|    Oct 22 Mon, 2018 5:37 pm
FLASH NEWS
Home   >  Sports  >  Cricket  >  

സന്ദര്‍ശകരായെത്തി ലങ്കയെ ചുട്ടെരിച്ചു: ഇന്ത്യന്‍ ടീമിന്റേത് ചരിത്ര പ്രകടനം

Published : 7th September 2017 | Posted By: ev sports

കൊളംബോ: സര്‍വാധിപത്യം, സമ്പൂര്‍ണം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഒരു ഘട്ടത്തില്‍പോലും എതിരാളികള്‍ക്ക് ആശ്വാസം നല്‍കാതെ ശ്രീലങ്കയെ അവരുടെ മണ്ണില്‍ തോല്‍വിയുടെ ആഴക്കടലിലേക്ക് തള്ളിവിട്ട വിരാട് കോഹ്‌ലിയും സംഘവും നടത്തിയ വീര പോരാട്ടം സ്വന്തമാക്കിയത് ചരിത്ര നേട്ടം. സന്ദര്‍ശകരായെത്തി മൂന്ന് ഫോര്‍മാറ്റിലും പരമ്പര തൂത്തുവാരുന്ന ആദ്യ ടീമിനെ ബഹുമതിയാണ് ലങ്കന്‍ മണ്ണിലെ പ്രകടനത്തോടെ ഇന്ത്യ നേടിയെടുത്തത്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റിയും അടങ്ങുന്ന പരമ്പരയില്‍ സമ്പൂര്‍ണ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കൊളംബോയില്‍ നടന്ന ഏക ട്വന്റി മല്‍സരത്തിലും ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ചരിത്രത്തില്‍ ഇടം കണ്ടെത്തിയത്. അതോടൊപ്പം 5-0 ന് ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ലങ്കന്‍ മണ്ണില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. 2010ല്‍ സ്വന്തം മണ്ണില്‍ ആസ്‌ത്രേലിയ പാകിസ്താനെതിരെ സമ്പൂര്‍ണ ജയം നേടിയിരുന്നു.ലങ്കക്കെതിരെ കളിച്ച 11 ടിട്വന്റിയില്‍ ഏഴെണ്ണത്തിലും വിജയിക്കാന്‍ ഇന്ത്യക്കായി. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ ടിട്വന്റി വിജയമെന്ന റെക്കോഡില്‍ പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും മറികടക്കാനും ഇന്ത്യക്കായി.
2019ല്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്ന പ്രകടനം കൂടിയാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ശിഖാര്‍ ധനാവും രോഹിത് ശര്‍മയും ഓപണിങില്‍ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനമാണ് ലങ്കന്‍ പര്യടനത്തിലുടെനീളം പുറത്തെടുത്തത്. ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 48 ശരാശരിയില്‍ 302 റണ്‍സാണ് രോഹിതിന്റെ സ്മ്പാദ്യം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വീരോജിത ബാറ്റിങിനൊപ്പം മധ്യനിരയില്‍ കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുക്കുന്നതും ഇന്ത്യന്‍ പ്രതീക്ഷകളെ ഉയര്‍ത്തുന്നുണ്ട്. 330 റണ്‍സാണ് ലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ മാത്രം കോഹ്‌ലി അടിച്ചെടുത്തത്. ബൗളിങില്‍ വിശ്രമത്തിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബൂംറ മികച്ച പ്രകടനമാണ് ലങ്കന്‍ പരമ്പരയില്‍ പുറത്തെടുത്തത്. അഞ്ച് ഏകദിനത്തില്‍ നിന്ന് 15 വിക്കറ്റുകളാണ് ബൂംറ അക്കൗണ്ടിലാക്കിയത്.
എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനി എതിരാളികളായെത്തുന്നത് കരുത്തരായ ആസ്‌ത്രേലിയയും ന്യൂസിലന്‍ഡുമാണ്. ഈ വര്‍ഷം തുടക്കത്തില്‍ ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് വിജയം കൊണ്ട് ഇന്ത്യക്ക് മറുപടിയാന്‍ ഉറച്ചാവും സ്റ്റീവ് സ്മിത്തും സംഘവും ഇന്ത്യയിലേക്ക് വണ്ടികയറുക. ഈ മാസം 17നാണ് ഇന്ത്യ- ആസ്‌ത്രേലിയ പരമ്പര ആരംഭിക്കുന്നത്.

്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss