|    Jan 24 Tue, 2017 6:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സന്നദ്ധ സേവനം മനുഷ്യരാശിയോടുള്ള മഹത്തായ സമീപനം: കോണ്‍സല്‍ ജനറല്‍

Published : 20th October 2015 | Posted By: TK

consul-generalജിദ്ദ: സന്നദ്ധ സേവനം മനുഷ്യരാശിയോടുള്ള മഹത്തായ സമീപനമാണെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക്ക് അഭിപ്രായപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളെ പോലെ ഇന്ത്യയില്‍ വോളന്റീറിസം പ്രധാനപ്പെട്ട സേവനമേഖലയായി രൂപപ്പെട്ടിട്ടില്ലെങ്കിലും പ്രവാസി ഇന്ത്യക്കാര്‍ ഇക്കാര്യത്തില്‍ വളരെയധികം മുന്നിലാണ്. സന്നദ്ധ സേവനത്തിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തി മറ്റു ജോലികളില്‍ ലഭിക്കില്ലെന്നും അദ്ദേഹം വിലയിരുത്തി. സേവനപ്രവര്‍ത്തനത്തിടെ മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍ നിയാസുല്‍ ഹഖ് മന്‍സൂരിയുടെ അനുശോചന യോഗം കോണ്‍സുലേറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ചകളില്‍ മസ്ജിദുല്‍ ഹറാമിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തുന്ന ഹാജിമാരെ സഹായിക്കുന്നത് മുതല്‍ മിനായിലേതടക്കമുള്ള സര്‍വീസുകളെ സി.ജി പ്രത്യേകം പ്രശംസിച്ചു. 2013ലെ നിത്വാഖാത്ത് ഇളവുകാലത്തും പ്രവാസി ഇന്ത്യക്കാരുടെ സന്നദ്ധ സേവനം കോണ്‍സുലേറ്റിന് വളരെയധികം സഹായകരമായിരുന്നു. നിയാസുല്‍ ഹഖ് മന്‍സൂരിയുടെ മരണം ഒരര്‍ത്ഥത്തില്‍ നമുക്കും നമ്മുടെ മക്കള്‍ക്കുമെല്ലാം പ്രചോദനമാണ്.

പ്രവര്‍ത്തന ഭൂമികയില്‍ ജീവത്യാഗം ചെയ്ത സന്നദ്ധസേവകന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.സൗദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും മുതവ്വിഫ് അധികാരികളും ഇന്ത്യന്‍ ഹജ്ജ് വോളന്റിയര്‍മാരുടെ സേവനങ്ങളെ വളരെയധികം പ്രശംസിക്കാറുണ്ടെന്ന് ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് വെളിപ്പെടുത്തി. വോളന്റിയര്‍മാരുടെ സേവനം വെള്ളിയാഴ്ചകളിലെ ഹറമിലെയും അസീസിയ്യയിലെയും തിരക്കുകളില്‍ ഹാജിമാര്‍ക്ക് ഏറെ സഹായകരമാവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയാസുല്‍ ഹഖ് മന്‍സൂരി അച്ചടക്കവും അനുസരണയുമുള്ള പ്രവര്‍ത്തകനായിരുന്നുവെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ മലപ്പുറം അനുസ്മരിച്ചു. പരേതന്റെ കുടുംബാംഗങ്ങളൂടെ ദു:ഖത്തില്‍ പങ്കുചേരുന്നതോടൊപ്പം തെല്ലൊരു അസൂയയോടെയാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ മരണത്തെ അനുസ്മരിക്കുന്നത്. അദ്ദേഹത്തിന് ഈ പ്രവര്‍ത്തനത്തിലൂടെ ഉന്നതമായ സ്വര്‍ഗം ലഭിക്കുമെങ്കില്‍ അതില്‍പരം വലിയ നേട്ടമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയാസുല്‍ ഹഖിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ മെമെന്റോ സഹോദരന്‍ അന്‍വറു ല്‍ ഹഖ് ഏറ്റുവാങ്ങി. ഔന്നത്യബോധത്തിന്റെയും സേവനസന്നദ്ധതയുടെയും ഉടമയായ സഹോദരന്‍ മതകാര്യങ്ങളില്‍ കര്‍ശനനിഷ്ഠയുള്ളവനായിരുന്നുവെന്ന് സഹോദരന്‍ അനുസ്മരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, വമി മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് നൂര്‍വലി, ഇന്ത്യ ഫോറം പ്രസിഡന്റ് ഇജാസ്, ഖാന്‍, അബ്ദുസ്സമദ് ഉമരി, ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ സെക്രട്ടറി മുഹമ്മദലി സംസാരിച്ചു. മുനീര്‍ ഉമര്‍ ഖിറാഅത്ത് നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക