|    Oct 19 Fri, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സന്തോഷ് ട്രോഫി: കേരളം ഫൈനല്‍ റൗണ്ട് യോഗ്യത നേടി

Published : 10th January 2017 | Posted By: fsq

 

കോഴിക്കോട്: സന്തോഷ് ട്രോഫിയുടെ ദക്ഷിണമേഖലാ എ ഗ്രൂപ്പില്‍ നിന്നും ആതിഥേയരായ കേരളം യോഗ്യത നേടി. മൂന്നുകളികളില്‍ നിന്ന് ഏഴുപോയിന്റോടെയാണ് വി പി ഷാജിയുടെ കുട്ടികള്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. ഇന്നലെ കര്‍ണാടകയുമായി നടന്ന അവസാന മല്‍സരത്തില്‍ ഗോള്‍ രഹിത സമനില പാലിക്കുകയായിരുന്നു. കഴിഞ്ഞ തവണ കേരളം യോഗ്യത നേടിയിരുന്നില്ല. 1973, 92, 93, 2000, 2004 തുടങ്ങി അഞ്ചു തവണ കേരളം  ചാംപ്യന്മാരായിട്ടുണ്ട്. നേരത്തെ ആന്ധ്രാപ്രദേശിനേയും പോണ്ടിച്ചേരിയേയും തോല്‍പിച്ചിരുന്ന കേരളം ഇന്നലെ കാണികളെ തീര്‍ത്തും നിരാശരാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ കളികളില്‍ നിന്നു വ്യത്യസ്തമായി അവസരങ്ങള്‍ പാഴാക്കുന്നതാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ കണ്ടത്. തുടക്കത്തില്‍ കര്‍ണാടകയാണ് മുന്നേറിയതെങ്കിലും പിന്നീട് പതിയെ മല്‍സരത്തിലേക്ക് തിരിച്ചുവന്ന കേരളത്തിന് പക്ഷേ അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാനായില്ല. ഒരു ചുവപ്പ് കാര്‍ഡും അഞ്ച് മഞ്ഞക്കാര്‍ഡും പുറത്തെടുത്തപ്പോള്‍ കളിയുടെ നിലവാരം കുറഞ്ഞു. കര്‍ണാടക പരുക്കനടവിലൂടെയാണ് കേരള താരങ്ങളെ വരുതിയിലാക്കിയത്. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്ന ആതിഥേയര്‍ കടുത്ത സമ്മര്‍ദ്ദവും നേരിട്ടു. ഒരു മികച്ച ഷോട്ടു പോലും കര്‍ണാടക ഗോളിയെ തേടിയെത്തിയിരുന്നില്ല. ജോബിജസ്റ്റിനെ വീഴ്ത്തിയതിന് അരുണ്‍ പാണ്ഡെക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയ ശേഷമാണ് പരുക്കന്‍ കളി കുറച്ചെങ്കിലും മാറിയത്. ജിഷ്ണുവും ഉസ്മാനും അവസരങ്ങള്‍ പാഴാക്കുന്നതില്‍ മല്‍സരിക്കുകയായിരുന്നു. രണ്ടാംപകുതിയിലും കാര്യമായ മാറ്റമുണ്ടായില്ല. 47ാം മിനിറ്റില്‍ അസറുദ്ദീന്റെ കൃത്യമാര്‍ന്ന പാസ് ഷഹല്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ദുര്‍ബല ഷോട്ട് ഗോള്‍കീപ്പര്‍ പിടിക്കും മുമ്പ് പ്രതിരോധനിര ഒഴിവാക്കി. ഇതിനിടെ കര്‍ണാടക ഒരു മുന്നേറ്റം കണ്ടു.  ലൂസ് ബോളില്‍ ആന്റോ സേവ്യര്‍ ഉതിര്‍ത്ത ദുര്‍ബല ഷോട്ട് ഭാഗ്യത്തിനാണ് കീപ്പര്‍ക്ക് ലഭിച്ചത്.  കര്‍ണാടകയുടെ മറ്റൊരു മുന്നേറ്റം തടയാന്‍ ലിജോ നല്‍കിയ മൈനസ് പാസ് ഗോള്‍കീപ്പര്‍ മിഥുന്‍ ഡൈവ് ചെയ്ത് പിടിച്ചതോടെയാണ് കേരളത്തിന്റെ ശ്വാസം നേരെ വീണത്. 10 പേരായി കുറഞ്ഞിട്ടും കര്‍ണാടകയുടെ മുന്നേറ്റത്തിന് മാറ്റമുണ്ടായിരുന്നില്ല. അതേസമയം ഗോളടിക്കാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയ കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഓഫ് സൈഡിന് വിസിലടിച്ചിട്ടും പന്തടിച്ച ക്യാപ്റ്റന്‍ പി ഉസ്മാന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഉടന്‍ തന്നെ കര്‍ണാടക ക്യാപ്റ്റന്‍ വിഗ്നേഷിനും മുന്നറിയിപ്പ് കാര്‍ഡ്  ലഭിച്ചു. അവസാന നിമിഷം ഉസ്മാന്റെ പാസ് സീസണ്‍ കണക്ട് ചെയ്‌തെങ്കിലും ദുര്‍ബല ഷോട്ട് തന്നെയായി. ഇതിനിടെ കേരളത്തിന്റെ നെറ്റോ ബെന്നിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. മുന്നേറ്റനിരക്ക് പന്തെത്തിക്കാന്‍ മിഡ്ഫീല്‍ഡിനോ ഇവര്‍ക്ക് കൃത്യമായ പാസ് നല്‍കാന്‍ പ്രതിരോധ നിരക്കോ കഴിഞ്ഞിരുന്നില്ല. ആന്ധ്രാപ്രദേശും പോണ്ടിച്ചേരിയും ഗോളടിക്കാതെ തുല്യത പാലിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss