|    Aug 15 Wed, 2018 10:11 pm
FLASH NEWS

സന്ദര്‍ശകരുടെ മനംകവരാന്‍ മാനാഞ്ചിറ ഒരുങ്ങുന്നു

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: പുതിയ കവാടവും ലഘു ഭക്ഷണ ശാലയും കൂടുതല്‍ ഇരിപ്പിടങ്ങളുമായി മാനാഞ്ചിറ കൂടുതല്‍ മൊഞ്ചത്തിയാവാനൊരുങ്ങുന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോര്‍പറേഷന്റെയും ആഭിമുഖ്യത്തിലുള്ള രണ്ട് പദ്ധതികളാണ് മാനാഞ്ചിറ മൈതാനത്തിന് പുതുമോടിയേകാന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ നഗരസഭയുടെ കീഴിലുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി അനുമതി കാത്തു കിടക്കുകയാണ്.
അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 85 ലക്ഷം രൂപയുടെ നവീകരണ പദ്ധതികളാണ്് കോര്‍പറേഷന്‍ നടത്തുന്നത്. ഇവ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പുതിയ കവാടം, മഴവീട്, കുളത്തിനും സ്‌ക്വയറിനും സംരക്ഷണ ഭിത്തികള്‍, നടപ്പാത, വേലികള്‍, കുട്ടികള്‍ക്കുള്ള റൈഡുകള്‍, ലൈറ്റിങ്, ജലധാര, മഴവീടുകള്‍ തുടങ്ങിയവയാണ് ഇതനുസരിച്ച് പണിയുന്നത്. സന്ദര്‍ശകര്‍ക്ക് കുടിവെള്ളം ഫൗണ്ടനുകള്‍ തുടങ്ങിയവയും സംവിധാനിക്കും.
മഴവീടുകള്‍ നിര്‍മിക്കുന്ന ജോലി നടന്നു വരുന്നുണ്ട്്. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും 30 ശതമാനം സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കും. 20 ശതമാനം തുക കോര്‍പറേഷനാണ് വഹിക്കുക. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബിഇഎം സ്‌കൂളിന് എതിര്‍ വശത്തെ പുതിയ കവാടമാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
സ്‌ക്വയറിന്റെ വടക്കു ഭാഗമായ ബിഇഎം സ്‌കൂളിന്റെ ഭാഗത്തു കവാടമില്ല. കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലഘു ഭക്ഷണ ശാല, ഓപണ്‍ സ്‌റ്റേജ്, ടോയ്‌ലെറ്റ് കോംപ്ലക്‌സ്,നടപ്പാതയിലെ ടൈലുകള്‍ മാറ്റല്‍, മരങ്ങളില്‍ പുതിയ സ്‌പോട്ട് ലൈറ്റുകള്‍ സ്ഥാപിക്കല്‍, പ്രതിമകളുടെ നവീകരണം തുടങ്ങിയവയാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നത്. 1.7 കോടി രൂപയുടെ പദ്ധതിയാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുക. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്.
രണ്ട് പതിറ്റാണ്ട് മുമ്പ് മാനാഞ്ചിറ മൈതാനവും സമീപമുണ്ടായിരുന്ന ടാഗോര്‍, അന്‍സാരി പാര്‍ക്കുകളും ചേര്‍ത്താണ് മാനാഞ്ചിറ സ്‌ക്വയര്‍ നിര്‍മിച്ചത്. കോഴിക്കോടിന്റെ സ്വപ്‌ന പദ്ധതിയായി ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന സ്‌ക്വയര്‍ ഇപ്പോള്‍ ജീര്‍ണിച്ചുകൊണ്ടിരിക്കയാണ്. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ പരിചരണത്തിനും സംവിധാനം ഏര്‍പ്പെടുത്താനാണ് നഗരസഭയുടെ ആലോചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss