|    Sep 21 Fri, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സന്തോഷ് ട്രോഫി ഫൈനല്‍ നോര്‍ത്ത് ഈസ്റ്റിലേക്ക്

Published : 24th January 2017 | Posted By: fsq

 

മഞ്ചേരി: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കേരളത്തില്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മിസോറം, മേഘാലയ തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്കാവും ഇത്തവണ ചാംപ്യന്‍ഷിപ്പ് ലഭിക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മാര്‍ച്ചില്‍ നടക്കുന്ന എഐഎഫ്എഫ് യോഗത്തിന് ശേഷമാവും ഉണ്ടാവുക.  കോഴിക്കോട് നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളം യോഗ്യത നേടിയതോടെ ഇവിടെത്തന്നെ ഫൈനല്‍ റൗണ്ടും നടത്തണമെന്ന് കെഎഫ്എയില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അവസരം ലഭിക്കാത്ത നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ അഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് കേരളത്തിന്റെ സാധ്യതക്ക് മങ്ങലേറ്റത്. കേരളത്തിന് സാധ്യതയില്ലെന്ന് കെഎഫ്എ സെക്രട്ടറി പി അനില്‍കുമാറും പറഞ്ഞു. 2013ല്‍ കേരളം ആതിഥേയരായിട്ടുണ്ട്. അതു കൊണ്ട് വീണ്ടുമൊരു മേള ലഭിക്കാന്‍ സാധ്യത കുറവാണ് സെക്രട്ടറി പറഞ്ഞു. സന്തോഷ് ട്രോഫിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ വിവരം ലഭിച്ചിട്ടില്ലെന്നും  മിസോറം ഫുട്‌ബോള്‍ അസോസിയേഷന്‍(എംഎഫ്എ) പ്രസിഡന്റ് സ്വാര, സെക്രട്ടറി ലാല്‍ഗിംഗ്വോ ഹമര്‍ എന്നിവര്‍ തേജസിനോട് പറഞ്ഞു. 25,000 പേര്‍ക്കിരിക്കാവുന്ന ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയവും ലാമ്വേല്‍ സ്റ്റേഡിയവും ടൂര്‍ണമെന്റിന് യോചിച്ചതാണെന്നും എംഎഫ്എ വ്യക്തമാക്കി.  മേഘാലയന്‍ ക്ലബ്ബ് ഷില്ലോങ് ലജോങ്ങ് ടീമിന്റെ ഹോം ഗ്രൗണ്ടായ  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും  മികച്ച സൗകര്യമുണ്ട്.  ഇവിടെ 30,000 കാണികളെ  ഉള്‍ക്കൊള്ളാനാവും. മേഘാലയ, മിസോറം ടീമുകള്‍ക്ക് പുറമെ കേരളം, സര്‍വീസസ്, മഹാരാഷ്ട്ര, ഗോവ, ജാര്‍ഖണ്ഡ്, പഞ്ചാബ്, ബംഗാള്‍, റെയില്‍വേ ടീമുകളാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.   ഐ ലീഗില്‍ ഐസ്വാള്‍എഫ്‌സി, ഷില്ലോങ് ലജോങ്, റോയല്‍ വാഹിങ്‌ദോ ടീമുകളുള്ള മിസോറമും മേഘാലയയും  ഫുട്‌ബോളിന് വേണ്ടി മികച്ച സൗകര്യങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. മുമ്പ് കേരളം ടെന്നീസ് സ്‌കോറിന് തോല്‍പിച്ചിരുന്ന ഈ ടീമുകള്‍ സ്റ്റാമിനയിലും പന്തടക്കത്തിലും ഇന്ന് ഏറെ മുന്നിലാണ്. അതേസമയം  കെഎഫ്എയുടെ ഭാഗത്ത് നിന്നും  കാര്യമായി സമ്മര്‍ദ്ദമുണ്ടാവാത്തതാണ്  ടൂര്‍ണമെന്റ് സംസ്ഥാനം വിടാന്‍ കാരണമായതെന്ന് ശ്രുതിയുണ്ട്.  കേരള ടീമിന്റെ പ്രകടനം ആശാവഹമല്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഒരു പരീക്ഷണത്തിന് മുതിരാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലത്രെ. ഇതിനൊപ്പം ടൂര്‍ണമെന്റിന്റെ ഉത്തരവാദിത്വം  കൂടി വഹിക്കേണ്ടി വരുമെന്നതും അധികൃതരെ അലട്ടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss