞനും പുതുമന ഹരിദാസന്‍ നമ്പൂതിരിപ്പാട്, വാരണക്കാട് ദിനേശക്കുറുപ്പ് എന്നിവര്‍ സഹദൈവജ്ഞരുമായിരുന്നു. പ്രസിദ്ധ വാസ്തുശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടും സഹായികളും സന്നിധാനത്തെത്തി ക്ഷേത്രത്തിലെ നിലവിലുള്ള കൊടിമരത്തിന്റെ അളവുകള്‍ പരിശോധിച്ച് തിട്ടപ്പെടുത്തി.
പുതുതായി നിര്‍മിക്കുന്ന കൊടിമരത്തിന്റെ കണക്കും പ്ലാനും വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍ രവിശങ്കറിന് കൈമാറി. കൊടിമരനിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന അഡ്വക്കറ്റ് കമ്മീഷന്‍ എ എസ് പി കുറുപ്പ്, ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ യതീന്ദ്രനാഥ്, അസി. എന്‍ജിനീയര്‍ ശ്യാം പ്രസാദ് സന്നിഹിതരായിരുന്നു.
കൊടിമരനിര്‍മാണത്തിനായി കോന്നി വനം ഡിവിഷനിലെ കല്ലേലിയില്‍നിന്നു പമ്പയിലെത്തിച്ച തേക്കുതടി ഉരുളാക്കി ഒക്‌ടോബര്‍ 13ന് രാവിലെ ഏഴിനും 8.30നും മധ്യേയുള്ള തുലാരാശിയില്‍ പമ്പയില്‍ എണ്ണത്തോണിയിലിടും. ആറുമാസത്തോളം തേക്കുതടി എണ്ണത്തോണിയിലിടണമെന്നാണ് കണക്ക്.
നിലവില്‍ തേക്കുതടി ചെത്തിയൊരുക്കി ചതുരത്തിലാക്കി പമ്പയിലെ ഗണപതി അമ്പലത്തിന് സമീപം സൂക്ഷിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക