|    Oct 18 Wed, 2017 5:06 pm
FLASH NEWS
Home   >  National   >  

സന്ദര്‍ശിക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നു; എത്രയും പെട്ടെന്ന് മന്ത്രിമാരെ അയക്കാന്‍ നീക്കം

Published : 10th September 2016 | Posted By: G.A.G

modi-new

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകളെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ക്കിടെ അമ്പരപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. കേന്ദ്രമന്ത്രിമാര്‍ ഇതു വരെ സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യങ്ങളുടെ പട്ടിക വിദേശകാര്യമന്ത്രാലയം തയ്യാറാക്കുന്നു. ഈ രാജ്യങ്ങളിലേക്ക് എത്രയും വേഗം മന്ത്രിമാരുടെ സന്ദര്‍ശനം സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ വര്‍ഷം അവസാനത്തിന് മുന്‍പായി ഈ രാജ്യങ്ങളിലേക്ക്് ക്യാബിനറ്റ് റാങ്കുള്ളതും അല്ലാത്തവരുമായ മന്ത്രിമാരെ സന്ദര്‍ശിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
നിര്‍ദിഷ്ട സമയത്തിനകം ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഓരോ മന്ത്രിയും കുറഞ്ഞത്് രണ്ട് രാജ്യമെങ്കിലും അടിയന്തിരമായി സന്ദര്‍ശിക്കണമെന്നാണ്‌ കര്‍ശന നിര്‍ദേശം.
മന്ത്രിമാരില്‍ പലരും ഇടയ്ക്കിടെ അമേരിക്കയും  ഇംഗ്ലണ്ടും ജപ്പാനും ജര്‍മനിയും ചൈനയുമൊക്കെ സന്ദര്‍ശനം നടത്തുന്നവരാണ്. എന്നാല്‍  മറ്റു പല രാജ്യങ്ങളും മന്ത്രിമാര്‍ സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിദേശപര്യടനത്തില്‍ ഏറെ പരിചയസമ്പത്തുള്ള പ്രധാനമന്ത്രി കരുതുന്നത്്. മെച്ചപ്പെട്ട അന്താരാഷ്ട്ര സഹകരണത്തിനും ധാരണയ്ക്കുമൊക്കെ ഇതുപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ലോകത്തെ 190 രാജ്യങ്ങളില്‍ 46 എണ്ണം മാത്രമേ മോഡിയ്ക്ക്് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഈ കുറവ് നികത്താന്‍ മന്ത്രിമാരും കഴിയുന്നത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ച്്് സഹായിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 2016 അവസാനിക്കുമ്പോഴേക്കും ഇന്ത്യന്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കാത്ത ഒരൊറ്റ രാജ്യവും ലോകത്ത്് അവശേഷിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. വീട്ടില്‍ത്തന്നെയിരുന്നാല്‍ വിദേശനിക്ഷേപം വരില്ലെന്നും അവര്‍ വിശദീകരിച്ചിരുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായകമാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക