|    Jun 27 Tue, 2017 5:44 pm
FLASH NEWS

സന്ദര്‍ശകര്‍ക്കു പുതിയ അനുഭവമായി വേളി ടൂറിസ്റ്റ് വില്ലേജ്

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: അറബിക്കടലിന്റെയും വേളി കായലിന്റെയും സംഗമസ്ഥലമായ വേളി ടൂറിസ്റ്റ് വില്ലേജിന്റെ സൗന്ദര്യം തേടിയെത്തുന്നതു ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികള്‍. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളി ഗ്രാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം സുന്ദരമായ വേളി കായലാണ്.   കണ്ടല്‍ക്കാടുകളും അവിടേക്ക് ആകര്‍ഷിക്കുന്ന പക്ഷികളും ശംഖുശില്‍പങ്ങളും വില്ലേജിലെ മുഖ്യ ആകര്‍ഷണമാണ്. സഞ്ചാരികള്‍ക്കു വേണ്ടി സ്വിമ്മിങ്പൂള്‍, തുഴയുന്ന ബോട്ട്, പെഡല്‍ ബോട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ പ്രത്യേക സൗകര്യത്തിനു വേണ്ടി ബാങ്ക്വിറ്റ് ഹാളും ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തന്നെ ഏറ്റവും ആകര്‍ഷണീയ വിനോദസഞ്ചാര കേന്ദ്രമാണ് ഇപ്പോള്‍  വേളി ടൂറിസ്റ്റ് വില്ലേജ്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണു സഞ്ചാരികളുടെ സമയം. കായല്‍ ഗെയിംസ്്, കുതിരസവാരി, ഷോപ്പിങ് സ്റ്റാള്‍, കഫ്തീരിയ, റസ്റ്റോറന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.  കാനായി കുഞ്ഞിരാമന്റെ ശില്‍പങ്ങളും ആകര്‍ഷകമാണ്. പാര്‍വതീപുത്തനാറിനെയും വേളിയെയും ബന്ധിപ്പിക്കുന്ന നടപ്പാത പ്രത്യേക സൗന്ദര്യമാണ്. പക്ഷിനിരീക്ഷണത്തില്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണു വേളി. വേളിയെ കൂടുതല്‍ മനോഹരമാക്കാന്‍ പുതിയ പ്രൊജക്റ്റുകള്‍ കെടിഡിസിയുടെ പദ്ധതിയിലുണ്ട്. വിക്രംസാരാഭായി സ്‌പേസ് സെന്ററിന്റെ കീഴിലുള്ള ഭാഗത്തു പുതിയ അഡ്മിനിസ്‌ട്രേറ്റീവ്  ബ്ലോക്കുകള്‍, തീം പാര്‍ക്ക്, ഹൈബ്രിഡ് പാര്‍ക്ക്, രാത്രികാല ക്രിക്കറ്റ് സൗകര്യങ്ങള്‍, എത്തനിക്ക് റസ്റ്റോറന്റ്‌സ്, ഫണ്‍ സോണ്‍ എന്നിവയാണു പുതിയ പ്രൊജക്റ്റുകള്‍. കിഫ്ബി മുഖേന നടപ്പാക്കുന്ന 24 ഏക്കര്‍ ഭൂമിയിലെ പുതിയ വികസന പദ്ധതികള്‍ ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ രൂപവും ഭാവവും മാറ്റും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണം വേളിയുടെ തനതു സൗന്ദര്യം നഷ്ടപ്പെടുന്നതായി പ്രകൃതിസ്‌നേഹികളുടെ പരാതിയുണ്ട്. കടല്‍, കായല്‍ സൗന്ദര്യത്തിന്റെ അത്യപൂര്‍വ കാഴ്ചകളുമായി വേളി ടൂറിസ്റ്റ് വില്ലേജ് സഞ്ചാരികളെ കാത്തിരിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക