|    Dec 12 Wed, 2018 7:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കും: മന്ത്രി

Published : 28th November 2018 | Posted By: kasim kzm

കൊച്ചി: പ്രളയശേഷം ടൂറിസം മേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കൊച്ചി മുസിരിസ് ബിനാലെ സഹായിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത മാസം 12ന് ആരംഭിക്കുന്ന കൊച്ചി ബിനാലെയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ബോള്‍ഗാട്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുലക്ഷത്തിലധികം ആളുകള്‍ ബിനാലെ സന്ദര്‍ശിക്കാനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ബിനാലെ നടക്കുന്ന സ്ഥലങ്ങള്‍ പ്ലാസ്റ്റിക് രഹിത പ്രദേശമായി പ്രഖ്യാപിക്കും. പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റതാക്കാന്‍ കൊച്ചി നഗരസഭയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ബിനാലെയില്‍ സന്ദര്‍ശകരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനായി ബോട്ട് സര്‍വീസുകളുടെയും എറണാകുളം-ഫോ ര്‍ട്ട് കൊച്ചി ബസ് സര്‍വീസുകളുടെയും എണ്ണം കൂട്ടും. രാത്രി ബിനാലെ അവസാനിക്കുമ്പോള്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ബസ് സര്‍വീസും ബോട്ട് സര്‍വീസും ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെഎസ്ആര്‍ടിസിയോടും ജലഗതാഗതവകുപ്പിനോടും ആവശ്യപ്പെട്ടു.
ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തുമുള്ള മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി. ബിനാലെയോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ പോലിസ് വിശദീകരിച്ചു.
ബിനാലെയുടെ സംഘാടനം കുറ്റമറ്റതാക്കാന്‍ ജില്ലാ കലക്ടര്‍ കണ്‍വീനറായ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചു. വിദ്യാര്‍ഥികളുടെ സന്ദര്‍ശനവും പങ്കാളിത്തവും ബിനാലെയില്‍ ഉറപ്പാക്കാനായി വിദ്യാഭ്യാസവകുപ്പിന്റെ സഹകരണം ആവശ്യപ്പെടും. 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ തീം ‘അന്യതയില്‍ നിന്ന് അന്യോന്യത്തിലേക്ക്’ എന്നതാണ്. 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്റ്റുകളാണ് ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിനാലെയുടെ പവലിയന്‍ സാധനങ്ങള്‍ ഉപയോഗിച്ച് 12 പ്രളയബാധിത വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ബിനാലെ ഫൗണ്ടേഷന് പദ്ധതിയുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss